മതത്തിന്റെ പേരിലുള്ള വിവേചനം ഇന്ത്യയില്‍ ശക്തമാകുമ്പോള്‍ ലോകത്ത് മതവിശ്വാസികളുടെ എണ്ണം കുറയുന്നു

അമേരിക്കയില്‍ നിരീശ്വരവാദം വര്‍ധിക്കുന്നു; ക്രിസ്തു ഒരു സങ്കല്‍പ്പം മാത്രമെന്ന് വിശ്വസിക്കുന്നവര്‍ നിരവധി

തീവ്ര മതചിന്തകള്‍ ലോകമെങ്ങും നാശം വിതയ്ക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നാം ഇന്നോളം കൈവരിച്ച സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക പുരോഗതികളെ അത് നിരാകരിക്കുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനം മുന്‍പെങ്ങുമില്ലാത്ത വിധം അല്ലെങ്കില്‍ മുന്‍പത്തേക്കാള്‍ രൂക്ഷമായി സമൂഹത്തില്‍ വര്‍ധിക്കുന്നു. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. അന്യമതസ്ഥരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും സ്വാഗതം ചെയ്യാനുമുള്ള സഹിഷ്ണുത നഷ്ടമാകുന്നതിനെ കുറിച്ചാണ് ഇന്ന് സജീവ ചര്‍ച്ചകള്‍ നടക്കുന്നത്. മതങ്ങളുടെ സ്വാധീനം രാഷ്ട്രീയത്തില്‍ വളരെയധികം വര്‍ധിച്ചിരിക്കുന്നു. രാഷ്ട്രീയ സംഘടനകള്‍ ഒളിഞ്ഞും തെളിഞ്ഞും സമുദായ നേതാക്കന്മാരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും സമുദായ നേതാക്കന്മാര്‍ പരസ്യമായി രാഷ്ട്രീയ നിലപാടുകള്‍ വെളിപ്പെടുത്തുകയും ചെയ്യുന്നു. കേരളത്തില്‍ സാമുദായിക സംഘടനകള്‍ കൂപ്പുകൈയുമായി നമുക്കു മുന്നില്‍ വന്നു വോട്ടു ചോദിക്കുന്നു. ഹിന്ദു, മുസ്ലിം, ക്രൈസ്തവ മത മേലധികാരികള്‍ മതത്തിന്റെ പേരിലുള്ള വിവേചനം ഊട്ടിയുറപ്പിക്കാനാണ് ശ്രമിക്കുന്നത്. എല്ലാ മനുഷ്യരെയും ഒരുപോലെ സ്‌നേഹിക്കാനും അംഗീകരിക്കാനുമാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്. മതം പഠിപ്പിക്കുന്ന നല്ല ആശങ്ങള്‍ ഒന്നു പോലും പാലിക്കാത്തവരാണ് അമ്പലത്തില്‍ കയറിയ ദളിതനെയും പോത്തിറച്ചി കഴിച്ച മുസ്ലിമിനെയും തല്ലിക്കൊല്ലുന്നത്. യഥാര്‍ഥ ദൈവ വിശ്വാസികള്‍ക്ക് മറ്റു മനുഷ്യരെ ബോംബു വെച്ചും വടിവാള്‍ കൊണ്ടു വെട്ടിയും കൊല്ലാനാകില്ലെന്നതാണു സത്യം. സ്‌നേഹവും സഹിഷ്ണുതുയാണ് എല്ലാ മതങ്ങളുടെയും അടിസ്ഥാനം. ഈ അടിസ്ഥാന തത്വം മറന്നു കൊണ്ടാണ് കോഴിക്കോട് മാന്‍ഹോളില്‍ വീണു മരിച്ച നൗഷാദിനെ മുസ്ലിമായി കാണുന്ന മനോവികാരം ഉയരുന്നത്. ഈ സാഹചര്യത്തില്‍ മതത്തിന്റെ വേലിക്കെടുകള്‍ക്കപ്പുറത്ത് മനുഷ്യനെ തിരിച്ചറിയാനുള്ള ആര്‍ജവമാണ് പുതിയ തലമുറയില്‍ നിന്നെങ്കിലും ഉണ്ടാകേണ്ടത്. മതതീവ്രവാദം അത് ഏതു മതത്തില്‍ നിന്നായാലും ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം ഏതായാലും അപകടകരമാണെന്നതില്‍ തര്‍ക്കമില്ല.

ഇന്ത്യയില്‍ മതത്തിന്റെ പേരിലുള്ള അസഹിഷ്ണുത ശക്തമാകുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതവിശ്വാസികളുടെ എണ്ണം കുറഞ്ഞു വരുന്നതായി പുതിയ പഠനങ്ങല്‍ തെളിയിക്കുന്നു. അത്തരത്തില്‍ അമേരിക്കയില്‍ നടന്ന ഒരു പഠനത്തിന്റെ വിവരങ്ങളാണ് ഇന്‍ക്വസിറ്റര്‍ എന്ന വെബ് സൈറ്റ് പുറത്തുവിട്ടിരിക്കുന്നത്.

സംഘടിതമായ മതമെന്ന ആശയത്തിന് അമേരിക്കയില്‍ ശക്തി കുറയുന്നതായാണ് സര്‍വേ വ്യക്തമാക്കുന്നത്. നിരവധി കാരണങ്ങളാലാണ് ഇങ്ങനെ സംഭവിക്കുന്നത്. മതപരമായ ആചാരങ്ങളില്‍ വിശ്വസിക്കാനും അതു പിന്‍തുടരാനും മതമെന്ന സംഘടിത വ്യവസ്ഥയില്‍ നിലനില്‍ക്കാനും താല്‍പര്യമില്ലാത്തവരാണ് ചിലര്‍. യേശു ക്രിസ്തു ഒരു കാല്‍പ്പനിക കഥയോ (മിത്ത്) സങ്കല്‍പ്പമോ ആയിരുന്നെന്നും ക്രിസ്തു ഒരു യാഥാര്‍ഥ്യമല്ലെന്നും ചിന്തിച്ച് നിരീശ്വരവാദത്തിലേക്കു തിരിഞ്ഞവരാണ് മറ്റൊരു കൂട്ടര്‍. ദൈവത്തില്‍ വിശ്വസിക്കുന്നവരുടെയും ദിവസേന പ്രാര്‍ഥിക്കുകയോ പള്ളിയില്‍ പോകുകയോ ചെയ്യുന്നവരുടെ കുറഞ്ഞു വരികയാണെന്നാണ് പ്രായപൂര്‍ത്തിയായ
35,000 ത്തിലധികം ആളുകളില്‍ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്. ഇന്‍ക്വിസിറ്റര്‍ വെബ്‌സൈറ്റിലാണ് സര്‍വേ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സര്‍വേയില്‍ വെളിപ്പെട്ട മറ്റു ചില വസ്തുതകള്‍ ഇവയാണ്.

  • ദൈവമുണ്ടെന്ന് ഉറപ്പിച്ചു പറയുന്നവരുടെ എണ്ണം 2007 ലെ 71 ശതമാനത്തില്‍ നിന്ന് 63 ശതമാനമായിരിക്കുന്നു.
  •  കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ജീവിതത്തില്‍ മതത്തിന് പ്രാധാന്യം കല്‍പ്പിക്കുന്നവരുടെയും ദിവസേന പ്രാര്‍ഥിക്കുന്നവരുടെയും മാസത്തില്‍ ഒരിക്കലെങ്കിലും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നവരുടെയും എണ്ണം മൂന്നു മുതല്‍ നാലു ശതമാനം വരെ കുറഞ്ഞിരിക്കുന്നു.
  • 2007 മുതലിങ്ങോട്ട് താന്‍ ഒരു മതവിശ്വാസിയാണെന്ന് പ്രഖ്യാപിക്കുന്ന പ്രായപൂര്‍ത്തിയായവരുടെ ശതമാനം ആറു പോയിന്റ് കുറഞ്ഞ് 83 ല്‍ നിന്ന് 77 ആയിരിക്കുന്നു.

കണക്കുകള്‍ ചെറുതായി തോന്നാമെങ്കിലും ഈ ട്രെന്‍ഡ് വലിയ രീതിയില്‍ വര്‍ധിച്ചു വരികയാണ്. ലോകം മുഴുവന്‍ സംഭവിക്കുന്ന വിശ്വാസ തകര്‍ച്ച തന്നെയാണ് അമേരിക്കയിലും സംഭവിച്ചിരിക്കുന്നതെന്ന് ലേഖനം പറയുന്നു. യേശു ക്രിസ്തു യഥാര്‍ഥത്തില്‍ ജീവിച്ചിരുന്ന വ്യക്തിയാണെന്ന് ഇംഗ്ലണ്ടിലെ 40 ശതമാനം പേരും വിശ്വസിക്കുന്നില്ലെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാങ്കല്‍പ്പിക കഥാപാത്രമായാണ് അവര്‍ ക്രിസ്തുവിനെ കാണുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 43 ശതമാനം പേര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ വിശ്വസിക്കുന്നു. പക്ഷേ അത് ബൈബിളില്‍ വിവരിച്ചിരിക്കുന്നതു പോലെയാണെന്ന് അവര്‍ വിശ്വസിക്കുന്നില്ലത്രേ. പത്തില്‍ നാലു പേര്‍ യേശു ക്രിസ്തു ഒരു യഥാര്‍ഥ വ്യക്തിയല്ലെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു. കെട്ടുകഥയിലെ കഥാപാത്രമായോ സങ്കല്‍പ്പമായോ ആണ് 18 ുമതല്‍ 34 വരെ പ്രായമുള്ളവരിലെ 25% പേരും വിശ്വസിക്കുന്നത്. 2000 വര്‍ഷങ്ങള്‍ക്കു മുന്‍പു ജീവിച്ചിരുന്ന യഥാര്‍ഥ വ്യക്തിതന്നെയാണ് ക്രിസ്തുവെന്ന് ഭൂരിഭാഗം പണ്ഡിതരും സമ്മതിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള മറ്റു കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു വിധേയമാക്കണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. സര്‍വേയില്‍ പങ്കെടുത്ത 57% പേരും ക്രൈസ്തവരെന്നാണ് തങ്ങളെ രേഖപ്പെടുത്തുന്നത്. അടുത്ത വലിയ വിഭാഗം നിരീശ്വരവാദികളാണ്. 12% പേര്‍. അവിശ്വാസികള്‍ 9% വും മുസ്ലിംങ്ങള്‍ 3% വും ജൂതരും ഹിന്ദുക്കളും 2% വുമാണ്.

മതവിശ്വാസങ്ങള്‍ ദുര്‍ബലപ്പെടുത്താനും നിരീശ്വരവാദം പ്രോത്സാഹിപ്പിക്കാനും രാഷ്ട്രീയ കക്ഷികള്‍ ശ്രമം നടത്തുന്നുണ്ടെന്ന് ലേഖനം പറയുന്നു. മതവിശ്വാസമില്ലാത്തവരുടെ വര്‍ധന കൊണ്ട് ഏറ്റവുമധികം പ്രയോജനം ലഭിക്കുന്നത് ഡെമോക്രാറ്റുകള്‍ക്കാണത്രേ. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഏറ്റവും വലിയ മതസംഘടന ഇവാഞ്ചലിക്കല്‍സാണ്. എട്ടു വര്‍ഷത്തിനിടെ അവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

സംഘടിത മതവ്യവസ്ഥയിലും ദൈവത്തിലും വിശ്വാസമില്ലാത്ത നിരീശ്വരവാദം പിന്‍തുടരുന്ന വിഭാഗം എല്ലാക്കാലത്തുമുണ്ടായിരുന്നു. ക്രിസ്തു യഥാര്‍ഥ വ്യക്തിയല്ലെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നവരുടെയും അദ്ദേഹം ഒരു കെട്ടുകഥയിലെ കഥാപാത്രമാണെന്നു വിശ്വസിക്കുന്നവരുടെയും എണ്ണം വര്‍ധിക്കുകയാണ്. ഇതു തുടര്‍ന്നാല്‍ 50% ത്തോളം അമേരിക്കക്കാരും ക്രിസ്തു ജീവിച്ചിരുന്നില്ലെന്ന് വിശ്വസിക്കുന്നവരാകും. സാമാന്യ ജനവിഭാഗത്തിനിടയില്‍ നിരീശ്വരവാദം വര്‍ധിച്ചില്ലെങ്കിലും നിരീശ്വരവാദത്തില്‍ ഇപ്പോള്‍ വിശ്വസിക്കുന്നവര്‍ക്കിടയില്‍ അതിന് പ്രചാരമേറുകയാണ്. എന്നാല്‍ ഇതൊന്നും ക്രിസ്തു ഒരു യാഥാര്‍ഥ്യമല്ലെന്നതിനു തെളിവാകുന്നുമില്ലെന്ന് ലേഖനം വ്യക്തമാക്കുന്നു.

-എംഎന്‍-

Share this news

Leave a Reply

%d bloggers like this: