മഞ്ജു വാരിയരുടെ പരാതിയിന്മേല്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തു

കൊച്ചി: നടി മഞ്ജു വാരിയര്‍ നല്‍കിയ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തു. മൂന്ന് മണിക്കൂറോളം നീണ്ട വിശദമായ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടു. പരാതിയില്‍ നടക്കുന്ന അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന ശ്രീകുമാര്‍ മേനോന്റെ ഉറപ്പിലും രണ്ടു പേരുടെ ആള്‍ജാമ്യത്തിലുമാണ് അദ്ദേഹത്തെ വിട്ടയച്ചതെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥനായ എ സി പി ശ്രീനിവാസന്റെ നേതൃത്വത്തിലാല്‍ തൃശ്ശൂര്‍ പോലീസ് ക്ലബില്‍ വച്ചായിരുവന്നു ചോദ്യം ചെയ്യല്‍ നടന്നത്.

ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് മഞ്ജു വാര്യര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സ്ത്രീയുടെ അന്തസ്സിന് ഹാനിവരുത്തിയതിനുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് സംവിധായകനെതിരെ കേസെടുത്തിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ മഞ്ജു വാര്യരുടെ മൊഴിയെടുത്തിരുന്നു.

മഞ്ജുവാര്യര്‍ ഉന്നയിച്ച പരാതിയിലെ ചില ആരോപണങ്ങള്‍ ശരിയെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്നാണ് വിഷത്തില്‍ പോലീസ് നല്‍കുന്ന പ്രതികരണം. അതേസമയം, അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ മഞ്ജു വാര്യരുടെ പരാതിയില്‍ വി എ ശ്രീകുമാര്‍ മേനോന്റെ പാലക്കാട്ടെ വീട്ടിലും ഓഫീസിലും റെയ്ഡ് കഴിഞ്ഞ ആഴ്ച ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ശ്രീനിവാസ്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യല്‍.

ശ്രീകുമാര്‍ മേനോനില്‍ നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ട് എന്ന് പറഞ്ഞ് മഞ്ജു വാര്യര്‍ നേരത്തെ ഡിജിപി ലോക് നാഥ് ബെഹ്രക്ക് പരാതി നല്‍കിയിരുന്നു. ഔദ്യോഗിക ആവശ്യത്തിന് നല്‍കിയ ലെറ്റര്‍ ഹെഡ്ഡുകള്‍ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്കയുണ്ടെന്നും മഞ്ജു വാര്യര്‍ പരാതിയില്‍ പറഞ്ഞു. മഞ്ജു വാര്യരുടെ രഹസ്യമൊഴി ചാവക്കാട് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ഒടിയന്‍ സിനിമയുടെ പ്രൊഡക്ഷന്‍ മാനേജര്‍ സജി, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ മൊഴി ക്രൈംബ്രാഞ്ച് നേരത്തെ എടുത്തിരുന്നു. ഒടിയന്‍ സിനിമയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരായ അധിക്ഷേപ പ്രചാരണങ്ങള്‍ നടത്തിയതിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ശ്രീകുമാറിന്റെ സുഹൃത്തുമാണ് എന്ന് മഞ്ജു വാര്യര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ തള്ളിയ ശ്രീകുമാര്‍ മേനോന്‍ മഞ്ജുവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത് വിവാദമായിരുന്നു.

Share this news

Leave a Reply

%d bloggers like this: