മറയൂര്‍ ശര്‍ക്കരക്ക് ഭൗമ സൂചിക പദവി

തൊടുപുഴ: ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ മറയൂര്‍ ശര്‍ക്കരക്ക് ഭൗമ സൂചിക (പേറ്റന്റ്) പദവി. തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല ബാങ്കേഴ്സ് സമിതിയുടെ യോഗത്തില്‍ മന്ത്രി വി.എസ്. സുനില്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്. മറയൂര്‍ ശര്‍ക്കരയുടെ എല്ലാ പ്രത്യേകതയും പഠിച്ചതിന് ശേഷമാണ് പദവി ലഭിച്ചിരിക്കുന്നത്.

മറയൂര്‍ മേഖലയില്‍ മാത്രം ഉല്‍പ്പാദിപ്പിക്കുന്ന മറയൂര്‍ ശര്‍ക്കരയ്ക്ക് പദവി ലഭിക്കുന്നതിനായി 2016 ഓഗസ്റ്റ് മുതലാണ് ശ്രമം ആരംഭിച്ചത്. ഔഷധഗുണം കൊണ്ടും ഗുണമേന്മക്കൊണ്ടും ലോകപ്രസിദ്ധമാണ് മറയൂര്‍ ശര്‍ക്കര. കൂടാതെ ഇരുമ്പിന്റെ അംശം കൂടിയതും സോഡിയത്തിന്റെ അളവ് കുറവുള്ളതുമാണ് മറയൂര്‍ ശര്‍ക്കരയെ മറ്റു ശര്‍ക്കരകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

ഇന്ന് വിപണിയിലെത്തുന്നവയില്‍ കൂടുതലും വ്യാജ മറയൂര്‍ ശര്‍ക്കരയാണ്. കുറഞ്ഞ ചെലവില്‍ രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന വ്യാജ ശര്‍ക്കര വിപണി കീഴടക്കുന്ന സാഹചര്യത്തിലാണ് മറയൂര്‍ കേന്ദ്രമാക്കി കര്‍ഷകര്‍ നിര്‍മിക്കുന്ന മറയൂര്‍ ശര്‍ക്കരയ്ക്ക് പദവി ലഭിച്ചിരിക്കുന്നത്. ഇതിലൂടെ വ്യാജ ശര്‍ക്കര വിപണിയില്‍ എത്തിക്കുന്നവര്‍ക്കെതിരെ കുറ്റം ചുമത്തുമെന്നും മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. വട്ടവട വെളുത്തുള്ളിക്കും ഭൗമ സൂചിക പദവി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്ന് വരികയാണെന്നും മന്ത്രി പറഞ്ഞു.

ഡികെ

Share this news

Leave a Reply

%d bloggers like this: