മലയാളത്തിന്റെ വിദ്യാരംഭവും മെറിറ്റ് ഈവനിങ്ങും പ്രൗഢഗംഭീരമായി…

അയര്‍ലണ്ടിലെ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ ആഭിമുഖ്യത്തില്‍ താലാ സയന്റോളജി ഓഡിറ്റോറിയത്തില്‍ വിജയദശമി ദിവസം നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ വെച്ച് മലയാള ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. എഴുമറ്റൂര്‍ രാജരാജ വര്‍മ്മ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കി.
മംഗളാ രാജേഷ് ദേവീസ്തുതി ആലപിച്ചു.

തദവസരത്തില്‍ വെച്ച് ജൂനിയര്‍ സെര്‍ട് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ അമ്മാനുവേല്‍ ഏലിയാസ്, തീര്‍ത്ഥ രാജേഷ്, തേജാ റോസ് ടിജോ എന്നീ കുട്ടികളെയും, ലീവിങ് സെര്‍ട് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കാര്‍ത്തിക് ഉണ്ണികൃഷ്ണന്‍, ഹണി ജോസ്, ജോസഫ് സിബി, ഓസ്റ്റിന്‍ ഷാജി, അന്നാ ജോസഫ് എന്നീ കുട്ടികളെയും മലയാളം പ്രത്യേകം രൂപകല്‍പന ചെയ്ത മെമെന്റോ നല്‍കി ആദരിച്ചു. പ്രസിഡന്റ് മനോജ് മെഴുവേലിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഡോ. എഴുമറ്റൂര്‍ രാജരാജ വര്‍മ്മ മുഖ്യ പ്രഭാഷണം നടത്തി. ശ്രീ. റോജി എം ജോണ്‍ എം എല്‍ എ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സപ്താ രാമന്‍ നമ്പൂതിരിയുടെ ഭരതനാട്യവും, രാജ്നന്ദിനി, സ്വരാ രാമന്‍ നമ്പൂതിരി, ഗ്രേസ് ബെന്നി എന്നിവരുടെ കവിതകളും ചടങ്ങിനു മാറ്റു കൂട്ടി.

ചടങ്ങില്‍ വെച്ച് അനു റേച്ചല്‍ മാത്യു രചിച്ച ‘സ്വപ്നം’ എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനകര്‍മം ഡോ. എഴുമറ്റൂര്‍ രാജരാജ വര്‍മ്മ നിര്‍വഹിച്ചു. കമ്മിറ്റി മെമ്പറും സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലറുമായ ബേബി പെരേപ്പാടന്‍ ഡോ. എഴുമറ്റൂര്‍ രാജരാജ വര്‍മ്മക്കു മലയാളത്തിന്റെ വക പ്രത്യേക ഉപഹാരം നല്‍കി. സെക്രട്ടറി അനീഷ് കെ ജോയി സ്വാഗതവും, ട്രെഷറര്‍ ജോജി എബ്രഹാം നന്ദിയും പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: