മലയാളികള്‍ അവഗണിക്കപ്പെടുന്നോ ? ഇന്ത്യന്‍ സര്‍ക്കാരിന് കേരളം പ്രളയബാധിത സംസ്ഥാനമല്ലെന്ന് വാര്‍ത്ത

പ്രളയക്കെടുതിയുടെ തീരാദുരിതങ്ങള്‍ തുടരുന്നതിനിടെ കേരളത്തിനുമേല്‍ മറ്റൊരു പ്രഹരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ പട്ടികയിലാണ് കേരളം അവഗണിക്കപ്പെട്ടത്. പ്രളയ ബാധിത സംസ്ഥാനമായി പരിഗണിക്കാതെ കേരളത്തെ ബി കാറ്റഗറിയില്‍ പെടുത്തിയത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിടുകയാണ്. ഒരു പദ്ധതിക്ക് കേന്ദ്ര വിഹിതം 90 ശതമാനത്തോളം ലഭിക്കണമെങ്കില്‍ അത്തരം സംസ്ഥാനങ്ങള്‍ എ കാറ്റഗറിയില്‍ പെടേണ്ടതുണ്ട്. കഴിഞ്ഞ മാസം കേരളത്തില്‍ ഉണ്ടായ പ്രളയ കെടുതിയെ തുടര്‍ന്ന് കേരളത്തെ പ്രളയ ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇത്തരം സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ കേന്ദ്ര വിഹിതത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച 2019-20 വര്‍ഷത്തെ പോലീസ് നവീകരണ പദ്ധതിക്ക് കേരളത്തിന് വേണ്ടി വലയിരുത്തിയിരിക്കുന്നത് 26.85 കോടി രൂപയാണ്. പ്രസ്തുത പദ്ധതി പ്രകാരം കേന്ദ്രം 16.11 കോടി നല്‍കുമ്പോള്‍, കേരളം 10.74 കോടി രൂപ സമാഹരിക്കേണ്ടതുണ്ട്. നിലവില്‍ കേരളത്തിന് ഇത് താങ്ങാവുന്നതല്ല. പ്രളയത്തിന് ശേഷമുള്ള കേരള പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 5000 കോടിയോളം കേരള സര്‍ക്കാര്‍ ബാധ്യത നേരിടുമ്പോള്‍ മറ്റൊരു വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

കേരളത്തെ എ കാറ്റഗറിയില്‍ പെടുത്താന്‍ ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായപ്പോള്‍ കേന്ദ്ര നേതൃത്വം അതിന് വഴങ്ങിയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള രാഷ്ട്രീയ അന്തരം കേരളത്തിന് വേണ്ടിയുള്ള പദ്ധതി പ്രഖ്യാപനത്തിലും നിഴലിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. സംസ്ഥാനത്തെ പ്രളയക്കെടുതി നേരിട്ട് സന്ദര്‍ശിച്ച് മനസിലാക്കിയ നരേന്ദ്ര മോഡി സര്‍ക്കാര്‍ കേരളത്തെ പ്രളയബാധിത സംസ്ഥാന പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തയാറാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അന്തിമ പട്ടികയില്‍ കേരളത്തെ അവഗണിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായത്. പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ധനസമാഹരണം നടത്താന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്താനിരുന്ന വിദേശയാത്രയ്ക്കും കേന്ദ്രസര്‍ക്കാര്‍ തടയിട്ടിരുന്നു.

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: