മഞ്ഞ് മൂടിയ അന്റാര്‍ട്ടിക്കയില്‍ പച്ചക്കറി വിളയിച്ച് ഗവേഷകര്‍

നാല് ഭാഗവും മഞ്ഞ് മൂടിക്കിടക്കുന്ന അങ്ങ് അന്റാര്‍ട്ടിക്കയില്‍ മണ്ണും വെളിച്ചവുമില്ലാതെ പച്ചക്കറിവിപ്ലവം നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍. ബഹിരാകാശത്ത് സസ്യങ്ങള്‍ വളര്‍ത്തിയെടുക്കാനും പ്രതികൂല കാലാവസ്ഥകളില്‍ പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാനുമുള്ള പരീക്ഷണമാണ് ഇവിടെ നടന്നത്. അന്റാര്‍ട്ടിക്കയില്‍ പ്രത്യേകം നിര്‍മ്മിച്ചെടുത്ത എദെന്‍-ഐ.എസ്.എസ് (EDEN-ISS)ഹരിത ഗൃഹത്തിനുള്ളിലാണ് ഗവേഷകര്‍ പച്ചക്കറി കൃഷി നടത്തിയത്. ജര്‍മ്മന്‍ എയറോ സ്പേസ് സെന്ററിന്റെ (ഡി.എല്‍.ആര്‍) നേതൃത്വത്തിലാണ് ഈ പദ്ധതി.

മൂന്നര കിലോഗ്രാമില്‍ കൂടുതല്‍ ലെറ്റിയൂസ്, 70 മുള്ളങ്കി, 18 കക്കിരി എന്നിവ ഈ തോട്ടെത്തില്‍ നിന്നും പറിച്ചെടുത്തു. പ്രതികൂല സാഹചര്യങ്ങളില്‍ പച്ചക്കറികള്‍ വിളയിക്കാനുള്ള അമേരിക്കന്‍ ഗവേഷണ വിജയങ്ങളുടെ പാത പിന്തുടരുകയാണ് ഈ പദ്ധതി. മൈനസ് 20 ഡിഗ്രി താപനിലയില്‍ വല്ലപ്പോഴും സൂര്യപ്രകാശം വീഴുന്നയിടത്ത് ജര്‍മ്മന്‍ എയറോ സ്പേസ് സെന്ററിലെ ഗവേഷകര്‍ നടത്തിയ ഈ പരീക്ഷണം, ഭാവിയില്‍ ചന്ദ്രനിലും ചൊവ്വയിലുമെല്ലാം ഗവേഷണങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ബഹിരാകാശ ഗവേഷകര്‍ക്ക് നല്ല ഭക്ഷണം എത്തിക്കാനുള്ള വഴിതുറക്കുന്നതാണ്.

ഫെബ്രുവരിയില്‍ വിത്തുകള്‍ നട്ടതിന് ശേഷം സിസ്റ്റം തകരാര്‍, ശക്തമായ കാറ്റ് ഉള്‍പ്പടെ ഗവേഷകര്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നുവെന്നും ഭാഗ്യവശാല്‍ ആ വെല്ലുവിളികളെ തരണം ചെയ്യാന്‍ സാധിച്ചുവെന്നും ഡി.എല്‍.ആര്‍ എഞ്ചിനീയറായ പോള്‍ സെബെല്‍ പറയുന്നു. ദിവസേന നാല് മണിക്കൂറോളം നേരമാണ് സെബെല്‍ ഈ ഗ്രീന്‍ ഹൗസിനുള്ളില്‍ ചിലവഴിക്കുന്നത്. ഇതുവരെ പദ്ധതിയിട്ട ഭൂരിഭാഗം പച്ചക്കറികളും ഈ ഗ്രീന്‍ ഹൗസില്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: