മരിച്ചു പോയവരുടെ മുഖത്തിന്റെ 3D പ്രിന്റിംഗ്; ചൈനീസ് ശവസംസ്‌കാരം ഹൈടെക്

മരിച്ചു പോയവരുടെ മുഖം 3D പ്രിന്റിംഗ് കൊണ്ടു വീണ്ടും ഉണ്ടാക്കി സംസ്‌ക്കാര ചടങ്ങുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. ചൈനയിലാണ് സംഭവം. അപകടങ്ങളില്‍പ്പെട്ടു മുഖം വികൃതമായ ഉറ്റവരെ അവര്‍ ജീവിച്ചിരുന്നപ്പോഴുള്ള അതേ രൂപത്തില്‍ കാണാന്‍ അവസരം ഒരുക്കുകയാണ് ചൈനയിലെ ഒരു ശവസംസ്‌ക്കാര സ്ഥാപനം. തീപിടിത്തത്തിലോ മുഖത്ത് എന്തെങ്കിലും അസുഖമോ ഒക്കെ വന്നു മുഖം വികൃതമായി മരിച്ചു പോയാല്‍ ദിവസങ്ങള്‍ എടുത്തായാലും ആ ശരീരവും മുഖവും വീണ്ടെടുത്ത് സംസ്‌ക്കാര ചടങ്ങ് നടത്തുന്നത് ചൈനയില്‍ പതിവാണ്.

തങ്ങളുടെ പ്രിയപ്പെട്ടവരെ അവര്‍ ജീവിചിരുന്നപ്പോഴുള്ള അതേ രൂപത്തില്‍ കണ്ടു യാത്രയാക്കണമെന്ന ആഗ്രഹം സാധിച്ചു കൊടുക്കുകയാണ് ലക്ഷ്യം. അതിനായി മരിച്ചു പോയ ആളുടെ ഫോട്ടോ ഉപയോഗിച്ച് 3D പ്രിന്റിങ്ങിലൂടെ മുഖം കൃത്രിമമായി പുന:സൃഷ്ടിക്കുന്നു.

ഫോട്ടോ സ്‌കാന്‍ ചെയ്ത ശേഷം ആ മുഖത്തിന്റെ രൂപം പല അടുക്കുകള്‍ ആയി രൂപപ്പെടുത്തുന്നു. അവ തമ്മില്‍ ഒന്നിന് മുകളില്‍ ഒന്നായി ഉരുക്കിയ പ്ലാസ്റ്റിക്കും മണ്ണും മറ്റു അവശ്യ സാധനങ്ങളും കൊണ്ട് ഒട്ടിച്ചു ചേര്‍ത്താണ് പ്രിന്റ് എടുക്കുക. എണ്ണമയമുള്ള ചെളി അടക്കം വിവിധ സാധനങ്ങള്‍ ഉപയോഗിച്ചു ദിവസങ്ങള്‍ എടുത്ത് പണ്ട് ബ്യൂട്ടീഷ്യന്മാര്‍ ചെയ്തിരുന്ന ജോലിക്ക് പുതിയ സാങ്കേതിക വിദ്യ വന്നതോടെ 12 മണിക്കൂറേ വേണ്ടൂ.

ഉറ്റവരെ അതേ രൂപത്തില്‍ തന്നെ വേണമെന്ന് നിര്‍ബന്ധം ഉള്ള ചിലര്‍ക്ക് സിലിക്ക കൊണ്ട് തൊലി കൂടി ഉണ്ടാക്കി കൊടുക്കും. അതിനു മൂന്നു ദിവസം കൂടുതല്‍ വേണം. 3D പ്രിന്റ് ചെയ്ത മുഖത്ത് സിലിക്ക തൊലി കൂടി ചേര്‍ത്താല്‍ ജീവിച്ചിരുന്ന ആളുടെ മുഖവുമായി ഏതാണ്ട് 90 % സാമ്യം ഉറപ്പാക്കാന്‍ കഴിയും.

ബീജിങ്ങിലെ നാലിലൊന്ന് ശവസംസ്‌ക്കാര ചടങ്ങുകളും കൈകാര്യം ചെയ്യുന്ന ബാബോഷാന്‍ ഫ്യൂനറല്‍ പാര്‍ലറില്‍ വര്‍ഷം 22,000 മൃതദേഹങ്ങള്‍ സംസ്‌ക്കാരത്തിന് ഒരുക്കാറുണ്ടത്രേ. കഴിഞ്ഞ വര്‍ഷം തുടങ്ങിയ 3D പ്രിന്റിംഗ് സംവിധാനം ഈ വര്‍ഷമാണ് പൂര്‍ണമായും സജ്ജമായത്.

Share this news

Leave a Reply

%d bloggers like this: