മണിക്കൂറില്‍ 105 മൈല്‍ വേഗതയില്‍ ലെസ്ലി കൊടുങ്കാറ്റ് അയര്‍ലണ്ടിനെ ലക്ഷ്യമാക്കി എത്തുന്നു; പേമാരിയും കൊടുങ്കാറ്റും നാശം വിതയ്ക്കാനെത്തുമെന്ന് സൂചന

ഡബ്ലിന്‍: ജനജീവിതം താറുമാറാക്കാന്‍ അടുത്ത കൊടുങ്കാറ്റ് ഐറിഷ് തീരത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റായി അറ്റ്‌ലാന്റിക്കില്‍ രൂപപ്പെട്ട ലെസ്ലിയാണ് കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് കൊടുങ്കാറ്റായി രൂപം മാറിയത്. ഞായറാഴ്ച മുതല്‍ കൊടുങ്കാറ്റിന്റെ തീവ്രത അനുഭവിച്ചു തുടങ്ങും. 105 kph വേഗതയില്‍ ശക്തമായി ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനൊപ്പം മഴയും ചേരുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. ആദ്യം യുഎസിലേക്ക് യാത്ര ചെയ്യുന്ന കൊടുങ്കാറ്റ് അവിടെ നിന്നും വഴിമാറി ഈ വാരാന്ത്യത്തോടെ യൂറോപ്പ് ലക്ഷ്യമാക്കി നീങ്ങുമെന്നാണ് കരുതുന്നത്. കൊടുങ്കാറ്റിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇപ്പോള്‍ വ്യക്തമായി പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് കാലാവസ്ഥാ പ്രവചനക്കാര്‍ വ്യക്തമാക്കുന്നത്.

എന്നിരുന്നാലും ശക്തമായ കാറ്റും മഴയും പെയ്തിറങ്ങുമെന്ന കാര്യത്തില്‍ ഇവര്‍ ഉറപ്പ് നല്‍കുന്നു. അയര്‍ലന്‍ഡ് കൂടുതല്‍ സുഖകരമായ കാലാവസ്ഥയിലേക്ക് നീങ്ങവെയാണ് കൊടുങ്കാറ്റിന്റെ വരവ്. അടുത്ത ദിവസങ്ങളില്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ ചുറ്റിത്തിരിയുന്ന ലെസ്ലി കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്ന് യുഎസ് നാഷണല്‍ ഹറിക്കേയിന്‍ സെന്റര്‍ വ്യക്തമാക്കി. ഈ ദിവസങ്ങളില്‍ ബര്‍മൂഡ, യുഎസിന്റെയും, കരീബിയയിലെയും കിഴക്കന്‍ തീരങ്ങളിലും ഇതിന്റെ ആഘാതം നേരിടും. ഇതിന് ശേഷമാണ് അയര്‍ലണ്ടിലേക്ക് നീങ്ങുക.

നേരത്തെ എല്‍ നിനോ പ്രതിഭാസം ശക്തമാകുമെന്ന് കരുതിയിരുന്നെങ്കിലും ഇതിന്റെ ശക്തി കുറഞ്ഞത് അയര്‍ലന്‍ഡിന് ആശ്വാസമായിരുന്നു. അല്ലായിരുന്നെങ്കില്‍ ശൈത്യകാലം കൂടുതല്‍ കടുപ്പമേറിയത് ആകുമായിരുന്നു. എല്‍ നിനോ പോയതോടെ ശൈത്യകാലം അത്ര കഠിനമാകില്ലെന്നും താരതമ്യേന സുഖകരവുമാകുമെന്നാണ് പ്രതീക്ഷ. ഇതിനിടെയാണ് ലെസ്ലി കൊടുങ്കാറ്റ് എത്തുന്നത്. വരുദിനങ്ങളില്‍ കൊടുങ്കാറ്റ് ഏത് ദിശയിലേക്ക് നീങ്ങുന്നുവെന്നും എത്രത്തോളം ശക്തി പ്രാപിക്കുമെന്നും അറിയാനായി കാത്തിരിക്കുകയാണ് കാലാവസ്ഥ നിരീക്ഷകര്‍.

അയര്‍ലണ്ടില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും പുറമേ, ശക്തമായ മഞ്ഞുപെയ്ത്തിനും ലെസ്ലി ഇടയാക്കുമെനാണ് കരുതുന്നത്. മാത്രമല്ല ഒക്ടോബര്‍ അവസാനംവരെ ഇതുമൂലമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനവും മഴയും മഞ്ഞുപെയ്യലും അയര്‍ലണ്ടില്‍ തുടരുകയും ചെയ്യും. താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ താഴാമെന്ന് മുന്നറിയിപ്പ് വന്നു കഴിഞ്ഞു. ഏറെ നാശം വിതച്ച് കടന്ന് പോയ ഹെലന്‍, അലി, ബ്രൂണ കൊടുങ്കാറ്റുകളുടെ ഭീതി വീട്ടുമാറും മുമ്പാണ് നാശം വിതയ്ക്കാന്‍ സാധ്യതയുള്ള മറ്റൊരു കൊടുങ്കാറ്റ് കൂടി വരും ദിവസങ്ങളില്‍ അയര്‍ലന്റിലേക്ക് എത്തുമെന്ന് സൂചന നല്‍കിയിരിക്കുന്നത്.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: