മദ്യപരിശോധനയില്‍ പരാജയപ്പെട്ടു; എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടറെ വിമാനം പറത്താന്‍ അനുവദിച്ചില്ല

മുംബൈ: മദ്യപരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ചീഫ് ഓഫ് ഓപ്പറേഷന്‍സ് ഡയറക്ടറും, എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ക്യാപ്റ്റന്‍ എ.കെ.കത്പാലിയയെ വിമാനം പറത്താന്‍ അനുവദിച്ചില്ല. ഞായാറാഴ്ച ഉച്ചകഴിഞ്ഞ് 2.45 നുളള ന്യൂഡല്‍ഹി – ലണ്ടന്‍ വിമാനം പറത്തേണ്ടിയിരുന്നത് കത്പാലിയ ആയിരുന്നു. ഇതിനിടെ, എയര്‍ ഇന്ത്യയുടെ മറ്റരു വിമാനത്തിലെ കോ പൈലറ്റ് മദ്യപരിശോധന നടത്തിയില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം പറന്നുയര്‍ന്ന് രണ്ട് മണിക്കൂറിനു ശേഷം തിരിച്ചിറക്കി.

ക്യാപ്റ്റന്‍ കത്പാലിയയ്ക്ക് രണ്ടു തവണ ബ്രീത്ത് അനലൈസര്‍ പരിശോധന നടത്തിയെന്നും രണ്ടു തവണയും ഫലം പോസീറ്റീവായിരുന്നുവെന്നും എയര്‍ ഇന്ത്യ അറിയിച്ചു. വിമാന ജീവനക്കാര്‍ ജോലി തുടങ്ങുന്നതിനു 12 മണിക്കൂര്‍ മുമ്പു മുതല്‍ മദ്യപിക്കരുതെന്നാണ് നിയമം. വിമാനം ഓപ്പറേറ്റ് ചെയ്യുന്നതിനു മുമ്പും അതിനു ശേഷവും ആല്‍ക്കഹോള്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും ചട്ടമുണ്ട്. 2017 ജനവരിയില്‍ ആല്‍ക്കഹോള്‍ പരിശോധനയ്ക്ക് വിധേയമാകാതെ ന്യൂഡല്‍ഹി – ബാംഗ്ലൂര്‍ വിമാനം കത്പാലിയ പറത്തിയതായി ഇന്ത്യന്‍ കൊമേഴ്സ്യല്‍ അസോസിയേഷന്‍ പരാതിപ്പെട്ടിട്ടുള്ളതാണ്. ഡല്‍ഹിയില്‍ തിരികെ വന്നതിനു ശേഷം രജിസ്റ്ററില്‍ ആല്‍ക്കഹോള്‍ പരിശോധന നടത്തിയതായി വ്യാജമായി എഴുതി ചേര്‍ക്കുകയായിരുന്നു.

എയര്‍ ഇന്ത്യയുടെ ന്യൂഡല്‍ഹി – ബാങ്കോക്ക് വിമാനത്തിലെ കോ പൈലറ്റ് ആല്‍ക്കഹോള്‍ പരിശോധന നടത്തിയില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഞായറാഴ്ച തിരിച്ചിറക്കിയത്. വിമാനം പറന്നുയരുന്നതിനു മുമ്പ് കമാന്‍ഡര്‍ ഇക്കാര്യം അന്വേഷിച്ചപ്പോള്‍ പരിശോധനയ്ക്ക് വിധേയമായെന്ന് കോ പൈലറ്റ് അവകാശപ്പെട്ടിരുന്നു. ഗ്രൗണ്ട് ഡ്യൂട്ടിയിലുള്ളവര്‍ കോ പൈലറ്റിന്റെ കള്ളത്തരം കണ്ടുപിടിച്ചതോടെ വിമാനം മടക്കി കൊണ്ടുവരികയായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടു മണിക്കു പുറപ്പെട്ട വിമാനം നാലു മണിക്ക് തിരികെ എത്തി.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: