മനുഷ്യരില്‍ 86 തവണ ജീന്‍ എഡിറ്റിങ് പരീക്ഷിച്ച് ചൈന

 

ആരോഗ്യ രംഗത്തെ പല സുപ്രധാന മുന്നേറ്റങ്ങള്‍ക്കും തുടക്കമിടാറുള്ള അമേരിക്കയ്ക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ജീന്‍ എഡിറ്റിങ് വിദ്യ മനുഷ്യരില്‍ പ്രയോഗിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ ചൈന ഇതിനോടകം ഈ വിദ്യ 86 ആളുകളില്‍ പരീക്ഷിച്ചിട്ടുള്ളതായി റിപ്പോര്‍ട്ട്. ജീന്‍ എഡിറ്റിങ് സാധ്യമാക്കുന്ന ക്രിസ്പര്‍-കാസ് 9 വിദ്യ 2015 മുതല്‍ തന്നെ ചൈന മനുഷ്യരില്‍ ഉപയോഗിച്ചുവരുന്നതായി വാള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

2012ല്‍ അവതരിപ്പിക്കപ്പെട്ട ക്രിസ്പര്‍ കാസ് 9 വിദ്യ മനുഷ്യരില്‍ പ്രയോഗിക്കുന്നതിന് അമേരിക്കയിലും യൂറോപ്പിലും നിയന്ത്രണമുണ്ട്. ഈ നിയന്ത്രണങ്ങള്‍ ചൈനയില്‍ ഇല്ല. ഹാങ്ഷോവിലുള്ള ഡോക്ടര്‍ വു ഷിസിയു ക്രിസ്പര്‍-കാസ് വിദ്യ കാന്‍സര്‍ രോഗികകളില്‍ പരീക്ഷിക്കുന്നുണ്ട്. ഈ പരീക്ഷണങ്ങള്‍ ഫലപ്രദമായിരുന്നോ എന്ന് വ്യക്തമല്ല എങ്കിലും ചില പരീക്ഷണങ്ങള്‍ വിജയമായിരുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2016 ല്‍ മനുഷ്യ ഭ്രൂണങ്ങളില്‍ ജനിതകമാറ്റം വരുത്താനുള്ള ചൈനയുടെ ശ്രമം പൂര്‍ണവിജയമായിരുന്നില്ല. പക്ഷെ ഇതില്‍ മൂന്നില്‍ രണ്ടിലും ജനിതകമാറ്റം സംഭവിച്ചു. ക്രിസ്പര്‍-കാസ് 9 വിദ്യ പരീക്ഷിച്ച 86 ഭ്രൂണങ്ങളില്‍ 28 എണ്ണം മാത്രമാണ് ആ ശ്രമത്തെ അതിജീവിച്ചത്.

യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനിലെ വിവരങ്ങള്‍ അനുസരിച്ച് വേറെ ഒമ്പത് ജീന്‍ എഡിറ്റിങ് ശ്രമങ്ങള്‍ കൂടി ചൈന മനുഷ്യരില്‍ നടത്തിയിട്ടുണ്ട്. 2015 ല്‍ രണ്ട് തവണ മനുഷ്യരില്‍ ജീന്‍ എഡിറ്റിങ് ശ്രമം നടത്തിയിട്ടുണ്ടെന്ന് വാള്‍സ്ട്രീറ്റ് ജേണലില്‍ പറയുന്നുണ്ട്. ആരോഗ്യ രംഗത്തെ ചൈനയുടെ മുന്നേറ്റം അമേരിക്ക ഉള്‍പ്പടെയുള്ള മുന്‍ നിര രാജ്യങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. അതേസമയം ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യയെ ഭയപ്പെടുന്നവരുമുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: