മനോജ് കളീക്കലിന് കാന്‍ബറയുടെ യാത്രാമൊഴി; സംസ്‌കാരം ഞായറാഴ്ച കോട്ടയത്ത് .

കാന്‍ബറ: കഴിഞ്ഞ ആഴ്ച അന്തരിച്ച ഓസ്‌ട്രേലിയന്‍ മലയാളി മനോജ് പി. കളീക്കലിന് കര്‍മ്മ ഭൂമിയായ കാന്‍ബറയിലെ മലയാളി സമൂഹം കണ്ണുനീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. തങ്ങളുടെ പ്രിയ സുഹൃത്തിനെ അവസാനമായി കാണുവാനും യാത്രാമൊഴി അര്‍പ്പിക്കാനുമായി ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നൂറുകണക്കിനാളുകളാണ് എത്തിച്ചേര്‍ന്നത്.

കഴിഞ്ഞ എട്ടാം തീയതി ബുധനാഴ്ച ആയിരുന്നു ഹൃദയാഘാതം മൂലം മനോജ് മരണമടഞ്ഞത്. കോട്ടയം കഞ്ഞിക്കുഴി കളീക്കല്‍ പോളിന്റെ മകനാണ്. ഭാര്യ ബിന്ദു വയനാട് പുല്‍പ്പള്ളി മണിമല കുടുംബാംഗവും കാന്‍ബറ ഹോസ്പിറ്റലില്‍ നഴ്‌സുമാണ്..ദീര്‍ഘകാലം സിംഗപ്പൂരില്‍ എമിരേറ്റ്‌സില്‍ ജോലി ചെയ്തതിനുശേഷം ഒരു വര്ഷം മുന്‍പാണ് ഓസ്‌ട്രേലിയയില്‍ എത്തിയത്. ഇവിടെ ടാക്‌സി സര്‍വീസ് രംഗത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു. പരേതന് നാല്‍പ്പതു വയസായിരുന്നു.ഔദ്യോഹിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ലഭിച്ചതിനെത്തുടര്‍ന്ന് കാന്‍ബറ സെന്റ്. അല്‍ഫോന്‍സാ ഇടവകയുടെ നേതൃത്വത്തില്‍ പൊതുദര്ശനവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഒപ്പീസും നടന്നു. ഓകോന്നെര്‍ സെന്റ്. ജോസഫ് പള്ളിയില്‍ നടന്ന പൊതുദര്ശനത്തില്‍ പങ്കെടുക്കുവാന്‍ വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നത്. വിശുദ്ധ കുര്ബാനക്കും ഒപ്പീസിനും വികാരി ഫാ.മാത്യു കുന്നപ്പിള്ളില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.ടോമി പാട്ടുമാക്കിയില്‍, ഫാ. ജിസ് കുന്നുംപുറത്ത്, ഫാ. ബൈജു തോമസ്, ഫാ.പ്രവീണ്‍ അരഞ്ഞാണിയില്‍ എന്നിവര്‍ സഹ കാര്‍മ്മികത്വം വഹിച്ചു.

ഫാ. മാത്യു കുന്നപ്പിള്ളിയുടെ നേതൃത്വത്തില്‍ നിയമ നടപടികളും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി. ശനിയാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിക്കത്തക്ക വിധത്തിലാണ് ക്രമീകരങ്ങള്‍. കാന്‍ബറ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ചു പ്രതിനിധികള്‍ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും. 18 നു ഞായറാഴ്ച രാവിലെ പത്തിന് മനോജിന്റെ മാതൃ ഇടവകയായ കോട്ടയം ലൂര്‍ദ് ഫൊറാനാ പള്ളിയില്‍ (കലക്ടറേറ്റ് ജംഗ്ഷന്‍, കോട്ടയം) ശവസംസ്‌കാരം നടക്കും. പരേതന്റെ വിയോഗത്തില്‍ സിറോ മലബാര്‍ മെല്‍ബണ്‍ രൂപത മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍, വികാരി ജനറല്‍ ഫാ.ഫ്രാന്‍സിസ് കോലഞ്ചേരി, കാന്‍ബറ രൂപത മെത്രാന്‍ മാര്‍. ക്രിസ്റ്റഫര്‍ പ്രൗസ്, വികാര്‍ ജനറല്‍ ഫാ. ടോണി പേര്‍സി എന്നിവരും വിവിധ സംഘടനകളും കൂട്ടായ്മകളും അനുശോചനം അറിയിച്ചു. മനോജിന്റെ മരണത്തെ തുടര്‍ന്നുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും വികാരി ഫാ. മാത്യു കുന്നപ്പിള്ളിയും, മനോജിന്റെ കുടുംബാന്ഗങ്ങളും നന്ദി അറിയിച്ചു.

വാര്‍ത്ത:
ജോമി പുലവേലില്‍

Share this news

Leave a Reply

%d bloggers like this: