സെക്കന്‍ഡ് ലെവല്‍ വിദ്യാഭ്യാസ പരിഷ്‌കരണം ഉടന്‍

ഡബ്ലിന്‍: രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ പരിഷ്‌കാരങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. ഐറിഷ് സ്‌കൂളുകളില്‍ ഗുണമേന്മയുള്ള അധ്യാപകരെ വാര്‍ത്തെടുത്ത് ഈ മേഖലയില്‍ ശുദ്ധീകരണം നടത്താനുള്ള തയ്യാറെടുപ്പുകള്‍ക്ക് മന്ത്രി റിച്ചാര്‍ഡ് ബ്രെട്ടന്റെ പച്ചക്കൊടി. ഐറിഷ് സ്‌കൂളുകളില്‍ അനദ്ധ്യാപകര്‍ അദ്ധ്യാപനം നടത്തുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുര്‍ന്നാണ് ഈ നടപടി.

സ്‌കൂളുകളില്‍ മിഡില്‍ മാനേജ്മെന്റ് പോസ്റ്റ് എന്ന തസ്തികകളിലും കഴിവുറ്റവരെ നിയമിക്കും. ഏകദേശം ആയിരക്കണക്കിന് ഒഴിവുകളാണ് ഇത്തരത്തില്‍ നികത്താനുള്ളത്. അദ്ധ്യാപകര്‍ക്ക് സീനിയോറിറ്റി വര്‍ദ്ധിക്കുന്നതിനനുസരിച്ച് കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലികള്‍ ഏല്‍പ്പിക്കുന്ന രീതിക്ക് മാറ്റം വരും. പകരം മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്ന അധ്യാപകരെ ഇതിനായി നിയോഗിക്കും.

അദ്ധ്യാപകരുടെ സീനിയര്‍ പോസ്റ്റിലേക്കുള്ള പ്രമോഷനുകള്‍ ഇനിമുതല്‍ അവരുടെ പെര്‍ഫോമന്‍സ് അനുസരിച്ച് ആയിരിക്കും ലഭിക്കുക. കുട്ടികളെ സൂപ്പര്‍വൈസ് ചെയ്യേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചുള്ള പുതിയ ഗൈഡന്‍സും ഇറക്കും. മിഡില്‍ മാനേജ്മെന്റ് തസ്തികകളില്‍ 3769 യൂറോ മുതല്‍ 8520 യൂറോ വരെയായിരിക്കും ശമ്പള നിരക്ക്.

അദ്ധ്യാപകരുടെ സര്‍വീസ് കാലയളവിനേക്കാള്‍ അവരുടെ മികച്ച മാതൃകകള്‍ക്കും പ്രകടനങ്ങള്‍ക്കും ആയിരിക്കും പ്രാധാന്യം നല്‍കുക. ബോധന രീതിയിലെ മികവിന് അനുസരിച്ച് പ്രമോഷനും ശമ്പളവും വര്‍ധിക്കും. അന്താരാഷ്ട്രതലത്തില്‍ ഐറിഷ് വിദ്യാര്‍ഥികള്‍ വേണ്ടത്ര നിലവാരം പുലര്‍ത്തുന്നില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ പരിഷ്‌കാരം.

ഉപരിപഠനത്തിന് ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ബുദ്ധിമുട്ടേറുന്നത് അടിസ്ഥാന വിഷയങ്ങളില്‍ വേണ്ടത്ര അറിവ് നേടാന്‍ കഴിയാത്തതിനാലാണെന്ന് ചില പഠന കമ്മിറ്റികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അയര്‍ലണ്ടിലെ അദ്ധ്യാപകരില്‍ നല്ലൊരു ശതമാനം വിദേശരാജ്യങ്ങളില്‍ അദ്ധ്യാപകരായി തുടരുകയാണ്. ലോകത്ത് ഏറ്റവും നല്ല അദ്ധ്യാപകര്‍ക്ക് പ്രശസ്തിയാര്‍ജ്ജിച്ച അയര്‍ലണ്ടില്‍ കഴിവുറ്റ അദ്ധ്യാപകരുടെ കുറവ് വിദ്യാഭ്യാസ മേഖലയെ താളം തെറ്റിക്കുന്നു.

പുതുമയാര്‍ന്ന അവതരണ ബോധന രീതികള്‍ ഇന്ത്യന്‍ അദ്ധ്യാപകര്‍ക്ക് എളുപ്പത്തില്‍ വഴങ്ങുമെന്നതിനാല്‍ ഈ അവസരങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയും. അടുത്തിടെ നടപ്പില്‍ വരാനിരിക്കുന്ന ഈ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ ഏതാണ്ട് ഇന്ത്യന്‍ വിദ്യാഭ്യാസ പദ്ധതികളുമായി സാമ്യത പുലര്‍ത്തുന്നതാണ്.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: