മണിപ്പാല്‍ കൂട്ടബലാത്സംഗം: 3 പേര്‍ക്ക് ജീവപര്യന്തം

മണിപ്പാല്‍ കൂട്ടബലാത്സംഗം: 3 പേര്‍ക്ക് ജീവപര്യന്തം
മംഗലാപുരം: മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ മലയാളി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം ചെയ്തകേസില്‍ മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവ്. പ്രതികളായ യോഗേഷ് പൂജാരി, ഹരിപ്രസാദ്, ആനന്ദ് എന്നിവര്‍ക്കാണ് ഉടുപ്പി ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2013 ജൂണ്‍ 20ന് രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. സര്‍വകലാശാലാ ലൈബ്രറിയില്‍നിന്ന് ഫ്‌ലാറ്റിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥിനിയെ മൂന്നുപേര്‍ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒണ്‍ടിബെട്ടു ഗ്രാമത്തില്‍ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലെത്തത്തിച്ച് ഓട്ടോ െ്രെഡവര്‍ ഉള്‍പ്പെടുന്ന സംഘം ബലാത്സംഗം ചെയ്തതായാണ് കേസ്.

മണിപ്പാല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സദാനന്ദ തിപ്പണ്ണാവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഏറെ വൈകാതെ പ്രതികളെ പിടികൂടി. പ്രതികളില്‍ ഒരാളായ ഒണ്‍ടിബെട്ടുവിലെ യോഗേഷ് പൂജാരി അറസ്റ്റ് ഭയന്ന് വിഷം കഴിച്ചശേഷം പശ്ചിമമേഖല ഐ.ജി. പ്രതാപ് റെഡ്ഡിയെ ഫോണ്‍ വിളിച്ച് കുറ്റസമ്മതം നടത്തി. ഓട്ടോ, ടാക്‌സി കാര്‍ െ്രെഡവറായ യോഗേഷ് പോലീസ് കസ്റ്റഡിയില്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹരിപ്രസാദ് എന്ന മറ്റൊരു ഓട്ടോ െ്രെഡവറും അറസ്റ്റിലായി. സഹോദരന്റെ ഓട്ടോറിക്ഷയിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഹരിപ്രസാദും പോലീസില്‍ കുറ്റസമ്മതം നടത്തി. പര്‍ക്കളയിലെ വീട്ടില്‍ തിരിച്ചെത്തി ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടയിലാണ് മറ്റൊരു പ്രതിയായ ആനന്ദ് പോലീസിന്റെ പിടിയിലായത്. തെളിവ് നശിപ്പിച്ച കുറ്റത്തിന് യോഗേഷിന്റെ സഹോദരന്‍ ബാലചന്ദ്രയും ഹരിപ്രസാദിന്റെ സഹോദരന്‍ ഹരീന്ദ്രയും പിന്നീട് അറസ്റ്റിലായി.

ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ചിക്മഗലൂര്‍, ഉഡുപ്പി ജില്ലകളിലെയും മംഗലാപുരം സിറ്റി പോലീസിലെയും ഇരുനൂറിലേറെവരുന്ന പോലീസ് ഉദ്യോഗസ്ഥരും സാങ്കേതികവിദഗ്ധരും ചേര്‍ന്നാണ് കേസന്വേഷണം ലക്ഷ്യത്തിലെത്തിച്ചത്. 2013 ആഗസ്ത് 22ന് 650 പേജ് വരുന്ന കുറ്റപത്രം മണിപ്പാല്‍ പോലീസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. 108 പേരുടെ സാക്ഷിപ്പട്ടികയാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. നവംബര്‍ രണ്ടിന് ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയ്ക്ക് വന്ന കേസില്‍ 2014 ജനവരി ആറിനാണ് വിചാരണ തുടങ്ങിയത്. കുറ്റപത്രത്തില്‍ പേര് പരാമര്‍ശിച്ച 15 പേരെയും വിചാരണയ്ക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി മുഖ്യപ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത് വിചാരണ പൂര്‍ത്തിയാക്കുന്നതിന് കാലതാമസം വരുത്തി.

-എജെ-

Share this news

Leave a Reply

%d bloggers like this: