മധ്യപ്രദേശില്‍ നൂറുകണക്കിന് വോട്ടിങ് യന്ത്രങ്ങള്‍ ‘അപ്രത്യക്ഷം; വിവാദമൊഴിയാതെ യന്ത്രങ്ങളുടെ സൂക്ഷിപ്പ്…

ഭോപ്പാല്‍: വോട്ടിങ് യന്ത്രങ്ങള്‍ (ഇ.വി.എം) സംബന്ധിച്ച പരാതികളും ആശങ്കകളും നിലനില്‍ക്കെ, മധ്യപ്രദേശിലെ ചില ജില്ലകളില്‍ സുരക്ഷിത റൂമുകളില്‍ സൂക്ഷിച്ചിരുന്ന നിരവധി വോട്ടിങ് യന്ത്രങ്ങള്‍ അപ്രത്യക്ഷമായി. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. പുതിയതായി നടത്തിയ പരിശോധനയില്‍ ഇ.വി.എമ്മിന്റെ ബാലറ്റ് യൂനിറ്റ് (ബി.യു), ഡിറ്റാച്ചബിള്‍ മെമ്മറി മെഡ്യൂള്‍ (ഡി.എം.എം) എന്നിവയാണ് കാണാതയതായി മനസിലായതെന്ന് ആര്‍.ടി.ഐ മറുപടിയില്‍ പറയുന്നു. ഇ.വി.എമിന്റെ രണ്ടുപ്രധാനഭാഗങ്ങളാണിവ. എന്നാല്‍, ലോക്സഭാതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളുടെ ഭാഗങ്ങളാണോ കാണാതായതെന്ന് ആര്‍.ടി.ഐ മറുപടിയില്‍ വ്യക്തമാക്കുന്നില്ല. വിവരാവകാശ പ്രവര്‍ത്തകന്‍ അജയ് ദുബേ ആണ് ആര്‍.ടി.ഐ പ്രകാരം അപേക്ഷനല്‍കിയത്. ഏപ്രില്‍, ജൂണ്‍ കാലയളവില്‍ ഇ.വി.എം സംബന്ധിച്ച് എവിടെയെല്ലാം പരിശോധന നടന്നു, അതിന്റെ ഫലം എന്തായിരുന്നു എന്നീ കാര്യങ്ങളായിരുന്നു ആര്‍.ടി.ഐ അപേക്ഷയില്‍ അജയ് ദുബേ ചോദിച്ചത്.

ഉമ്മേരിയ ജില്ലയിലെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന ഒന്‍പത് ഡി.എം.എമ്മുകള്‍ കാണാനില്ലെന്നായിരുന്നു ഒരു മറുപടി. എന്നാല്‍, എന്തുകൊണ്ട് കാണാതായെന്ന വിശദീകരണം മറുപടിയിലില്ല. അതേസമയം, നരസിങ്പൂര്‍ ജില്ലയില്‍ 2,508 ഇവി.എമ്മിന്റെ ഭാഗങ്ങളാണ് കാണാതായത്. ഇതില്‍ 687 ഡിറ്റാച്ചബിള്‍ മെമ്മറി മെഡ്യൂളുകള്‍ തെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിച്ചിരുന്നില്ലെന്ന് മറുപടിയിലുണ്ട്. എന്നാല്‍, ഏതുതെരഞ്ഞെടുപ്പുകള്‍ക്ക് എന്ന വ്യക്തമാക്കിയിട്ടുമില്ല. ജില്ലയിലെ സ്റ്റോര്‍ റൂമില്‍ നിലവില്‍ 201 ഡി.എം.എമ്മുകള്‍ മാത്രമാണുള്ളത്. എന്നാല്‍, ഇവിടെ നിന്ന് എത്ര വോട്ടിങ് യന്ത്രങ്ങള്‍ കാണാതായെന്ന വിവരം ജില്ലാ അധികൃതര്‍ക്കു നല്‍കാന്‍ കഴിഞ്ഞില്ല. മണ്ഡ്സൊര്‍, ഷാജാപൂര്‍, ബാലഘട്ട്, അശോക് നഗര്‍, ധര്‍, സിനോയ്, ശിവ്പുരി, അനുപൂര്‍ എന്നിവിടങ്ങളിലും ഇ.വി.എം യൂനിറ്റുകള്‍ അപ്രത്യക്ഷമായിട്ടുണ്ട്. നൂറുകണക്കിന് ഇ.വി.എമ്മുകള്‍ അപ്രത്യക്ഷമായ സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്ന് ആര്‍.ടി.ഐ ആക്ടിവിസ്റ്റ് അജയ് ദുബേ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒക്ടോബറില്‍ നടന്ന നിയസമഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയ മധ്യപ്രദേശില്‍ ആറുമാസത്തിനു ശേഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ള 29ല്‍ ഒരിടത്ത് മാത്രമായിരുന്നു പാര്‍ട്ടി വിജയിച്ചത്. ഇതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. വോട്ടെടുപ്പിനിടെ 30 ഓളം ഇ.വി.എമ്മുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെരിഫൈ ചെയ്തിരുന്നില്ലെന്നും കണ്ടെത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: