മലയാളം മറക്കുന്ന പ്രവാസി മലയാളി- ഒരു തിരിഞ്ഞ് നോട്ടം

മലയാളി മലയാളം മറക്കുന്നുവോ? പ്രവാസജീവിതത്തില്‍ മലയാളം ഹോമിയ്ക്കപ്പെടുകയാണോ? മലയാളം പഠിയ്ക്കാനും, പറയാനും, എഴുതാനും വായിയ്ക്കാനും ഒക്കെ മലയാളി എന്ന് ഊറ്റംകൊള്ളുന്നവര്‍ ഇന്ന് മടിയ്ക്കുന്നു. വിദ്യാഭ്യാസത്തിനായും ജീവനോപാധിയ്ക്കു വേണ്ടിയായാലും ജന്മനാടു വിട്ടു പുറത്തു താമസിക്കുന്ന മലയാളി എന്നും ആദ്യം ശ്രദ്ധിയ്ക്കുന്നതു താന്‍ താമസിയ്ക്കുന്ന സ്ഥലവുമായി ഒത്തുപോകാനാണ് അതുകൊണ്ടു തന്നെ പ്രവാസി തലമുറകള്‍ മാതൃഭാഷയുടെ അറിവില്ലായ്മയാല്‍ നിസ്സഹായവസ്ഥയിലാണെന്ന് പറയാതെ വയ്യ. സ്വദേശവും മാതൃഭാഷയും അന്യമായിത്തീരുമ്പോഴും മനസ്സുകൊണ്ടു മലയാളിയായിത്തന്നെ ജീവിയ്ക്കുന്ന അവസ്ഥയാണ് ഇന്ന് പല മലയാളി തലമുറകള്‍ക്കും. ഇത്തരം ചിന്തകള്‍ നമ്മെ ശരിയ്ക്കും ഒരവലോകനത്തിനു തയ്യാറെടുപ്പിയ്ക്കുകയാണ്.

പ്രവാസികളുടെ കുട്ടികള്‍ക്ക് മിക്കവാറും ഏറ്റവും വിഷമമുള്ള വിഷയങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു മലയാളം. വിദ്യാഭ്യാസം എന്നതിന്റെ ഒരേ ഒരു ലക്ഷ്യം സാമ്പത്തികനേട്ടവും ജീവിതവിജയവുമെന്ന തെറ്റിദ്ധാരണയാവണം നമ്മുടെ കുട്ടികളെ മാതൃഭാഷ വേണ്ട എന്നു വച്ചു മറ്റുഭാഷകള്‍ പഠിക്കാന്‍ നാം നിര്‍ബന്ധിക്കുന്നത്. ‘സ്വന്തം അസ്തിത്വവും അടിസ്ഥാനവും തള്ളിപ്പറഞ്ഞു കൊണ്ടുള്ള ഈ പോക്കെങ്ങോട്ടേക്കാണ്?’

മലയാളം അറിയില്ലെന്നതില്‍ അഭിമാനം കൊള്ളുന്നവരും അന്യമല്ല. മലയാളിയാണെന്നവര്‍ക്കു അഭിമാനമുണ്ടു താനും.ഇവരും രഹസ്യമായെങ്കിലും തന്റെ നഷ്ടത്തില്‍ ദു:ഖിയ്ക്കാതിരിയ്ക്കില്ലെന്നതാണ് സത്യം. മലയാളം സുന്ദരമായി പറയുന്ന അന്യഭാഷക്കാരേയും പ്രവാസി കാണുന്നുണ്ട്. മറ്റു ഭാഷ പഠിക്കുന്നതോ അതില്‍ പാണ്ഡിത്യം നേടുന്നതോ തെറ്റല്ലെന്നു മാത്രമല്ല വളരെ നല്ലതുമാണ്. പക്ഷെ അതിനു, നമ്മെ അമ്മേ എന്നുവിളിക്കാന്‍ കൂട്ടായി നിന്ന ഭാഷയെ ഇല്ലായ്മ ചെയ്യണോ? കുട്ടികള്‍ ആംഗലേയ ഭാഷ മാത്രമേ സംസാരിക്കാവൂ എന്നു വാശിപിടിക്കുന്ന മാതാപിതാക്കളോട്, മലയാളം ചാനലുകള്‍ കാണരുതെന്നു വാശി പിടിക്കുന്നരോട്, , മാതൃഭാഷ എന്ന് പറഞ്ഞാല്‍ അമ്മയുടെ ഭാഷ എന്നും പറഞ്ഞുകൂടെ?

ആദ്യമായി നമുക്ക് സ്നേഹം ചുരത്തിത്തന്ന, നമ്മുടെ ആംഗ്യങ്ങള്‍ വാക്കുകളാക്കി മാറ്റി അക്ഷരവെളിച്ചത്തിലേക്ക് നമ്മെ നയിച്ച അദൃശ്യദൈവകരങ്ങള്‍. പെറ്റമ്മയേയും, പിറന്ന നാടിനെയും നമുക്ക് മറക്കാനാവുമോ? സ്നേഹത്തോടെയുള്ള മോനേ, മോളേ വിളിക്ക് പകരമായി മറ്റേതു ഭാഷ നമുക്കുവഴങ്ങും? ആദ്യമായി നാം വായിച്ച വരികള്‍ മലയാളമല്ലേ? നാമിന്നെത്ര ഭാഷാപണ്ഡിതരാണെങ്കിലും ഇതെല്ലാം പഠിക്കാന്‍ നാം ശ്രമിച്ചത് നമ്മുടെ മാതൃഭാഷ അടിസ്ഥാനമാക്കിയല്ലേ? മറ്റുഭാഷയില്‍ പ്രാവീണ്യം നേടുവാന്‍ മാതൃഭാഷ മറക്കേണ്ടതില്ല എന്നതിന് 16 ഭാഷയോളം അറിയാവുന്ന നമ്മുടെ മുന്‍പ്രധാനമന്ത്രി നരസിംഹറാവു വലിയൊരുദാഹരണമാണ്.

പിന്നെന്തേ നാമിത്ര സ്വാര്‍ത്ഥമതികളാവുന്നു എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നാമനുഭവിച്ച സ്വര്‍ഗീയസുഖങ്ങള്‍ നമ്മുടെ കുട്ടികള്‍ക്കു അന്യമാകുകയാണ്. മുത്തശ്ശിക്കഥകളിലൂടെ നാം സഞ്ചരിച്ച സ്വപ്നലോകങ്ങള്‍ അവര്‍ക്കറിയാന്‍ അവകാശമില്ലേ? നാം പാടിയ താരാട്ട് പാട്ട് പാടാന്‍, നമ്മള്‍ കണ്ടതുപോലെ ജീവിതത്തിന്റെ വൈവിധ്യത്തെ കഥകളിലൂടെ പാട്ടുകളിലൂടെ അടുത്തറിയാന്‍ അവര്‍ക്കും അവസരം കൊടുക്കേണ്ടേ?

ലോകത്താകമാനം ഏതാണ്ട് 6500ത്തിനടുത്ത് ഭാഷകളുണ്ടെന്നും അതില്‍ നമ്മുടെ മാതൃഭാഷയായ മലയാളം ആദ്യ മുപ്പതിലൊന്നാണെന്നും മനസ്സിലാക്കിയാലേ 37 മില്യണിലേറെ ജനങ്ങള്‍ സംസാരിക്കുന്ന ഈ ഭാഷയുടെപ്രാധാന്യം നമുക്കറിയാന്‍ പറ്റൂ. ഏതാണ്ട് 1100ലേറെ മലയാളം ന്യൂസ്പേപ്പറുകള്‍, 750 ലേറെ മാസികകള്‍, 250 ലേറെ ആഴ്ചപ്പതിപ്പുകള്‍ ഒരു മനുഷ്യായുസ്സ് മുഴുവന്‍ എടുത്താല്‍ വായിച്ചു തീര്‍ക്കാന്‍ കഴിയാത്തത്ര സാഹിത്യരചനകളാലും സമ്പന്നമാണ് നമ്മുടെ മലയാളം എന്ന് നാം അഭിമാനത്തോടെ മനസ്സിലാക്കണം.

മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്‍ മുതല്‍ ആദ്യ മലയാള നോവലിന്റെ കര്‍ത്താവായ ഓ ചന്തുമേനോനും, ആദ്യ മലയാള ചരിത്ര നോവലായ മാര്‍ത്താണ്ഡവര്‍മയുടെ രചയിതാവ് സി വി എന്ന ഓമനപ്പേരില്‍ നമ്മളറിയുന്ന സി വി രാമന്‍പിള്ളയും മലയാളകാവ്യത്തിന്റെ സ്വര്‍ഗീയ അരൂപിയിലേക്ക് നമ്മെ നയിച്ച ചെറുശ്ശേരി നമ്പൂതിരി, പൂന്താനം നമ്പൂതിരി, ഉണ്ണായിവാര്യര്‍, കുഞ്ചന്‍ നമ്പ്യാര്‍, ചെറിയാന്‍ മാപ്പിള, കുമാരനാശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവരും കവിതയിലെ പ്രണയവര്‍ണങ്ങളെ നമുക്കുവെളിപ്പെടുത്തിയ ചങ്ങമ്പുഴ, ഇടപ്പള്ളി, എംപി അപ്പന്‍, ഒ.എന്‍.വി കറുപ്പ്, സുഗതകുമാരി തൊട്ട് ഇങ്ങ് പെരുമ്പടവം ശ്രീധരന്‍വരെ എത്തി നില്ക്കുന്ന നമ്മുടെ മലയാളസാഹിത്യം വലിയൊരു മഹാസമുദ്രമാണ്.

മേല്‍പ്പറഞ്ഞ മഹാത്മാക്കളെ നമുക്കറിയില്ലെന്നോ അവരുടെ കൃതികള്‍ നമ്മുടെ സംസ്‌കാരത്തെ വാര്‍ത്തെടുക്കുന്നതില്‍ പങ്കുവഹിച്ചില്ലെന്നോ ഒരു മലയാളിയും പറയില്ല പിന്നെ നമുക്കെവിടെയാണ് തെറ്റുപറ്റിയത്? ഒരുപക്ഷെ അക്കരെ നില്‍ക്കുമ്പോള്‍ ഇക്കരെപ്പച്ചയാണെന്നറിയാതെ പാരമ്പര്യങ്ങളെ മറന്നുള്ള നമ്മുടെ പരക്കംപാച്ചില്‍തന്നെ. നാളെ നമ്മുടെ മാതൃഭാഷ മക്കളെ പഠിപ്പിക്കാനും അന്യനാട്ടുകാരെയോ ഒക്കെവിളിക്കേണ്ടിവരുമോ?

അമ്മയെപ്പോലെ ആത്മബന്ധം ഉള്ളതാണ് ഏതൊരാള്‍ക്കും മാതൃഭാഷ. അതിന് ജാതി, മത, ദേശ, കാലഭേദങ്ങള്‍ ഇല്ല. മലയാളിയെ സംബന്ധിച്ച് രക്തത്തില്‍ അലിഞ്ഞ വികാരമാണ് മലയാളം-സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിക്കുന്ന പ്രിയപ്പെട്ട മാതൃഭാഷ. സ്വന്തം നാട്ടില്‍ നിന്നും ഭാഷയില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും അകന്ന് വ്യത്യസ്ത സാമുഹിക-സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ ജീവിക്കുന്നവരാണ് പ്രവാസി മലയാളികള്‍. എന്റെ നാടിന്റെ സംസ്‌കാരവും മാതൃഭാഷയും എന്റെ കുട്ടികള്‍ അറിഞ്ഞിരിക്കണം എന്ന മനോഭാവം ഉണ്ടാക്കിയെടുത്താല്‍ തീരാവുന്ന പ്രശനമേ ഉള്ളു.

ഭാഷയുടെ വിവിധ വ്യവഹാരരുപങ്ങള്‍ കേട്ടും വായിച്ചും തന്റേതായ രീതിയില്‍ ആശയം മനസ്സിലാക്കുന്നതിനുള്ള കഴിവു നേടുക, സ്വന്തം ആശയങ്ങള്‍, ചിന്തകള്‍, വികാരങ്ങള്‍, ഭാവന എന്നിവ അനുയോജ്യമായ രുപത്തില്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാവുന്ന തരത്തില്‍ പറഞ്ഞും എഴുതിയും അവതരിപ്പിക്കുന്നതിനുള്ള കഴിവ് നേടുക, മലയാള ഭാഷയിലുണ്ടായ സര്‍ഗാത്മക കൃതികള്‍ വായിച്ച് ആസ്വദിക്കുന്നതും അവയില്‍ നിന്ന് സ്വാംശീകരിക്കുന്ന സംസ്‌കാരം ജീവിതത്തില്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള കഴിവ് നേടുക, മലയാളഭാഷ തന്റെ ജന്മനാടിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നു തിരിച്ചറിഞ്ഞ് അതിലൂടെ നാടിന്റെ സംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്നതിനും തന്റെ സ്വത്വബോധം വികസിപ്പിക്കുന്നതിനുള്ള കഴിവു നേടുക തുടങ്ങിയ കാര്യങ്ങളാണ് നമ്മുടെ തലമുറകളെ പരിശീലിപ്പിച്ചെടുക്കേണ്ടത്.

 

 

 

 

 

 

തുടരും ….

 

 

Share this news

Leave a Reply

%d bloggers like this: