മറന്ന് പോകരുത് ഈ കരുമാലൂര്‍കാരനെയും പോലീസ് കൂട്ടരെയും

ആലുവ കരുമാലൂര്‍ പത്താം പടി സ്വദേശിയായ ജാക്സനും കഴിഞ്ഞ ദിവസം തിരുവനന്തപുരം ശ്രീചിത്തിരയില്‍ നിന്ന് ലിസി ആശുപത്രിയിലെത്തിയ ഹൃദയവും തമ്മില്‍ ഒരു ബന്ധമുണ്ട്..ഏഴ് മിനിട്ട് നീണ്ടു നില്‍ക്കുന്നത്..കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ കേരളത്തില്‍ ആദ്യമായി എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് ഹൃദയം എത്തിച്ച് നടന്ന ശസ്ത്രക്രിയയില്‍, ആശുപത്രിയില്‍ ഹൃദയമെത്തിക്കാന്‍ അകമ്പടിയായി പോയത് ജാക്സനായിരുന്നു. ഹൃദയമാറ്റ ശസ്ത്രക്രിയകള്‍ പോലുള്ളവയില്‍ നഷ്ടപ്പെടുന്ന സമയത്തിന് ജീവന്‍റെ വിലയാണെന്നത് കൊണ്ട് തന്നെ ജാക്സന്‍റെ സേവനം നമ്മുടെ ഏഴ് മിനിട്ടിനേക്കാള്‍ എത്രയോ മഹത്തായതാണ്.

കൊച്ചി പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഡ്രൈവറായി സേവനമനുഷ്ഠിക്കുന്ന ജാക്സന്‍ ആദ്യമായിട്ടൊന്നുമല്ല പൈലറ്റായി പോകുന്നത്. എന്നാല്‍ ഹൃദയവുമായി പോകുന്ന ആംബുലന്‍സിന് ആദ്യമായിട്ടായിരുന്നു അകമ്പടി സേവിക്കുന്നത്. അത് തന്നെ കേരളത്തിന്‍റെ ചരിത്രത്തില്‍ ഇടം നേടുന്ന ഒരു സംഭവത്തിനും. ഡ്യൂട്ടി കഴിയാന്‍ അരമണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെയാണ് ജാക്സനോട് ട്രാഫിക് എസിപി ബേബി വിനോദിന്‍റെ നിര്‍ദേശം വരുന്നത്. ഒരാളുടെ ജീവനവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ചുമതല ഏറ്റെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയും വന്നില്ല ജാക്സനും കൂട്ടര്‍ക്കും. ഉടന്‍ തന്നെ ഐലന്‍ഡിലെ നാവിക ആസ്ഥാനത്തേയ്ക്ക് ജാക്സനും സംഘവും എത്തി. ഏഴരയോടെ നാവിക സേനാ ആസ്ഥാനത്തെത്തിയ ഹൃദയവുമായി ആംബുലന്‍സിന് പൈലറ്റായി യാത്ര ആരംഭിച്ചു. ലക്ഷ്യത്തിലേക്ക് പാഞ്ഞ് പോയപ്പോള്‍ പത്തര കിലോമീറ്റര്‍ ദൂരം ഏഴ് മിനിട്ട് മുപ്പത്തിരണ്ട് സെക്കന്‍റ് കൊണ്ട് കടന്ന് പോയി. ഹൃദയം ആശുപത്രിയിലെത്തിയതോടെ ഒരു വലിയ ദൗത്യത്തിലെ തങ്ങളുടെ പങ്ക് വിജയകരമായി പൂര്‍ത്തിയാക്കിയ സംതൃപ്തി.

മണിക്കൂറില്‍ 90 കിലോമീറ്ററിനടുത്ത് വേഗതയോടെ തകര്‍ന്ന് കിടക്കുന്ന റോഡുകളിലൂടെ കുതിച്ച് പായുമ്പോള്‍ വെല്ലുവിളിയായിരുന്നത് ട്രാഫിക് തെറ്റിച്ച് വരാവുന്ന വാഹനങ്ങളായിരുന്നുവെന്ന് ജാക്സന്‍ പറയുന്നു. നഗരത്തില്‍ പോലീസുകാരെ വിന്യസിച്ച് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അക്ഷമരായ ജനങ്ങളില്‍ പലരും ട്രാഫിക് നിയന്ത്രണങ്ങള്‍ വെട്ടിച്ച് ഊട് വഴികളിലൂടെ കടന്ന് വരാനുള്ള സാധ്യത തള്ളികളയാന്‍ കഴിഞ്ഞിരുന്നില്ല. പ്രധാനപ്രശ്നങ്ങളിലൊന്നും ഇതായിരുന്നു. ഉച്ചത്തില്‍സൈറന്‍ മുഴക്കിയും വാഹനത്തിലെ മൈക്കിലൂടെ അനൗണ്‍സ് ചെയ്ത് പോകുകയായിരുന്നു ഏക വഴി. സൈറന്‍ പതിവില്‍ കവിഞ്ഞ് പരമാവധി ഉച്ചത്തില്‍ തന്നെ ഓണ്‍ ചെയ്തായിരുന്നു പോയിരുന്നതെന്ന് ജാക്സന്‍ വ്യക്തമാക്കുന്നു. കൂടെ മൈക്കിലൂടെ അനൗണ്‍സ്മെന്‍റും വാഹനത്തിലുണ്ടായിരുന്ന എഎസ്ഐ ബെന്നിയും സിപിഒ സുരേഷും കൂടി കര്‍മ്മ നിരതരായിരുന്നപ്പോള്‍ പോലീസ് സംഘത്തിന്‍റെ ദൗത്യം പൂര്‍ണം.

ബബിതയാണ് ജാക്സന്‍റെ ഭാര്യ. അമ്മയും  കൂടെയാണ് താമസം. ഒരു സഹോദരനുണ്ട്. നാലാം ക്ലാസില്‍ പഠിക്കുന്ന എയ്സില്‍ നഴ്സറിയില്‍ പഠിക്കുന്ന എയ്ന എന്നിവരാണ് മക്കള്‍.

വാല്‍കഷ്ണം
വമ്പന്‍മാരെ മാത്രം ആഘോഷിക്കാന്‍ താത്പര്യമുള്ള നമുക്ക് പക്ഷേ അപ്പോഴും ഇവരുടെ സേവനത്തെ കാണാന്‍ കണ്ണ് തുറക്കാനായിരുന്നില്ല. ഇന്‍റലിജന്‍സ് ഡിഐജി പി. വിജയന്‍റെ ഫേസ് ബുക്ക് പോസ്റ്റ് തന്നെ വേണ്ടി വന്നു അതിന്. അല്ലെങ്കില്‍തന്നെ പോലീസിനെ കല്ലെറിഞ്ഞും അവരെ തന്നെ കുറ്റവും പറഞ്ഞ് പഠിച്ചിട്ടുള്ള മലയാളിക്ക് ശീലങ്ങള്‍ മാറ്റാന്‍ സമയം ആവശ്യമായി വരും.

Share this news

Leave a Reply

%d bloggers like this: