മനുഷ്യനിര്‍മ്മിത ദുരന്തത്തില്‍ മുങ്ങിയ ചെന്നൈ നഗരം

ചെന്നൈ: കടിഞ്ഞാണില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ചതുപ്പു നിലങ്ങളുടെ വിവേചനമില്ലാത്ത കൈയേറ്റം, മികച്ച നഗരാസൂത്രണത്തിന്റെ അഭാവം…

ചെന്നൈ നഗരത്തെ ഒന്നാകെ വിഴുങ്ങിയ ദുരിതക്കടല്‍ പിറവിയെടുത്ത കാരണങ്ങളില്‍ ചിലതു മാത്രമാണിവ. ദൈവമേ എന്റെ പ്രിയപ്പെട്ട ചെന്നൈ നഗരത്തെയും അവിടുത്തെ ജനങ്ങളെയും കാക്കണേ..സംഗീത ചക്രവര്‍ത്തി എആര്‍ റഹ്മാന്‍ ട്വിറ്ററില്‍ കുറിച്ച വരികളാണിവ. ലോകം മുഴുവന്‍ ദുരിതത്തില്‍ മുങ്ങുന്ന ചെന്നൈയുടെ രക്ഷയ്ക്കായി പ്രാര്‍ഥിക്കുന്നു. എന്നാല്‍ ചെന്നൈയിലുണ്ടായ മഹാപ്രളയത്തിന്റെ കാരണങ്ങള്‍ തേടുമ്പോഴാണ് യഥാര്‍ഥ ചിത്രം വ്യക്തമാകുന്നത്.

മനുഷ്യനിര്‍മ്മിത ദുരന്തം

ചെന്നൈ നഗരത്തിന്റെ രക്ഷ ദൈവത്തെ ഏല്‍പ്പിക്കുകയല്ല വേണ്ടതെന്ന് പരിസ്ഥിതി വാദികള്‍ പറയുന്നു. മനുഷ്യന്‍ ചെയ്യാനുള്ളത് ചെയ്യാതെ ചെയ്യരുതാത്തത് ചെയ്യുന്നത് നിര്‍ത്താതെ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടി വരുമ്പോള്‍ മാത്രം ദൈവത്തെ വിളിച്ചതുകൊണ്ട് പ്രയോജനമെന്ത്..

അപകരമായ പ്രകൃതിയുടെ സ്വഭാവിക നിലനില്‍പ്പിനെ വെല്ലുവിളിക്കുന്ന നിര്‍മ്മിതികള്‍ അവസാനിപ്പിക്കുക, അടിസ്ഥാന സൗകര്യ വികസനത്തിന്റെ തോത് നിജപ്പെടുത്തുക, സ്വാഭാവിക ഒഴുക്കിനെ തടയുന്ന വിധമുള്ള നിര്‍മ്മാണങ്ങള്‍ നിര്‍ത്തുക, കൃത്യവും ദീര്‍ഘവീക്ഷണത്തോടെയുമുള്ള നഗരാസൂത്രണം നടപ്പാക്കുക, അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുക, രാഷ്ട്രീയക്കാരും നിര്‍മ്മാണകരാറുകാരമായുള്ള അവിഹിത കൂട്ടുകെട്ടുകള്‍ തുടച്ചുമാറ്റുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നോട്ടു വെക്കുന്നത്. അല്ലെങ്കില്‍ ഇവയൊന്നും ചെയ്യാതിരുന്നതിനാലാണ് ചെന്നൈ ദുരന്തം മനുഷ്യ നിര്‍മ്മിതമാണെന്ന് പറയുന്നത്. ഇത്തരം ദുരന്തങ്ങളെ മറന്ന് വീണ്ടും പ്രവര്‍ത്തിച്ചാല്‍ ഇതിനേക്കാള്‍ തീവ്രതയോടെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്നുറപ്പാണ്. 100 വര്‍ഷത്തിനിടയിലെ മഹാമാരിയാണ് ചെന്നൈയില്‍ പെയ്തു നിറഞ്ഞത്. 260 ഓളം പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

കൈയേറ്റവും നിയന്ത്രണമില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും

കാലാവസ്ഥാ വ്യതിയാനം, നിയന്ത്രണമില്ലാത്ത നിര്‍മ്മിതികള്‍, ചതുപ്പു നിലങ്ങളുടെ കൈയേറ്റം, ജലസ്രോതസുകള്‍ നികത്തി കോണ്‍ക്രീറ്റ് കാടുകള്‍ നിര്‍മ്മിക്കുന്നത്, ദിശാബോധമില്ലാത്ത നഗരാസൂത്രണം തുടങ്ങിയവയാണ് മഹാദുരന്തത്തിന്റെ വിവിധങ്ങളായ കാരണങ്ങള്‍. സ്വന്തം കാലുറപ്പിക്കാന്‍ ചെന്നൈ പെടാപ്പാടു പെടുന്നു. ഈ ദുരിതക്കയത്തില്‍ നിന്നു മോചനം ലഭിക്കാന്‍ പ്രാര്‍ഥിക്കുന്നു. അധികാരികളുടെ വിവേക ശൂന്യതയ്ക്കും അത്യാഗ്രഹത്തിനുമുള്ള വിലയാണ് ചെന്നൈ നിവാസികള്‍ ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്നു ദശകത്തിനിടെ നാലു തവണയാണ് ചെന്നൈ നഗരത്തില്‍ പ്രളയമുണ്ടായത്. എന്നിട്ടും ഇതില്‍ നിന്നും ഒന്നും പഠിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.

തടാകങ്ങള്‍ നികത്തി

ചെന്നൈയടക്കമുള്ള ഇന്ത്യന്‍ നഗരങ്ങള്‍ തടാകങ്ങളും ചതുപ്പുനിലങ്ങളും നികത്തി ഭീമാകാരമായ കോണ്‍ക്രീറ്റ്, സ്റ്റീല്‍ നിര്‍മ്മിതികള്‍ക്കു വഴി തുറക്കുകയാണ്. ഇന്ത്യന്‍ നഗരങ്ങളിലെല്ലാം തന്നെ കോണ്‍ക്രീറ്റ് കാടുകള്‍ തഴച്ചുവളരുകയാണ്. മനുഷ്യ നിര്‍മ്മിത ഓവുചാലുകള്‍ ധാരാളമായുണ്ടെങ്കിലും അത് പ്രകൃതിയില്‍ തന്നെയുള്ള സ്വാഭാവിക ഓവു ചാലുകള്‍ക്കു പകരമാകില്ല. തടാകങ്ങളിലെ ചളി നീക്കുക, കനാലുകള്‍ ശുദ്ധീകരിക്കുക, ഓവു ചാലുകളിലെ തടസങ്ങള്‍ നീക്കുക തുടങ്ങിയവയെല്ലാം ഫലപ്രദമാണെങ്കിലും ഒരു പരിധിവരെ മാത്രമേ ഇതുപകരിക്കൂ. ചെന്നൈ അടക്കമുള്ള നഗരങ്ങള്‍ ചതുപ്പു നിലങ്ങള്‍ സംരക്ഷിക്കുകയും അവ നിലനിര്‍ത്തുകയുമാണ് അത്യാവശ്യമായി ചെയ്യേണ്ടത്. അവിടെ മനുഷ്യവാസത്തിന് ശ്രമിച്ച് പ്രകൃതിയുടെ സ്വാഭാവിക നീരൊഴുക്കിനെ തടയുമ്പോള്‍ പെയ്തിറങ്ങുന്ന മാരി ദുരിതമായി ഉയര്‍ന്നു പൊങ്ങുമെന്നുറപ്പാണ്, ചെന്നൈയില്‍ മാത്രമല്ല, ഏതു നഗരത്തിലും.

നിയമലംഘനം

വന്‍കിട കെട്ടിടങ്ങളുടെ നിര്‍മ്മാണ വേളയില്‍ നിയമങ്ങള്‍ വെറും നോക്കുകുത്തിയായി മാറും. പണവും സ്വാധീനവും ഉള്ളവര്‍ക്കു മുന്നില്‍ നിയമം നടപ്പാക്കാന്‍ ബാധ്യസ്ഥരായ അധികാരികള്‍ പാവകളായി മാറും. പരിസ്ഥിതി പ്രവര്‍ത്തകര്‍ വിശുദ്ധമായി കാണുന്ന ഭൂപ്രദേശങ്ങള്‍ അങ്കം വെട്ടി ജയിച്ചവരേപ്പോലെ ഭൂമാഫിയകള്‍ കൈക്കലാക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നഗ്നമായ ഈ നിയമലംഘനങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ കെട്ടിട നിര്‍മ്മാണത്തിനു വഴി വെക്കുന്നു.

തയാറെടുപ്പുകളില്ലാതെ

മഴക്കാല ദുരിതങ്ങള്‍ക്കെതിരേ എല്ലാ മുന്‍കരുതലും സ്വീകരിച്ചിരുന്നുവെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ആ വാദങ്ങള്‍ പോരാതെ വന്നിരിക്കുകയാണ് 270 ഓളം പേരുടെ ജീവനെടുത്ത ഈ ദുരന്തത്തിനു മറുപടി പറയാന്‍.

മരം മുറിക്കല്‍

വ്യാപകമായ മരം മുറിക്കലും കൈയേറ്റവും. ചെന്നൈ നഗരത്തില്‍ സമീപകാലത്തുണ്ടായ വന്‍ വളര്‍ച്ച അടിസ്ഥാന സൗകര്യ വികസനത്തിനു പ്രാധാന്യം നല്‍കിയുള്ളതായിരുന്നു. എന്നാല്‍ വിവേക ബുദ്ധിയില്ലാത്ത സമീപനങ്ങളാണ് നിര്‍മ്മാണ മേഖലയില്‍ സ്വീകരിച്ചത്. പുതിയ റോഡുകളും ഫ്‌ളൈ ഓവറുകളും നിര്‍മ്മിക്കാന്‍ ആയിരക്കണക്കിന് മരങ്ങളാണ് മുറിച്ചത്. വന്‍കിട ഐടി പാര്‍ക്കുകളും റെസിഡെന്‍ഷ്യല്‍ കോംപ്ലക്‌സുകളും ബഫര്‍ സോണുകളുടെ അതിര്‍ത്തികള്‍ കൈയേറി നിര്‍മ്മിക്കപ്പെട്ടു. നഗരത്തെ വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി നിലനിര്‍ത്തേണ്ട മേഖലകളാണ് ബഫര്‍ സോണുകള്‍.

ഭയാനകമായ നഗരാസൂത്രണം

ചെന്നൈ മെട്രോപൊളിറ്റന്‍ ഡെവലപ്‌മെന്റ് അതോറിറ്റി തയാറാക്കിയ രണ്ടാം ഘട്ട വികസന രൂപരേഖ വിവേകമില്ലാത്ത അടിസ്ഥാന സൗകര്യ വികസനത്തില്‍ ഊന്നിയുള്ളതാണെന്ന് പരക്കെ പറയപ്പെടുന്നു. ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനെയും പരിസ്ഥിതിയെയും പൂര്‍ണ്ണമായി അവഗണിച്ചുകൊണ്ടുള്ള സമീപനം. ഇതാണ് യഥാര്‍ഥത്തില്‍ തമിഴ്‌നാടിന്റെ തലസ്ഥാന നഗരത്തെ ദുരിതത്തില്‍ മുക്കിയത്. മുംബൈ, ഉത്തരാഖണ്ഡ്, ഇപ്പോള്‍ ചെന്നൈ..മുകളില്‍ നിരത്തിയ ദുരന്തത്തിനു കാരണമായ വസ്തുതകള്‍ ചെന്നൈയ്ക്കു മാത്രം പതിച്ചു നല്‍കാനുള്ളതല്ല. ഇന്ത്യയിലെ മറ്റു മഹാനഗരങ്ങളും കാത്തിരിക്കുകയാണ് അടുത്ത ദുരന്തം. ഇതിനേക്കാള്‍ മോശമായ നഗരാസൂത്രണവും കൈയേറ്റവും നിലനില്‍ക്കുന്ന നഗരങ്ങളേറെയുണ്ട്. കൊച്ചി അടക്കമുള്ള നഗരങ്ങള്‍ വികസനക്കുതിപ്പിലാണ്. പാഠമാകട്ടെ ഈ ദുരന്തങ്ങള്‍, അധികൃതര്‍ക്കും മണ്ണിനെയും പ്രകൃതിയെയും മറക്കുന്ന മനുഷ്യര്‍ക്കും..

Share this news

Leave a Reply

%d bloggers like this: