മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിച്ചു; 1,71,038 വോട്ടിന്റെ ഭൂരിപക്ഷം; ബിജെപിക്ക് കനത്ത തിരിച്ചടി

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ജയം. 1,71,038 വോട്ടിന്റെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. 515325 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഉയര്‍ന്ന ലീഡ് വേങ്ങരയിലാണ്. കൊണ്ടോട്ടി, മഞ്ചേരി, മങ്കട, മലപ്പുറം, വള്ളിക്കുന്ന് എന്നിവിടങ്ങളിലും കനത്ത ലീഡ് നേടാനായി. കുറഞ്ഞ ലീഡ് നേടിയത് പെരിന്തല്‍മണ്ണയിലാണ്.

സ്വന്തം നിയമസഭാ മണ്ഡലമായ വേങ്ങരയിലും മലപ്പുറത്തുമാണ് കുഞ്ഞാലിക്കുട്ടിക്ക് വലിയ ലീഡ് ലഭിച്ചത്. നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ലീഡ്: വേങ്ങര (40,529) മഞ്ചേരി (22,843), മലപ്പുറം (33,281), വള്ളിക്കുന്ന് (20,692), പെരിന്തല്‍മണ്ണ (8527). മങ്കട (19,262), കൊണ്ടാട്ടി (25,904) ഇടത് സ്വാധീനമേഖലകളിലും യുഡിഎഫിനാണ് മുന്‍തൂക്കം. ലീഡ്.

2014-ല്‍ ഇ.അഹമ്മദ് നേടിയ 1.94 ലക്ഷം എന്ന ഭൂരിപക്ഷം മറികടക്കുവാന്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചില്ലെങ്കിലും അഹമ്മദ് നേടിയതിനേക്കാള്‍ 75,000-ത്തിലേറെ വോട്ടുകള്‍ അധികം പിടിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി. ഫൈസലിന് 344287 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ തവണ ഇടത് സ്ഥാനാര്‍ത്ഥിയായ പി.കെ സൈനബയ്ക്ക് ലഭിച്ചത് 2,42,984 വോട്ടുകള്‍ മാത്രമായിരുന്നു. ബിജെപി സ്ഥാനാര്‍ഥി എന്‍.ശ്രീപ്രകാശിന് 65662 വോട്ടുകളാണ് ലഭിച്ചത്. 2014 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് 64,705 വോട്ടാണ്. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് നല്‍കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ 1547 വോട്ടുകള്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥിയ ശ്രീപ്രകാശിന് ഇത്തവണ ലഭിച്ചത്. വേങ്ങരയില്‍ മാത്രം കുഞ്ഞാലിക്കുട്ടിക്ക് 40529 വോട്ടിന്റെ ഭൂരിപക്ഷം. ഇ അഹമ്മദിന്റെ പാരന്പര്യം കുഞ്ഞാലിക്കുട്ടി കാക്കുമെന്ന് ഹൈദരലി തങ്ങള്‍ പ്രതികരിച്ചു.

മലപ്പുറം ഗവ. കോളജിലാണ് വോട്ടെണ്ണല്‍. ആദ്യ അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 3000 കടന്നിരുന്നു. ഓരോ റൗണ്ട് വോട്ടെണ്ണുമ്പോഴും കുഞ്ഞാലിക്കുട്ടി ലീഡ് ഉയര്‍ത്തുന്ന കാഴ്ചയാണ് കാണുന്നത്. ഏഴു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് ആണ് മുന്നില്‍. കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തില്‍ മാത്രമായിരുന്നു എല്‍ഡിഎഫ് നേരിയ പോരാട്ടം കാഴ്ചവച്ചത്. ഇവിടെ തുടക്കത്തില്‍ എല്‍ഡിഎഫ് മുന്നിലായിരുന്നെങ്കിലും പിന്നീട് യുഡിഎഫ് തിരിച്ചു പിടിക്കുകയായിരുന്നു. 40 ശതമാനം വോട്ട് എണ്ണിയപ്പോള്‍ യുഡിഎഫിന് 55 ശതമാനം വോട്ട് നേടാന്‍ സാധിച്ചു. എല്‍ഡിഎഫ് 35 ശതമാനം, ബിജെപി 6.8 ശതമാനം എന്നിങ്ങനെയാണ് വോട്ട് നേടിയത്.

ഏഴു ഹാളുകളിലായി നിയമസഭാ മണ്ഡലം തിരിച്ചാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിയത്. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനു മറ്റൊരു ഹാളും ഒരുക്കിയിരുന്നു. മലപ്പുറം, വേങ്ങര മണ്ഡലങ്ങളുടെ ഹാളുകളില്‍ 12 മേശകള്‍ വീതവും മറ്റ് അഞ്ചു മണ്ഡലങ്ങള്‍ക്ക് 10 മേശകള്‍ വീതവും ഒരുക്കിയിട്ടുണ്ട്. 12നു മുന്‍പായി അന്തിമഫലം വരുമെന്നാണു കരുതുന്നത്. ഭൂരിപക്ഷത്തെക്കുറിച്ച് ആശങ്കയില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എല്‍ഡിഎഫ് ലീഡ് ലഭിക്കുമെന്ന് കരുതിയ സ്ഥലങ്ങളില്‍ പോലും വേണ്ടത്ര വോട്ട് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്നൂറോളം ഉദ്യോഗസ്ഥരെ വോട്ടെണ്ണലിനായി നിയോഗിച്ചിരുന്നു. എല്ലാ ഹാളിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകരുണ്ടാകും. കേന്ദ്രസേനയ്ക്കാണ് സുരക്ഷാചുമതല. ആറു സ്വതന്ത്ര സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ടായിരുന്നത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ മലപ്പുറത്ത് ഇ.അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സംസ്ഥാന, ദേശീയ നേതാക്കള്‍ കൂട്ടത്തോടെയെത്തുകയും ദേശീയ സംഭവവികാസങ്ങള്‍ മുഖ്യവിഷയമാവുകയും ചെയ്തു. വാശിയേറിയ പ്രചാരണമാണ് മലപ്പുറത്തു നടന്നത്. 71.33 ശതമാനമായിരുന്നു പോളിങ്.

എല്‍ഡിഎഫിന് ആധിപത്യമുളള സ്ഥലങ്ങളില്‍ പോലും മോശമല്ലാത്ത വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചതെന്നും ഇതില്‍ സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജയിച്ചാലും തോറ്റാലും തനിക്കൊരു അമ്പരപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ. അഹമ്മദിന് കിട്ടിയ വോട്ടുകളെക്കാള്‍ കൂടുതല്‍ കിട്ടിയാല്‍ താന്‍ ഹാപ്പിയാണെന്നും രണ്ടുലക്ഷമെന്ന ഭൂരിപക്ഷം പ്രതീക്ഷിക്കാത്തതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിജയത്തിന്റെ സന്തോഷം പങ്കുവെക്കാന്‍ ലീഡ് നില ഒരുലക്ഷം കടന്നതോടെ ആദ്യം പാണക്കാട് തങ്ങളുടെ വീട്ടിലേക്കാണ് പി.കെ കുഞ്ഞാലിക്കുട്ടിയും ലീഗിന്റെ മുതിര്‍ന്ന നേതാക്കളും എത്തിയത്. മുസ്ലിം ലീഗിന്റെ ദേശീയ മുഖച്ഛായ മാറ്റുന്ന വിജയമായിരിക്കും കുഞ്ഞാലിക്കുട്ടിയുടേതെന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: