മകളെ കൊന്നവനെ തൂക്കിക്കൊല്ലണം’: നീതിപീഠത്തിന് നന്ദി പറഞ്ഞ് ജിഷയുടെ അമ്മ

മകളെ കൊലപ്പെടുത്തിയവനെ തൂക്കിക്കൊല്ലണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി. തന്റെ മകളെ ക്രൂരമായി കൊന്നതുപോലെ അമീറുള്‍ ഇസ്ലാം ഇനിയൊരു പെണ്‍കുട്ടിയെയും കൊല്ലരുത്. അതിനാല്‍ പ്രതിക്ക് വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷയൊന്നും നല്‍കരുതെന്നും രാജേശ്വരി പ്രതികരിച്ചു.

കോടതിയില്‍ വിശ്വാസമുണ്ടെന്നും തക്കതായ ശിക്ഷ തന്നെ ലഭിക്കുമെന്ന് വിശ്വസിക്കുന്നതായും രാജേശ്വരി പറഞ്ഞു. ജിഷ വധക്കേസിന്റെ വിധി പ്രഖ്യാപനം കേള്‍ക്കാന്‍ പെരുമ്പാവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ എത്തിയതായിരുന്നു രാജേശ്വരി. സൗമ്യയുടേയും ജിഷ്ണുവിന്റെയും കാര്യത്തില്‍ സംഭവിച്ചത് തന്റെ മകളുടെ കാര്യത്തില്‍ ഉണ്ടാകരുതെന്നും പ്രതിക്ക് വധശിക്ഷയില്‍ കുറഞ്ഞ യാതൊരു ശിക്ഷയും നല്‍കാന്‍ താന്‍ അനുവദിക്കില്ലെന്നും രാജേശ്വരി മാധ്യമങ്ങളോട് പറഞ്ഞു.

വധശിക്ഷയില്‍ കുറഞ്ഞതൊന്നും അമീറുള്‍ ചെയ്ത ക്രൂരകൃത്യത്തിന് പകരമാവില്ലെന്നും കോടതി വിധി എല്ലാവര്‍ക്കും പാഠമാകണെമെന്നും ജിഷയുടെ അമ്മ പറഞ്ഞു. അമീറുള്‍ ഇസ്ലാമിന് വധശിക്ഷ ലഭിച്ചില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും രാജേശ്വരി കൂട്ടിച്ചേര്‍ത്തു. തന്റെ മകളുടെ കൊലപാതക്കേസില്‍ നീതിക്കുവേണ്ടി കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും രാജേശ്വരി പറഞ്ഞു.

ജിഷ വധക്കേസില്‍ പ്രതിയായ അസം സ്വദേശി അമിറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതിക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. എന്‍ അനില്‍കുമാറാണ് വിധി പ്രസ്താവിച്ചത്. പൊലീസ് നിഗമനങ്ങളെ കോടതി ശരിവെച്ചു. ബലാത്സംഗം, കൊലപാതകം, വീട്ടില്‍ അതിക്രമിച്ച് കയറല്‍ അടക്കമുള്ള കുറ്റങ്ങള്‍ പ്രതി ചെയ്തതായി കോടതി കണ്ടെത്തി. അതേസമയം പട്ടിക വര്‍ഗ പീഡന നിരോധന നിയമവും തെളിവ് നശിപ്പിക്കലും നിലനില്‍ക്കില്ലെന്നും കോടതി അറിയിച്ചു.

ശാസ്ത്രീയമായ അഞ്ച് തെളിവുകളാണ് പ്രതിക്കെതിരെ പൊലീസ് കണ്ടെത്തിയിരുന്നത്. ജിഷയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ച അമിറുള്‍ ഇസ്ലാമിന്റെ ഉമിനീര്‍, കത്തിയില്‍നിന്നും ലഭിച്ച രക്തം, ജിഷയുടെ വീട്ടിലെ വാതിലിലുണ്ടായിരുന്ന രക്തം, കട്ടിലിലുണ്ടായിരുന്ന രക്തം, അമിറുളിന്റെ വിരലടയാളം എന്നിവ ജിഷയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.

ഡികെ

 

Share this news

Leave a Reply

%d bloggers like this: