ഭൂമി വിവാദം: കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

 

കൊച്ചി: സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കര്‍ദിനാള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണം നടത്തി തെളിവുകള്‍ കണ്ടെടുക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.

ഭൂമി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. കര്‍ദിനാളിന്റെയും പരാതിക്കാരന്റെയും വാദം കേട്ട ശേഷമാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കര്‍ദിനാളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊലീസിനോട് കോടതി നിര്‍ദേശിച്ചു. ഇടപാടില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നതായി കോടതി പറഞ്ഞു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നിവ പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

തനിക്കെതിരെ കേസെടുക്കാനാകില്ലെന്നും കാനോന്‍ നിയമം മാത്രമെ തനിക്ക് ബാധകമാവുകയുള്ളൂ എന്നുമായിരുന്നു കര്‍ദിനാളിന്റെ വാദം. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു. കര്‍ദിനാള്‍ രാജാവല്ലെന്നും രാജ്യത്ത് ആരും നിയമത്തിന് അതീതരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കര്‍ദിനാള്‍ രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയനാണ്. എല്ലാവര്‍ക്കും മുകളിലാണ് രാജ്യത്തെ നിയമം. അതിരൂപതയും രൂപതയുമൊക്കെ രാജ്യത്തെ നിയമങ്ങള്‍ക്ക് കീഴിലാണ്. കോടതി വ്യക്തമാക്കി.

അതിരൂപതയുടെ സ്വത്തുക്കള്‍ തന്റെ സ്വത്തുക്കളാണെന്നും ഇത് ക്രയവിക്രയം നടത്താന്‍ തനിക്ക് ആരുടെയും അനുവാദം വേണ്ടെന്നുമായിരുന്നു നേരത്തെ കര്‍ദിനാള്‍ ആലഞ്ചേരി കോടതിയില്‍ വ്യക്തമാക്കിയത്. തനിക്ക് കാനോന്‍ നിയമം മാത്രമേ ബാധകമാകൂവെന്നും വാദത്തിനിടെ കര്‍ദിനാള്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം കോടതി തള്ളിക്കളഞ്ഞു.

സഭയുടെ കാനോന്‍ നിയമം സഭയുടെ ആഭ്യന്തരകാര്യങ്ങള്‍ക്ക് മാത്രമാണ് ബാധകം. മറ്റ് കാര്യങ്ങള്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്ക് വിധേയമാണ്. തിരൂപതയുടെ സ്വത്ത് അതിരൂപതയുടെ സ്വത്താണ്. അത് ആ രൂപതയുടെ തലവന്റെയോ വൈദികരുടെയോ സ്വത്തല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വത്തുക്കള്‍ യഥേഷ്ടം ഉപയോഗിക്കാന്‍ രൂപത തലവനോ വൈദികര്‍ക്കോ അവകാശമില്ല. മാത്രമല്ല, വൈദികരും മെത്രാനും രൂപതയുമെല്ലാം ഇന്ത്യന്‍ നിയമങ്ങള്‍ക്ക് അതീതരല്ലെന്നും കോടതി പറഞ്ഞു.

രൂപതയ്ക്ക് വേണ്ടി ഇടപാടുകള്‍ നടത്താനുള്ള പ്രതിനിധി മാത്രമാണ് കര്‍ദിനാള്‍. സ്വത്തുക്കള്‍ രൂപതയുടേതാണ്. കര്‍ദിനാളിന്റെയോ വൈദികരുടെയോ അല്ല. സഭയുടെ സര്‍വാധിപനാണ് ആര്‍ച് ബിഷപ് എന്ന വാദം അംഗീകരിക്കാനാകില്ല. കര്‍ദിനാല്‍ പരമാധികാരിയാണെങ്കില്‍ കൂടിയാലോചനകളുടെ ആവശ്യമില്ലല്ലോ. എന്നാല്‍ ഇവിടെ മറ്റ് സമിതികളുമായി കൂടിയാലോചന നടത്തിയതായി ബോധിപ്പിച്ചിട്ടുണ്ട്. കോടതി ചൂണ്ടിക്കാട്ടി.

 

എ എം

 

Share this news

Leave a Reply

%d bloggers like this: