ഭൂമി ഇടപാട്: കര്‍ദിനാള്‍ ആലഞ്ചേരിക്ക് ഹൈക്കോടതി നോട്ടീസ്

 

കൊച്ചി: സിറോ മലബാര്‍ സഭയുടെ കീഴിലുള്ള എറണാകുളം അതിരൂപതയുടെ വിവാദമായ ഭൂമി ഇടപാടില്‍ രൂപതാധ്യക്ഷനും സഭാതലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. വിവാദ ഭൂമിയിടപാടില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരിക്ക് നോട്ടീസ് അയച്ചത്.

സഭയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടായ ഭൂമിയിടപാടില്‍ വിശ്വാസികളുടെ പണമാണ് നഷ്ടമായതെന്നും ദുരൂഹമായ ഇടപാടില്‍ ക്രിമിനല്‍ കേസ് എടുക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കര്‍ദിനാള്‍ ആലഞ്ചേരിക്ക് പുറമേ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന അതിരൂപതയുടെ ഫിനാന്‍സ് ഓഫീസറായിരുന്ന ഫാദര്‍ ജോഷി പുതുവ, സീനിയര്‍ വൈദികന്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഭൂമി കച്ചവടത്തിലെ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കും കോടതി നോട്ടീസ് അയിച്ചിട്ടുണ്ട്. കൂടാതെ വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 28 ന് കേസ് വീണ്ടും പരിഗണിക്കും. അതിന് മുന്‍പ് മാര്‍ ആലഞ്ചേരി അടക്കമുള്ളവര്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.

എറണാകുളം അതിരൂപതയിലെ സാമ്പത്തിക ബാധ്യത അവസാനിപ്പിക്കാനായി രൂപതയുടെ കീഴില്‍, എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടായിരുന്ന മൂന്നേക്കറിലധികം ഭൂമി കച്ചവടം ചെയ്തതും എന്നാല്‍ ഉദ്ദേശിച്ച വില ലഭിക്കാതിരിക്കുകയും രൂപതയുടെ സാമ്പത്തിക ബാധ്യത 70 കോടിയോളമായി ഉയരുകയും ചെയ്തതാണ് വന്‍ വിവാദമായത്. ഇടനിലക്കാരന്റെ തട്ടിപ്പിന് രൂപതാധ്യക്ഷന്‍ മാര്‍ ആലഞ്ചേരിയും ഫിനാന്‍സ് ഓഫീസര്‍, വികാരി ജനറല്‍ എന്നീ സ്ഥാനങ്ങളിലുള്ള വൈദികരും അനുവാദം കൊടുത്തുവെന്നായിരുന്നു ആരോപണം. രൂപതയിലെ വൈദികരില്‍ ഭൂരിഭാഗവും സഹായമെത്രാന്മാരായ രണ്ടുപേരും കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ നിലപാട് സ്വീകരിക്കുകയും വിശ്വാസികളില്‍ ഒരു വിഭാഗം ഇവര്‍ക്കൊപ്പം ചേരുകയും ചെയ്തതോടെയാണ് വിവാദം ശക്തമായത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: