മരടില്‍ 25 ലക്ഷം രൂപ നഷ്ട പരിഹാരം ലഭിക്കുക ആദ്യ ഘട്ടത്തില്‍ രണ്ട് ഫ്‌ലാറ്റ് ഉടമകള്‍ക്ക് മാത്രം

കൊച്ചി : സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഫ്‌ലാറ്റ് പൊളിക്കുന്നതിന്റെ ഭാഗമായി ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം. ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിയാണ് ഫ്‌ലാറ്റ് ഉടമകള്‍ക്കുളള നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. എല്ലാ ഫ്‌ലാറ്റ് ഉടമകള്‍ക്കും 25 ലക്ഷം രൂപ വീതം ഇടക്കാല നഷ്ടപരിഹാരം ലഭിക്കില്ല. രണ്ട് ഉടമകള്‍ക്ക് മാത്രമെ 25 ലക്ഷം രൂപയ്ക്ക് അര്‍ഹതയുള്ളു. ബാക്കിയുള്ള ഫ്‌ലാറ്റ് ഉടമകള്‍ക്ക് 13 ലക്ഷം രൂപ വീതമാകും നഷ്ടപരിഹാരം ലഭിക്കുക. ഭൂമിയുടേയും ഫ്‌ലാറ്റിന്റെയും വില കണക്കാക്കി ഇതിന് ആനുപാതികമായിട്ടായിരിക്കും താല്‍ക്കാലിക നഷ്ടപരിഹാരം നിശ്ചയിക്കുക.

14 ഫ്‌ലാറ്റുമടകള്‍ക്കാണ് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി ഇടക്കാല ആശ്വാസത്തിന് ഇപ്പോള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ രണ്ട് കോടി 52 ലക്ഷത്തി ആറായിരത്തി തൊണ്ണൂറ്റാറ് രൂപയാണ് ആകെ നഷ്ടപരിഹാരം നല്‍കേണ്ടത്. ജെയിന്‍ കോറല്‍ കോവ്, ആല്‍ഫാ സെറീന്‍, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ നഷ്ടപരിഹാരം നല്‍കുന്നത്. ഫ്‌ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കാനായി അപേക്ഷ നല്‍കുന്നതിനോടൊപ്പം സത്യവാങ്മൂലം നല്‍കണമെന്ന നിബന്ധന ഒഴിവാക്കി.

ഈ മാസം 17ാം തീയതിക്കകം ഫ്‌ലാറ്റുകള്‍ എത്ര രൂപയ്ക്കാണ് കൈമാറ്റം ചെയ്തത് എന്നതിന്റെ രേഖകള്‍ നഗരസഭ സെക്രട്ടറിക്ക് മുമ്പില്‍ ഹാജരാക്കണം. ആധാരവും പണം കൈമാറിയ രേഖകളും ഫ്‌ലാറ്റ് ഉടമകള്‍ മരട് നഗരസഭയില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം ക്രിസ്മസ് അവധിക്കാല സമയത്ത് നിയന്ത്രിത സ്‌ഫോടനത്തിലൂടെ മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കാനാണ് ആലോചിക്കുന്നത്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനും ഗതാഗത നിയന്ത്രണം എളുപ്പമാക്കാനും ഈ സമയം ഉചിതമാണെന്നാണ് വിലയിരുത്തുന്നത്. ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 2 മാസം വേണ്ടിവരും.

Share this news

Leave a Reply

%d bloggers like this: