മലയാളി യുവാവ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്: ശിക്ഷ ഇളവ് ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച ഹര്‍ജി തള്ളി

ഡബ്‌ലിന്‍: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അയര്‍ലന്‍ഡിലെ ജയിലില്‍ കഴിയുന്ന മലയാളിയായ ദിലീഷ് സോമന്‍ ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. അയര്‍ലന്‍ഡില്‍ മെച്ചപ്പെട്ട ജീവിതം നയിച്ചിരുന്നതിനാല്‍ ജയിലില്‍ ഇയാള്‍ക്ക് ഏറെ ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്നുണ്ടെന്നും ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യകുറവും കണക്കിലെടുത്ത് ശിക്ഷ ഇളവ് ചെയ്യണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ആറ് വര്‍ഷമായി അയര്‍ലന്‍ഡിലെത്തി ജോലി നോക്കുന്ന ദിലീഷിന്റെ സംസ്‌കാരം അയര്‍ലന്‍ഡിലെ സംസ്‌കാരവുമായി യോജിച്ചു പോകുന്നതല്ലെന്ന് ജസ്റ്റിസ് എഡ്‌വാര്‍ഡ് പറഞ്ഞു. ഇയാള്‍ക് ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമില്ലെങ്കിലും അത്യാവശ്യം ഭാഷ പ്രയോഗിക്കാനും അതിലൂടെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും കഴിയുമെന്നും കോടതി വിലയിരുത്തി. മാത്രവുമല്ല ചെയ്ത കുറ്റത്തില്‍ ഇയാള്‍ക്കൊട്ടും പശ്ചാത്താപമില്ലെന്നും ഇരയെ കുറ്റപ്പെടുത്തുകയാണ് ഇയാള്‍ ചെയ്തതെന്നും കോടതി നിരീക്ഷിച്ചു. കേസുമായി ഇയാള്‍ ഒട്ടും സഹകരിക്കുകയും ചെയ്തിരുന്നില്ല. അതിനാല്‍ യാതൊരു തരത്തിലും ശിക്ഷയില്‍ ഇളവ് ചെയ്ത് നല്‍കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എഡ്‌വാര്‍ഡ്‌സ്, ജസ്റ്റിസ് ഗാരറ്റ് ഷീഹാന്‍, ജസ്റ്റിസ് അലന്‍ മാഹോന്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി തള്ളിയത്.

2013 നവംബര്‍ 11 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഡ്രാഫ്റ്റ് ഡോട്ട് ഐഇ എന്ന പ്രോപ്പര്‍ട്ടി വെബ്സൈറ്റില്‍ റൂം ഷെയറിനായി ആളെ ആവശ്യമുണ്ടെന്നു കാട്ടി പരസ്യം നല്‍കിയ കോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയെ റൂം കാണാനെത്തിയ ദിലീഷ് സോമന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. റൂം കാണാനെത്തിയപ്പോള്‍ തന്നെ ഇയാള്‍ക്ക് റൂം എടുക്കുന്നതില്‍ താത്പര്യമില്ലെന്ന് മനസിലായിരുന്നതായും അതുകൊണ്ട് അയാളെ അപ്പോള്‍ തന്നെ ഒഴിവാക്കാനും 30 കാരിയായ യുവതി ശ്രമിച്ചിരുന്നെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. അപ്പാര്‍ട്ട്മെന്റിലെ ബെഡ്റൂമില്‍ കയറിയ ദിലീഷ് റൂമിനുള്ളില്‍ മോശം എനര്‍ജിയാണ് ഉള്ളതെന്നും തുടര്‍ന്ന് കൈമുട്ട്, കാല്‍പാദം, വയര്‍, കാല്‍മുട്ട് എന്നിവിടങ്ങള്‍ എന്നീ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ തന്നോട്ട് ആവശ്യപ്പെടുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ ഭയന്ന യുവതി തനിക്കിതിലൊന്നും താല്‍പ്പര്യമില്ലെന്ന് ആവര്‍ത്തിച്ചു ഇയാളോട് പറഞ്ഞു. പിന്നീട് ഇയാള്‍ തന്റെ ശരീരത്ത് സ്പര്‍ശിച്ചുവെന്നും യുവതി മൊഴി നല്‍കിയിരുന്നു. അശ്ലീല ഭാഷയില്‍ തന്നോട് സംസാരിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്. യുവതി നിലവിളിച്ചതോടെയാണ് അയാള്‍ അവരെ വിട്ടത്. തന്നെ ബലമായി ചുംബിക്കുകയും തന്റെ തലയില്‍ നിന്ന് മുടി പിഴുതെടുത്ത് അയാളുടെ പഴ്സില്‍ വച്ചുവെന്നും യുവതി വെളിപ്പെടുത്തി. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനി ഗാര്‍ഡയ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

2015 ഫെബ്രുവരി 20നാണ് നാല് വര്‍ഷം തടവിന് ദിലീഷിനെതിരെ ശിക്ഷ വിധിച്ചത്. പ്രതി വിവാഹിതനാണെന്നും അതിനാല്‍ ശിക്ഷയ്ക്ക് ഇളവു നല്‍കണമെന്നും പ്രതിഭാഗം വക്കീല്‍ വ്യക്തമാക്കിയെങ്കിലും ചെയ്ത തെറ്റിന്റെ ഗൗരവം പരിഗണിച്ച് കോടതി ഇവരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. പിന്നീട് ആകെയുള്ള നാലു വര്‍ഷത്തില്‍ ഒരു വര്‍ഷം കോടതി ഇളവു നല്‍കിയിരുന്നു. കോര്‍ക്കിലെ പിസ്സാ ഡെലിവറി യൂണിറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍.

മലയാളി യുവാവ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസ് അയര്‍ലണ്ടിലെ മലയാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു.

Share this news

Leave a Reply

%d bloggers like this: