മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെയും മദ്യത്തിന്റെയും സാന്നിദ്ധ്യം മാത്രം: പൊലീസ് ഹൈക്കോടതിയില്‍

കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെയും മദ്യത്തിന്റെയും സാന്നിദ്ധ്യം മാത്രമാണ് കണ്ടെത്തിയതെന്നും ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ നടത്തിയ രക്ത സാമ്പിള്‍ പരിശോധനയുടെ റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡിന്റെ പരിഗണനയ്ക്കു സമര്‍പ്പിച്ചെന്നും പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു.

മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ചാലക്കുടി പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇക്കാര്യം വ്യക്തമാക്കി സ്റ്റേറ്റ്‌മെന്റ് നല്‍കിയത്. മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശത്തിനൊപ്പം ക്ലോറോപൈറിഫോസ് എന്ന കീടനാശിനിയുടെ സാന്നിദ്ധ്യമുണ്ടെന്ന് രക്തസാമ്പിള്‍ പരിശോധിച്ച എറണാകുളം റീജിയണല്‍ കെമിക്കല്‍ ലാബിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ വിഷം ഉള്ളില്‍ ചെന്നതിന്റെ ലക്ഷണങ്ങള്‍ മണി പ്രകടിപ്പിച്ചില്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മണിയുടെ ശരീരത്തില്‍ കീടനാശിനിയെത്താനുള്ള സാദ്ധ്യത വളരെ കുറവായതിനാലും ഇതിന്റെ അളവ് കണ്ടെത്താന്‍ ലാബിന് കഴിയാത്തതിനാലും രക്തസാമ്പിളടക്കം ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിനു കൈമാറി.

ഈ റിപ്പോര്‍ട്ടില്‍ വിഷമദ്യത്തിന്റെയും മദ്യത്തിന്റെയും സാന്നിദ്ധ്യം മാത്രമാണ് പറയുന്നത്. കേസിന്റെ അന്വേഷണം തുടരുകയാണ്. സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും ഇതുവരെ സിബിഐ അഭിപ്രായം അറിയിച്ചിട്ടില്ലെന്നും സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു. 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും രാസ പരിശോധനാ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ മരണത്തിനു കാരണമായേക്കാവുന്ന നാലു സാദ്ധ്യതകളാണ് പൊലീസ് പരിശോധിച്ചത്. രോഗം മൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളില്‍ചെന്നുള്ള മരണം എന്നിവയാണവ.

ഗുരുതരമായ കരള്‍രോഗം, വൃക്കയുടെ തകരാര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ മണിക്കുണ്ടായിരുന്നു. ഇതു വഷളായതാണോ മരണ കാരണമെന്നതില്‍ വിദഗ്ദ്ധരുടെ അഭിപ്രായം തേടിവരികയാണ്. മണിയുടെ സാമ്പത്തിക ഇടപാടുകള്‍, റിയല്‍ എസ്റ്റേറ്റ് ബിസിനസ്, സിനിമാ മേഖലയിലെ ശത്രുത, ക്രിമിനലുകളുമായി മണിക്കുണ്ടായിരുന്ന അടുപ്പം തുടങ്ങിയവ വിശദമായി പരിശോധിച്ചു. എന്നാല്‍ കൊലപാതകമാണെന്ന് സംശയിക്കാവുന്ന ഒന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 2016 ജനുവരി മുതല്‍ മണി കുടുംബവുമായി അകന്നു കഴിയുകയായിരുന്നു. സ്റ്റേജ് ഷോകളിലും സിനിമകളിലും താല്‍പര്യം കാണിച്ചില്ല. അമിതമദ്യപാന സ്വഭാവം ഉണ്ടായിരുന്നു. ആത്മഹത്യയ്ക്ക് ഇവയൊക്കെ കാരണമാകാമെങ്കിലും മരണത്തോടടുത്ത ദിവസങ്ങളിലെ മണിയുടെ സ്വഭാവം പരിശോധിച്ചതില്‍ ഇതിനു സാധ്യതയില്ല. മണിയോ കൂട്ടുകാരോ വാറ്റുചാരയം ഉള്‍പ്പടെ വിഷമദ്യം കലരാന്‍ സാധ്യതയുള്ള പാനീയങ്ങള്‍ കഴിക്കാറില്ല. കീടനാശിനിയുടെ കുപ്പിയൊന്നും ഔട്ട് ഹൗസ് പരിസരത്തു നിന്ന് കണ്ടെത്തിയിട്ടുമില്ല. ക്ലോറോപൈറിഫോസ് എന്ന കീടനാശിനിക്ക് രൂക്ഷഗന്ധമായതിനാല്‍ അറിയാതെ കഴിക്കാനുള്ള സാധ്യതയില്ല തുടങ്ങിയകാര്യങ്ങളാണ് പൊലീസ് പ്രധാനമായും പരിശോധിച്ചതില്‍ നിന്ന് വ്യക്തമായിട്ടുള്ളത്.

കേസന്വേഷണത്തിന്റെ ഭാഗമായി സാക്ഷികളെ ചോദ്യം ചെയ്തതിനു പുറമേ പോളിഗ്രാഫ് ടെസ്റ്റ് ഉള്‍പ്പടെ നടത്തി. മരണത്തിന്റെ സാദ്ധ്യതകള്‍ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കി. പൊലീസ് അന്വേഷണം തുടരുന്നു. സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും ഇതുവരെ സിബിഐ അഭിപ്രായം അറിയിച്ചിട്ടില്ല.

 

 

എ എം

Share this news

Leave a Reply

%d bloggers like this: