മതരാഷ്ട്രീയം നിറയുമ്പോള്‍ കാംപസുകള്‍ എന്തുചെയ്യുന്നു

നമ്മുടെ രാജ്യം പല വിധത്തിലുള്ള വര്‍ഗീയ ചേരിതിരിവുകള്‍ക്കും മതസംഘര്‍ഷങ്ങള്‍ക്കും വേദിയാകുകയാണ്. മുന്‍പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം മതത്തിന്റെയും ജാതിയുടെയും പേരിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നു. വര്‍ഗീയ ധ്രൂവീകരണത്തിലൂടെ വോട്ട് നേടി അധികാരം നിലനിര്‍ത്താനുള്ള രാഷ്ട്രീയ അജന്‍ഡയാണ് ഇന്നു നടപ്പാകുന്നത്. കേരളത്തിലും വര്‍ഗീയതയുടെ വിത്തുകള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് സമകാലീന സംഭവങ്ങള്‍ തെളിയിക്കുന്നത്. മതപരമായും വര്‍ഗ്ഗീയപരമായും സാംസ്‌കാരികസാമൂഹിക അസമത്വങ്ങളും ജാതിമേല്‍ക്കോയ്മയും പ്രാദേശികവാദവും ഉള്‍പ്പെടെ എല്ലാം സടകുടഞ്ഞ് എഴുന്നേല്‍ക്കുകയാണ്.

ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ഏതു മതത്തില്‍ വിശ്വസിക്കുവാനും ഏതു ഭക്ഷണ രീതി പിന്‍തുടരാനും എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ദാദ്രിയില്‍ അടുത്തിടെ ബീഫ് കഴിച്ചതിന്റെ പേരില്‍ ഒരു മുസ്ലിം വിശ്വാസിയെ തല്ലിക്കൊന്നതും അമ്പലത്തില്‍ കയറിയതിന്റെ പേരില്‍ ദളിതനെ കൊന്നതും വര്‍ഗീയ ധ്രുവീകരണത്തിന്റെ നേര്‍സാക്ഷ്യമാണ്. കേരളത്തിലും ഹിന്ദു മുസ്ലീം ക്രിസ്ത്യന്‍ സമൂദായങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം ചൂടുപിടിക്കുകയാണ്. ഇന്ത്യയുടെയും കേരളത്തിന്റെയും മതേതരനിലപാടുകള്‍ക്ക് പോറലേല്‍ക്കുകയാണ്. ഒരു വ്യക്തി എന്തു വായിക്കണം, എന്തു കാണണം, എന്തു കഴിക്കണം എന്നൊക്കെ അധികാരവര്‍ഗം ആജ്ഞാപിക്കുമ്പോള്‍ ഫാസിസ്റ്റ് ഭീഷണിയെ നേരിടാന്‍ ചങ്കുറപ്പുള്ള ഒരു സമൂഹം ഉണ്ടാവേണ്ടതുണ്ട്. ഇവിടെയാണ് കാംപസ് രാഷ്ട്രീയം വീണ്ടും ചര്‍ച്ചയാകുന്നത്. കേരളത്തില്‍ വര്‍ഗീയത വിഷം തുപ്പുമ്പോള്‍ കേരളത്തിലെ ക്യാംപസുകള്‍ ഈ അവസ്ഥയോട് പ്രതികരിച്ചതെങ്ങനെയെന്ന് വിലയിരുത്തേണ്ടതുണ്ട്.

കേരളത്തിലെ കാമ്പസുകള്‍ സാമൂഹിക മാറ്റങ്ങള്‍ക്ക് ലോകത്തോടൊപ്പം നടന്നിരുന്നു. ഒരണ സമരം മുതല്‍ സമൂഹത്തിന്റെ മനസാക്ഷി ആയി മാറ്റങ്ങള്‍ക്കൊപ്പം നടന്നിരുന്നത് രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ ഉള്ള ഒരു ജനതയുടെ നേട്ടമായിരുന്നു. എന്നാല്‍ കുത്തക മാധ്യമങ്ങളും വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളും അധികാരം മാത്രം ലക്ഷ്യമാക്കിയവരും ചേര്‍ന്നതും ആധുനിക കാലത്തിന്റെ കാഴ്ച്ചപാട് ‘ഇതാണെന്ന്’ തെറ്റിദ്ധരിപ്പിച്ചും കേരളത്തിലെ കാമ്പസുകളില്‍ നിന്ന് അരാഷ്ട്രീയ വാദികളെ അടവച്ച് വിരിയിച്ചും , പഠനത്തില്‍ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയത്തിനും സാധ്യത ഇല്ല എന്ന് നീതിപീഠങ്ങളെ പോലും തെറ്റിദ്ധരിപ്പിച്ച ും ഈ വിഭാഗം മുന്നേറിയപ്പോള്‍ തകര്‍ന്ന് വീഴുന്നത് ഒരു ജനത വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത സാമൂഹിക അടിത്തറ ആയിരുന്നു. അവിടെ വളര്‍ന്നത് വര്‍ഗ്ഗീയ ഫാസിസ്റ്റ് കാഴ്ച്ചപ്പാടുകളും ചൂഷണ വിഭാഗങ്ങളും. ഇതിന് ഹേതുവായി തീര്‍ന്നത് വിരോധാഭാസമെന്ന് പറയേണ്ടത് കാമ്പസുകളില്‍ നടന്ന നിഷേധിക്കാനാവാത്തതും ഓടിയൊളിക്കാനാവാത്തതുമായ അക്രമങ്ങള്‍ നടത്തിയ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളായിരുന്നു.

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചത് മണ്ടത്തരമായി എന്നാണ് കെ.എസ്.യു നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം എ.കെ ആന്റണി പറഞ്ഞത് . 2002ല്‍ സോജന്‍ ഫ്രാന്‍സിസ് കേസിലാണ് തങ്ങളുടെ പരിഗണനാ വിഷയത്തിനപ്പുറം പോയി ഹൈക്കോടതി വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കുന്ന വിധി പുറപ്പെടുവിക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ മാനേജ്‌മെന്റുകളും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും ചേര്‍ന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരായി ആസൂത്രിത ആക്രമണം അഴിച്ചുവിടുകയും വിദ്യാര്‍ത്ഥി രാഷ്ട്രീയമെന്നാല്‍ അക്രമരാഷ്ട്രീയം എന്ന ഒരു സമവാക്യം സൃഷ്ടിക്കുകയും ചെയ്തപ്പോള്‍ സമൂഹം കാമ്പസ് രാഷ്ട്രീയം നിരോധിക്കുന്നതിനെ പിന്തുണച്ചു. പുരോഗമനമെന്ന് സ്വയം വിളിച്ചവരും, ജനാധിപത്യമെന്ന് സ്വയം പ്രഖ്യാപിച്ചവരും ഒക്കെ നേതാക്കളുടെ ചട്ടുകങ്ങളായപ്പോള്‍ വെറുക്കപ്പെട്ടവരായി മാറിയ യുവ ജനതയ്ക്ക് രാഷ്ട്രീയം അപകടം നിറഞ്ഞതായി അനുഭവപ്പെട്ടു.

സര്‍ക്കാരിന്റെ അധികാരത്തണലും ചെറുത്തുനില്‍ക്കേണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ നിയമത്തിന്റെ പിന്‍ബലത്തോടെ പ്രതിരോധത്തിലാക്കുകയും ചെയ്തതോടെ മതസാമുദായിക കച്ചവട ശക്തികള്‍ കൂടുതല്‍ അക്രമാസക്തരായിത്തീര്‍ന്നിരിക്കുന്നു. ഇതിന്റെ പരിണിതഫലമായി വര്‍ഗ്ഗീയതയും വിഭാഗീയതയും ജനാധിപത്യം എന്താണന്ന് പോലും അറിയാത്ത ഭാവിയിലെ ചൂഷണത്തിന്റെ ഇരകളാകാന്‍ കാത്തിരിക്കുന്ന മറ്റൊരു വിഭാഗത്തെക്കൊണ്ടു കാമ്പസുകള്‍ നിറഞ്ഞു. ഇതിന്റെ ഫലമാണ് ഇന്ന് കേരളത്തില്‍ കാണുന്ന വര്‍ഗ്ഗീയതയും വെറി പൂണ്ട ജനതയും . ഇതിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ട കേരളത്തിന്റെ രോദനങ്ങള്‍ക്ക് വിദേശ മലയാളികള്‍ സ്വയം ഭരണ സ്ഥാപങ്ങളില്‍ അയച്ച് കുട്ടികളെ സങ്കുചിത ചിത്തരായി സൃഷ്ടിച്ചതോടെ അത് ഫാഷനുമാക്കപ്പെട്ടു. വെഞ്ചാമരം വീശി മാധ്യമ കുത്തകകളും. സാമൂഹ്യബോധവും ധാര്‍മികതയും വിദ്യാര്‍ഥികള്‍ക്ക് അന്യമായിക്കൊണ്ടിരിക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണുവലിയൊരു വിഭാഗം വിദ്യാര്‍ഥികളെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ ദിനംപ്രതി പുറത്തുവരുന്നു. കുടുംബത്തിലെ മുതിര്‍ന്നവര്‍ക്ക് അവരുടെമേല്‍ നിയന്ത്രണമില്ലാതായതും പണക്കൊഴുപ്പും അഴിഞ്ഞാട്ടത്തിനു വളമാകുന്നു.

ഇവിടെ നഷ്ടപ്പെട്ടത് ലോകത്തെ എല്ലാക്കാലത്തേയും മാറ്റങ്ങള്‍ക്ക് കുഴലൂതിയ കാമ്പസുകളുടെ നിശ്ചേഷ്ടവും ചടുലവുമായ ചിന്തകളുടേയും പ്രതികരണങ്ങളുടേയും മരണമാണ് മൃതപ്രായമായ ജീവസുറ്റ കാമ്പസുകള്‍ തിരികെ കിട്ടുവാനും ആദര്‍ശം നെഞ്ചിലേറ്റിയ ജനത ഉണരുവാനും കാമ്പസുകളിലെ വിദ്യാര്‍ത്ഥികള്‍ ഉണരണം. അല്ലാത്ത പക്ഷം വരാനിരിക്കുന്നത് വിവേകാനന്ദന്‍ പോലും കാണാത്ത ഭ്രാന്താലയം എന്നതിനപ്പുറം കാശാപ്പ് ശാലകളായിരിക്കും. ഇന്ന് നാം ജീവിക്കുന്ന സമാധാന ജീവിതം (നഷ്ടപ്പെട്ട് തുടങ്ങിയത് തിരിച്ചറിയുക) എങ്ങിനെ നമുക്ക് കരഗതമായി എന്ന്.

ഒരു വരി കവിത ഓര്‍മ്മിക്കുക..

‘നിങ്ങള്‍ ഓര്‍ക്കുക നിങ്ങള്‍ എങ്ങനെ നിങ്ങളായെന്ന്..’

Share this news

Leave a Reply

%d bloggers like this: