ഭൂമി തട്ടിപ്പ്:സലിംരാജിന് ജാമ്യം, ഒരു കരാറിലും ഒപ്പിട്ടിട്ടില്ലെന്നു സലിംരാജ്

 

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് അടക്കമുള്ള ഏഴു പ്രതികള്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം സിബിഐ കോടതിയാണു പ്രതികള്‍ക്കു ജാമ്യം അനുവദിച്ചത്.

50,000 രൂപ വീതമുള്ള രണ്ട് ആള്‍ജാമ്യങ്ങളും തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്ന നിര്‍ദേശവും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന ഉത്തരവും പ്രതികള്‍ക്കു കോടതി നല്കിയിട്ടുണ്ട്. ഇതോടൊപ്പം എല്ലാ ശനിയാഴ്ചയും കൊച്ചിയിലെ സിബിഐ ഓഫീസില്‍ പ്രതികള്‍ ഹാജരാകണമെന്നും കോടതി ജാമ്യം നല്കി ഉത്തരവിട്ടു.

ഉന്നതബന്ധമുള്ള സലിംരാജ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കു ജാമ്യം നല്‍കരുതെന്നു പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ക്കു ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാകുമെന്നും സിബിഐ വാദിച്ചിരുന്നു. എന്നാല്‍, സിബിഐയുടെ വാദം കോടതി അംഗീകരിച്ചില്ല.

അതേസമയം കടകംപള്ളി കളമശേരി ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ടു താന്‍ ഒരു കരാറിലും ഒപ്പിട്ടിട്ടില്ലെന്നു സലിംരാജ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും രേഖ തന്റെ കൈയിലുണ്ടോ എന്നു മാധ്യമങ്ങള്‍ക്കു പരിശോധിക്കാമെന്നും കളമശേരി കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ തനിക്ക് ഒരു ബന്ധവുമില്ലെന്നും സലിംരാജ് മാധ്യമങ്ങളോടു പറഞ്ഞു. ആറു കരാറുകള്‍ താന്‍ ഒപ്പിട്ടുവെന്നതു സത്യമല്ലെന്നും സലിംരാജ് പറഞ്ഞു. കൂടുതല്‍ ഒന്നും പറയാനില്ലെന്നും ജയിലില്‍നിന്നു ജാമ്യത്തിലിറങ്ങിയ സലിംരാജ് പറഞ്ഞു.
-എജെ-

Share this news

Leave a Reply

%d bloggers like this: