ഭൂമി പതിവ് ചട്ട ഭേദഗതി മാണിയുടെ ആവശ്യത്തെ തുടര്‍ന്നെന്ന് രേഖകള്‍

തിരുവനന്തപുരം: ഭൂമി പതിവ് ചട്ടത്തിന്റെ വിവാദ ഭേദഗതിയിലേയ്ക്ക് നീങ്ങിയത് മന്ത്രി കെ.എം മാണിയുടെ ആവശ്യത്തെ തുടര്‍ന്നെന്ന് രേഖകള്‍. മലയോരത്ത് പതിച്ചു നല്‍കാവുന്ന ഭൂമി ഒരു ഏക്കറായി നിജപ്പെടുത്തിയ 2005 ലെ ഭേദഗതി മാറ്റുമെന്ന് ഇടുക്കിയിലെ പട്ടയ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ കെ.എം മാണി വ്യക്തമാക്കി. 25 വര്‍ഷം വരെ ഭൂമികൈമാറ്റം പാടില്ലന്ന് വ്യവസ്ഥ നീക്കണമെന്നും ആവശ്യപ്പെട്ടു 2005 ലെ ചട്ടഭേദഗതിയുടെ തുടര്‍ച്ചായിയിരുന്നു വിവാദമായ 2015 ലെ ഭേദഗതി. വിവാദമായ ഭേദഗതിയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയത് ഒന്നിലധികം യോഗങ്ങളെയും ചര്‍ച്ചകളെയും തുടര്‍ന്നാണ്. ഇതിലൊരു യോഗം 2012 മേയ് 9 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഈ യോഗത്തിലാണ് 2005 ലെ ചട്ടഭേദഗതി മാറ്റുമെന്ന് നിയമന്ത്രി കൂടിയായ കെ.എം മാണി വ്യക്തമാക്കിയത്.

ഒരു ഏക്കര്‍ എന്ന പരിധി മാറ്റി നാലേക്കറിന് പട്ടയം നല്‍കുമെന്നും വ്യക്തമാക്കി. പെരിഞ്ചാംകുട്ടി വൈദ്യുത പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലം,ഇടുക്കി,പത്തു ചെയിന്‍ പ്രദേശങ്ങളില്‍ പട്ടയം നല്‍കണമെന്നാവശ്യമുയര്‍ന്ന യോഗത്തിലായിരുന്നു കെ.എം മാണിയുടെ നിലപാടും കൈമാറ്റം തടയുന്ന നിബന്ധന എടുത്തുകളയണമെന്ന ആവശ്യവും. എന്നാല്‍ 2005 ജൂണ്‍ ഒന്നു വരെയുള്ള കയ്യേറ്റങ്ങള്‍ക്ക് പട്ടയം നല്‍കണമെന്ന് മാണി നേരിട്ട് ആവശ്യപ്പെട്ടതായി മിനിട്‌സില്‍ ഇല്ല . യോഗത്തില്‍ ഇടുക്കിയിലെ ഇടത് എം.എല്‍.എ മാരും പങ്കെടുത്തിരുന്നു. എന്നാല്‍ 2013 ല്‍ പെരിഞ്ചാകുട്ടിക്കൊപ്പം മലയോരത്തെ എല്ലായിടത്തും നാലേക്കര്‍ വരെ പട്ടയം നല്‍കാമെന്ന ഉത്തരവ് റവന്യൂ വകുപ്പ് ഇറക്കി . 25 വര്‍ഷം കഴിഞ്ഞ കൈമാറാവൂ എന്ന നിബന്ധനയും എടുത്തു കളഞ്ഞു.

ഇതിന് പിന്നാലെയാണ് 2015 ജൂണ്‍ ഒന്നിന് പത്തു വര്‍ഷം പൂര്‍ത്തായിക്കുന്ന കയ്യേറ്റങ്ങള്‍ക്കും സാധുത നല്‍കുന്ന ചട്ട ഭേദഗതി വിജ്ഞാപനം റവന്യൂ വകുപ്പ് ഇറക്കിയത്. വ്യവസ്ഥകളിലെ ഇളവ് ആവശ്യം 2011 ലെ ഒരു യോഗത്തില്‍ മുഖ്യമന്ത്രിയും ഉന്നയിച്ചതായി സൂചനയുണ്ട്.

Share this news

Leave a Reply

%d bloggers like this: