മലയാള സിനിമയിലെ സ്ത്രീകളുടെ സുരക്ഷയ്ക്ക് വനിതാ ‘കരിമ്പൂച്ച’കള്‍ വരുന്നു

 

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണ്. നടി ആക്രമിക്കപ്പെട്ടതിനു ശേഷം മലയാള സിനിമയിലെ വനിതകള്‍ ചേര്‍ന്ന് വുമണ്‍ കളക്ടീവ് ഇന്‍ സിനിമയെന്ന പുതിയ സംഘടന രൂപീകരിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസ് ഉള്‍പ്പെടെ പല വിഷയങ്ങളിലും ഡബ്ല്യുസിസി ഇടപെടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ സിനിമയിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി പുതിയൊരു ആശയത്തിനു കൂടി തുടക്കമാവുകയാണ്. ഈ പുതിയ നീക്കം സിനിമയിലെ വനിതകള്‍ക്ക് ആത്മവിശ്വാസവും കൂടുതല്‍ പ്രതീക്ഷയും നല്‍കുന്നതാണ്. സൂപ്പര്‍ താരങ്ങള്‍ക്കും വിഐപിക്കും ഒരുക്കുന്ന തരത്തില്‍ സിനിമയിലെ വനിതകള്‍ക്കും കരിമ്പൂച്ചകളെ (ബ്ലാക് ക്യാറ്റ്സ്) ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു കഴിഞ്ഞു. മാക്ട ഫെഡറേഷന്‍ ഫൈറ്റേഴ്സ് യൂണിയനാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്.

സിനിമയിലെ വനിതകള്‍ക്ക് സുരക്ഷയൊരുക്കുന്നതും പെണ്‍ കരിമ്പൂച്ചകളായിരിക്കുമെന്നതാണ് ഹൈലൈറ്റ്. വീട്ടില്‍ നിന്നും ഷൂട്ടിങ് സെറ്റുകളിലേക്കും തിരിച്ചും ഇവര്‍ സുരക്ഷയൊരുക്കും. ആയോധന കലകള്‍ അറിയുന്ന 100 പേര്‍ ഇതിനകം കരിമ്പൂച്ചകളാവാന്‍ തയ്യാറാണെന്ന് അറിയിച്ച് രംഗത്തുവന്നിട്ടുണ്ട്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നടിമാര്‍ അടക്കമുള്ള സ്ത്രീകള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് കരിമ്പൂച്ചകളെ വിട്ടുനല്‍കും. കൊച്ചിയില്‍ വച്ച് നടി ആക്രമിക്കപ്പെട്ട സംഭവമാണ് ഇത്തരമൊരു തീരുമാനത്തിലേക്കു തങ്ങളെ നയിച്ചതെന്നു മാക്ട ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര വ്യക്തമാക്കി.

ആയോധനകലകളായ കളരി, ജൂഡോ, കരാട്ടെ എന്നിവ മാത്രമല്ല ഡ്രൈവിങ് കൂടി അറിയുന്ന സ്ത്രീകളെയാണ് കരിമ്പൂച്ചകളായി രംഗത്തിറക്കുക. ഷൂട്ടിങിനെത്തുന്ന നടിമാര്‍ ഹോട്ടല്‍ മുറിയിലാണ് തങ്ങുന്നതെങ്കില്‍ കരിമ്പൂച്ചകള്‍ മുറിക്കു പുറത്ത് കാവലൊരുക്കും. ഇതു സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാക്ട കണക്കുകൂട്ടുന്നു.

വനിതാ കരിമ്പൂച്ചകളെ തിരഞ്ഞെടുക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ കൂടിയുണ്ട്. കരാട്ടയില്‍ ബ്ലാക്ബെല്‍റ്റെങ്കിലും നേടിയ സ്ത്രീകള്‍ക്കു മാത്രമേ അംഗങ്ങളാവാന്‍ സാധിക്കുകയുള്ളൂ. ഫൈറ്റേഴ്സ് യൂണിയന്‍ ഒരുക്കുന്ന ആറു മാസത്തെ പരിശീലനം കൂടി ഇവര്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഫൈറ്റേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍ ശങ്കര്‍, വനിതാ ഫൈറ്റ് മാസ്റ്റര്‍ അച്ചുവെന്ന ആശാ ഡേവിഡും ചേര്‍ന്നാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: