മലയാളിയായ അഭിലാഷ് ടോമിക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ നാവികസേനാ പുരസ്‌കാരം

ന്യൂഡല്‍ഹി: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ നാവികസേനാ പുരസ്‌കാരം മലയാളിയായ അഭിലാഷ് ടോമിക്ക്. പായ്വഞ്ചിയില്‍ കടലിലൂടെ സാഹസിക യാത്രകള്‍ നടത്തി രാജ്യാന്തര ശ്രദ്ധ നേടിയ അബിലാഷ് ടോമിയുടെ സാഹസികത പരിഗണിച്ചാണ് പുരസ്‌കാരം.

ഈയടുത്ത് ഗോള്‍ഡന്‍ ഗ്ലോബ് പായ്വഞ്ചി പ്രയാണത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പ്പെട്ട അഭിലാഷ് ടോമി ചികിത്സയില്‍ കഴിയുകയാണ്. അതിനിടെയാണ് രാഷ്ട്രപതിയുടെ പുരസ്‌കാരം തേടിയെത്തിയിരിക്കുന്നത്. പായ്വഞ്ചിയില്‍ ഒറ്റയ്ക്ക് ലോകംചുറ്റിയ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ് ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശിയായ അഭിലാഷ്. തുരീയ എന്ന പായ്വഞ്ചിയിലാണ് അഭിലാഷ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് പ്രയാണം നടത്തിയത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഓസ്ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3300 കിലോമീറ്റര്‍ അകലെ അഭിലാഷിന്റെ പായ്വഞ്ചി അപകടത്തില്‍പ്പെട്ടു.

റേസിനിടെ അതിശക്തമായ കാറ്റില്‍ 14 മീറ്ററോളം ഉയര്‍ന്ന തിരമാലയില്‍പ്പെട്ട് അഭിലാഷിന്റെ പായ്വഞ്ചി തകര്‍ന്നു. പായ്മരം വീണ് അഭിലാഷിന്റെ നടുവിന് പരിക്കേറ്റു. അനങ്ങാന്‍പോലും കഴിയാതെ കടലില്‍ ഒറ്റപ്പെട്ടുപോയ അഭിലാഷ് അദ്ഭുതകരമായാണ് രക്ഷപെട്ടത്. കേരളത്തിലുണ്ടായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സേനാംഗങ്ങള്‍ക്കും പുരസ്‌കാരം ലഭിച്ചു. കമാന്‍ഡര്‍ വിജയ് വര്‍മ, സെയ്ലര്‍ പ്രേമേന്ദ്ര കുമാര്‍ എന്നിവര്‍ക്ക് നാവികസേന പുരസ്‌കാരം ലഭിച്ചു. ഗരുഡ് കമാന്‍ഡോ പ്രശാന്ത് നായര്‍ക്ക് വായുസേനയുടെ മെഡലും മേജര്‍ ആര്‍ ഹേമന്ദ് രാജിന് കരസേനയുടെ വിശിഷ്ട സേവ മെഡലും ലഭിച്ചു.

Share this news

Leave a Reply

%d bloggers like this: