മഞ്ഞ് വീഴ്ച കനക്കുന്നു; അയര്‍ലണ്ടില്‍ കാലാവസ്ഥ അതിശൈത്യത്തിലേക്ക്

ഡബ്ലിന്‍: ഈ ആഴ്ച അയര്‍ലണ്ടില്‍ മഞ്ഞ് വീഴ്ച പരിധികടക്കുമെന്നു കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. മന്‍സ്റ്റര്‍, കൊണാക്ട് എന്നിവിടങ്ങളില്‍ ഇന്നും ലെയ്ന്‍സ്റ്റര്‍, അള്‍സ്റ്റര്‍ മേഖലകളില്‍ നാളെയും കനത്ത മഴയ്ക്കും സാധ്യതയുണ്ട്. മഞ്ഞുവീഴ്ചയില്‍ റോഡുകള്‍ ഗതാഗതയോഗ്യമല്ലാതാകാനും ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോകാനും സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നു. ഗതാഗത തടസം, പവര്‍കട്ട്, മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

രാജ്യത്ത് മുഴുവനായി ഈ ആഴ്ച മഞ്ഞ് വീഴ്ച ശക്തമാകുമെന്ന് മെറ്റ് ഏറാന്‍ നേരത്തെ പ്രവചിച്ചിരുന്നു. കടുത്ത മഞ്ഞ് അയര്‍ലണ്ടില്‍ മാത്രമല്ല യൂറോപ്പില്‍ എല്ലായിടത്തും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ആര്‍ട്ടിക്കില്‍ നിന്നും കാറ്റ് വീശുന്നത് ശക്തമായതിനെ തുടര്‍ന്ന് മഞ്ഞ് വീഴ്ചയുടെ ശക്തിയും ഏറി വരികയാണ്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും തണുപ്പ് കൂടുന്നത് മൂലം ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി ആരോഗ്യ വകുപ്പും രേഖപ്പെടുത്തിയിരുന്നു. കൂടിയ താപനില 9 മുതല്‍ 11 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. രാത്രിയില്‍ താപനില മൈനസ് ഡിഗ്രിയിലേക്ക് താഴാം. അയര്‍ലന്റിന് പുറമേ യൂറോപ്പിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കനത്ത മഞ്ഞും, മഴയും ശക്തമായിട്ടുണ്ട്.

റോഡുകളില്‍ ബ്ലാക്ക് ഐസ് ഉണ്ടായേക്കാവുന്നതിനാല്‍ ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ഭൂരിഭാഗം സര്‍വീസുകളും സാധാരണ പോലെ പ്രവര്‍ത്തിക്കുന്നതായി ഡബ്ലിന്‍ ബസ് അറിയിച്ചു. ചില റൂട്ടുകളില്‍ തടസം നേരിട്ടേക്കാം. വാഹനവുമായി പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഗാര്‍ഡ മുന്നറിയിപ്പു നല്‍കുന്നുണ്ട്. കനത്ത മഞ്ഞ് റോഡിലെങ്ങും ഉള്ളതിനാല്‍ മുന്നിലുള്ള കാഴ്ച പോലും മറയ്ക്കുന്നുണ്ട്. ഈ സമയത്ത് ഡ്രൈവിങ് ഏറെ അപകടകരമാണെന്നാണ് പറയുന്നത്. ഹെഡ് ലൈറ്റ് ഡിം ചെയ്ത്, ഫോഗ് ലൈറ്റ് ഓണാക്കി, മുന്നിലുള്ള വാഹനവുമായി കൃത്യം അകലം പാലിച്ചു മാത്രമേ വാഹനമോടിക്കാവൂ. കഴിവതും കുറച്ചു വേഗതയില്‍ മാത്രം വാഹനം ഓടിക്കുക. അത്യാവശ്യമില്ലെങ്കില്‍ സൈക്കിളിലും മറ്റുമുള്ള യാത്രയും കാല്‍നടയും ഒഴിവാക്കുക.

Share this news

Leave a Reply

%d bloggers like this: