മലയാളികളടക്കം 8പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ വിചാരണ തുടങ്ങി

 

കോട്ടയം സ്വദേശികളായ രണ്ടുപേരടക്കം എട്ട് ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണക്കാരായ ഡ്രൈവര്‍മാരുടെ വിചാരണ ആരംഭിച്ചു. എയില്‍സ്ബറി ക്രൗണ്‍ കോടതിയില്‍ വെള്ളിയാഴ്ചയാണ് വിചാരണ തുടങ്ങിയത്. സംഭവത്തില്‍ പിടിയിലായ പോളണ്ട് സ്വദേശി റിസാര്‍ഡ് മസിയേറാ (31), ബ്രിട്ടിഷ് പൗരന്‍ ഡേവിഡ് വാഗ്സ്റ്റാഫ് (51) എന്നിവരെ കോടതിയില്‍ ഹാജരാക്കി. അപകടകരമായി വാഹനമോടിച്ച് മരണത്തിന് കാരണമായതിനും ഗുരുതരമായ പരിക്കുകള്‍ ഏല്‍പ്പിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസുകള്‍ എടുത്തിരിക്കുന്നത്.

തങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന 12 ചാര്‍ജുകളില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ഇവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വാഗ്സ്റ്റാഫ് തനിക്കെതിരായി ചുമത്തിയ അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിന് കാരണമായതിനെതിരെ എട്ട് കൗണ്ടുകളും അശ്രദ്ധമായ ഡ്രൈവിംഗിന് ചുമത്തിയ നാല് കൗണ്ടുകളും പന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇയാള്‍ വിചാരണ നേരിടേണ്ടി വരുമെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഫെബ്രുവരി 26 മുതല്‍ കോടതി കേസില്‍ തുടര്‍വാദം കേള്‍ക്കും. അപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കള്‍ കോടതിയില്‍ എത്തിയിരുന്നു.

അമിതമായി മദ്യപിച്ചതിനും കേസുള്ള മസിയേറായെ കസ്റ്റഡിയില്‍ വിട്ട കോടതി, വാഗ്സ്റ്റാഫിനു ജാമ്യം അനുവദിപിച്ചിരുന്നു. എം1 മോട്ടോര്‍വേയില്‍ മില്‍ട്ടണ്‍ കെയിന്‍സിനു സമീപം ഒരേദിശയില്‍ മിനി ബസും രണ്ടു ട്രക്കുകളും കൂട്ടിയിടിച്ചായിരുന്നു അപകടം. പാലാ ചേര്‍പ്പുങ്കല്‍ കടുക്കുന്നേല്‍ സിറിയക് ജോസഫ് (ബെന്നി50), വിപ്രോയില്‍ എന്‍ജിനീയറായ കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് ഇരുമ്പപ്പുഴ സ്വദേശി ഋഷി രാജീവ് (27) എന്നിവരാണു മരിച്ച മലയാളികള്‍. മിനിബസ് ഓടിച്ചിരുന്നത് സിറിയക് ജോസഫ് ആയിരുന്നു. അപകടത്തിനിരയായ വാനിലേക്ക് പ്രതികള്‍ ഓടിച്ചിരുന്ന ലോറികള്‍ ഇടിച്ചു കയറുകയായിരുന്നു. ഇവരില്‍ ഒരാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. വിപ്രോയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമായി വിനോദയാത്ര പോയതായിരുന്നു സംഘം. മരിച്ച മറ്റുള്ളവര്‍ തമിഴ്‌നാട്ടുകാരാണ്. നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: