മക്കളുടെ വിദ്യാഭ്യാസ ചെലവുകളില്‍ നട്ടം തിരിയുന്ന മാതാപിതാക്കള്‍ക്ക് ആശ്വാസമായി പുതിയ വിദ്യാഭ്യാസ പരിഷ്‌ക്കാരം

ഡബ്ലിന്‍ : രക്ഷിതാക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അമിത വിദ്യാഭ്യാസ ചെലവുകള്‍ ചുരുക്കാന്‍ ഐറിഷ് വിദ്യാഭ്യാസ വകുപ്പ് നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. സ്‌കൂളുകളില്‍ ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടന്‍ അറിയിച്ചു. ഇതനുസരിച്ച് പുസ്തകങ്ങളും, പഠന സാമഗ്രികളും വാടകയ്ക്കും, തവണകളായും പണമടച്ച് ഉപയോഗിക്കാന്‍ കഴിയും.

രാജ്യത്തെ നിരവധി സ്‌കൂളുകള്‍ ബ്രാന്‍ഡഡ് യൂണിഫോമുകളും, പാഠ്യവസ്തുക്കളും വാങ്ങാന്‍ നിര്‍ബന്ധം പിടിക്കാറുണ്ട്. ഇത് വിദ്യാഭ്യാസ ചിലവുകള്‍ കുത്തനെ ഉയരുന്നതിന് കാര്യമാകുന്നു എന്നാണ് പൊതുഅഭിപ്രായം. ഇനി മുതല്‍ വിദ്യാലയങ്ങള്‍ ഇത്തരം നിര്‍ബന്ധബുദ്ധി കാണിച്ചാല്‍ പിഴ ഈടാക്കും. മിതമായ വിലയില്‍ ലഭിക്കുന്ന പാഠ്യവസ്തുക്കള്‍ ഉപയോഗിക്കാനും അവസരമൊരുക്കും.

വന്‍ തുക ചിലവഴിച്ച് പാഠ്യ ആവശ്യങ്ങളായ കമ്പ്യൂട്ടറുകള്‍, ടാബ്ലറ്റുകള്‍, കായിക ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങുന്ന രീതിയ്ക്ക് സമഗ്രമായ മാറ്റം വരുത്താനാണ് ഐറിഷ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. നിര്‍ബന്ധമായും വാങ്ങിച്ചിരിക്കേണ്ട പഠനവസ്തുക്കളുടെ ചിലവുകള്‍ രക്ഷിതാക്കളെ അറിയിക്കും. സ്‌കൂളുകളുടെ ദൈനംദിന നടത്തിപ്പിന് വേണ്ട ക്യാപ്പിറ്റേഷന്‍ ഫീ അനാവശ്യമായി വര്‍ദ്ധിപ്പിക്കാന്‍ സ്‌കൂളുകള്‍ക്ക് അവകാശം ഉണ്ടായിരിക്കുന്നതല്ല. ഇത്തരം പ്രവര്‍ത്തനങ്ങളാണ് ചെലവ് ചുരുക്കല്‍ നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അടുത്ത സെപ്റ്റംബര്‍ മുതല്‍ ഈ നിര്‍ദ്ദേശങ്ങ നിലവില്‍ വരും. സ്‌കൂളുകളുടെ പഠന നിലവാരം ഉയര്‍ത്താന്‍ 2.4 ബില്യണ്‍ യൂറോ അനുവദിച്ചതായും നയപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സര്‍ക്കുലറിന് അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്.ക്യാപ്പിറ്റേഷന്‍ ഫീസിനെ വിലക്കുന്ന വിദ്യാഭ്യാസ മന്ത്രി ക്യാപ്പിറ്റേഷന്‍ ഫണ്ട് കൃത്യ സമയത്ത് അനുവദിക്കുകയാണ് വേണ്ടതെന്ന് സെക്കണ്ടറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ പുതിയ നടപടിക്ക് അനുകൂല അഭിപ്രായവുമായി സെന്റ് വിന്‍സെന്റ് ഡീ പോള്‍ സൊസൈറ്റി രംഗത്തെത്തിയിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: