മറിയം ത്രേസ്യയെ ഒക്ടോബര്‍ 13ന് വിശുദ്ധയായി പ്രഖ്യാപിക്കും…

തൃശൂര്‍: ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒക്ടോബര്‍ 13ന് വത്തിക്കാനില്‍ വച്ച് വിശുദ്ധയായി നാമകരണം ചെയ്യും. ഇന്നലെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ റോമില്‍ വിളിച്ചുകൂട്ടിയ ഓര്‍ഡിനറി പബ്ലിക് കണ്‍സിസ്റ്ററി ഓഫ് കാര്‍ഡിനല്‍സിലാണ് ഇതു സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. റോമില്‍ നടന്ന ചടങ്ങില്‍ മറിയം ത്രേസ്യയുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ റവ. ഡോ. ബെനഡിക്റ്റ് വടക്കേക്കര ഒഎഫ്എം പങ്കെടുത്തിരുന്നു.

തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുട രൂപതയിലെ പുത്തന്‍ചിറയില്‍ ചിറമേല്‍ മങ്കിടിയാന്‍ തോമ-താണ്ട ദമ്പതികളുടെ മകളായി 1876 ഏപ്രില്‍ 26 നാണ് മറിയം ത്രേസ്യയുടെ ജനനം. 1914 മെയ് 14നു പുത്തന്‍ചിറയില്‍ ഹോളി ഫാമിലി സന്യാസി സമൂഹം സ്ഥാപിച്ചു. 1926 ജൂണ്‍ എട്ടിന് 50ാം വയസ്സില്‍ അന്തരിച്ച മദര്‍ മറിയം ത്രേസ്യയെ 1999 ജൂണ്‍ 28നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ധന്യ പദവിയിലേക്കും 2000 ഏപ്രില്‍ ഒമ്പതിന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുമുയര്‍ത്തി.

ഇവരെ കൂടാതെ കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍(ഇംഗ്ലണ്ട്), സിസ്റ്റര്‍ ജ്യൂസെപ്പിന വാനിറ്റി(ഇറ്റലി), സിസ്റ്റര്‍ ഡ്യൂള്‍സ് ലോപ്പസ് പോന്തസ്(ബ്രസീല്‍), സിസ്റ്റര്‍ മാര്‍ഗരറ്റ് ബേയ്സ്(സ്വിറ്റ്സര്‍ലന്റ്) എന്നിവരെയും അന്ന് വിശുദ്ധ പദവിയിലേക്കുയര്‍ത്തും.

ആഗോളതലത്തില്‍ അറിയപ്പെട്ട പ്രഭാഷകനും ആത്മീയാചാര്യനും, ദൈവശാസ്ത്രപണ്ഡിതനും കവിയുമാണ് കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍. ആംഗ്ലിക്കന്‍ സഭയില്‍ നിന്നും കത്തോലിക്ക സഭയിലേയ്ക്ക് എത്തിയ ഇദ്ദേഹത്തിന്റെ ജീവിതം ഇംഗ്ലണ്ടിന്റെ മതചരിത്രത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഫിലിപ്പ് നേരിയുടെ നാമത്തിലുള്ള ഇംഗ്ലണ്ടിലെ ഓറട്ടറിയുടെ സ്ഥാപകനായിട്ടും അദ്ദേഹം അറിയപ്പെടാറുണ്ട്. 1801ല്‍ ലണ്ടനില്‍ ജനിച്ച അദ്ദേഹം 1890ല്‍ എഡ്ജ്ബാസ്റ്റണിലാണ് അന്തരിച്ചത്.

ഭാരത സഭ ആഗോളസഭയ്ക്ക് സംഭാവനചെയ്യുന്ന ആറാമത്തെ വിശുദ്ധയായിരിക്കും വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ. ഗൊണ്‍സാലോ ഗാര്‍ഷ്യ, അല്‍ഫോന്‍സാമ്മ, ചാവറ കുര്യാക്കോസ്, എവുപ്രാസ്യാമ്മ, മദര്‍ തെരേസ എന്നിവരാണ് ഭാരതസഭയില്‍നിന്ന് വിശുദ്ധാരാമത്തിലേക്ക് ഉയര്‍ത്തപ്പെട്ട മറ്റുള്ളവര്‍.

Share this news

Leave a Reply

%d bloggers like this: