ഭൂമിയുടെ നില കൂടുതല്‍ വഷളാകുന്നു; മുന്നറിയിപ്പ് നല്‍കി ശാസ്ത്രജ്ഞര്‍

 

1992ല്‍ ആയിരുന്നു ആദ്യമായി ലോകത്താകമാനമുള്ള 1,700 ശാസ്ത്രജ്ഞര്‍ ഒന്നിച്ചുചേര്‍ന്ന് ഏറ്റവും വിനാശകരമായ ഭാവിയെക്കുറിച്ച് മാനവരാശിയോട് പറഞ്ഞു. മനുഷ്യന്‍ അവനുള്‍പ്പെടുന്ന ആവാസവ്യവസ്ഥയെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും ഭൂഗോളത്തെ മുഴുവനായി നശിപ്പിക്കുന്ന വിധത്തിലാണ് അതിന്റെ പോക്കെന്നുമായിരുന്നു അത്. ഓസോണ്‍ മലിനീകരണം, വായു, ജല മലിനീകരണം, വനനശീകരണം, സമുദ്ര സമ്പത്തിന്റെ തകര്‍ച്ച, മണ്ണിന്റെ ഉല്‍പാദനക്ഷമതയില്‍ ഉണ്ടായ വമ്പിച്ച ഇടിവ്, ജന്തു-സസ്യജാലങ്ങള്‍ നേരിടുന്ന ഭീഷണി, ആഗോള താപനം തുടങ്ങിയവയെ ചൂണ്ടിക്കാണിച്ചായിരുന്നു അത്.

എന്നാല്‍, ആ മുന്നറിയിപ്പിന്റെ 25ാം വാര്‍ഷികം അവര്‍ മറ്റൊരു മുന്നറിയിപ്പിലൂടെ ആചരിക്കുകയാണ്. കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുന്നുവെന്ന് ബയോ സയന്‍സ് എന്ന ജേണലിലൂടെ 184 രാജ്യങ്ങളില്‍നിന്നുള്ള 15,000ത്തിലധികം വരുന്ന ഗവേഷകര്‍ ചേര്‍ന്ന് നല്‍കുന്ന ‘രണ്ടാം മുന്നറിയിപ്പി’ല്‍ പറയുന്നു. ‘സെക്കന്‍ഡ് നോട്ടീസ്’ എന്നുതന്നെ ഗവേഷക സംഘത്തെ മുന്നില്‍നിന്ന് നയിച്ച ഓറിയോണ്‍ സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ വില്യം റിപ്ള്‍ ഇതിനെ വിശേഷിപ്പിക്കുന്നു. നമ്മള്‍ മുന്നില്‍ക്കണ്ട പാരിസ്ഥിതിക വെല്ലുവിളികള്‍ കൂടുതല്‍ ഭയാനകമായ സ്ഥിതിയില്‍ എത്തിനില്‍ക്കുകയാണ്. എന്നിട്ടും അതിന്റെ പരിഹാരത്തിനായുള്ള ശ്രമങ്ങളില്‍ മതിയായ പുരോഗതി കൈവരിക്കുന്നതില്‍ മാനവരാശി പരാജയപ്പെട്ടിരിക്കുന്നു.

ഭൂമിയുടെ വെല്ലുവിളിയായി ഇവര്‍ ആദ്യം നിരത്തുന്നത് ആഗോള താപനത്തെയാണ്. 1992 മുതല്‍ ഇതുവരെയുള്ള ചുരുങ്ങിയ കാലയളവില്‍ ഭൂമിയുടെ ചൂട് അര ഡിഗ്രി സെല്‍ഷ്യല്‍ ഉയര്‍ന്നതായും പ്രതിവര്‍ഷം കാര്‍ബണ്‍ ബഹിര്‍ഗമനം 62 ശതമാനം ആയി വര്‍ധിച്ചെന്നും ശാസ്ത്ര സംഘം ചൂണ്ടിക്കാട്ടുന്നു. ‘ജീവനറ്റ’ സമുദ്ര ഭാഗങ്ങളുടെ എണ്ണം കൂടിവരുന്നു. മനുഷ്യരുടെ എണ്ണം ക്രമാതീതമായി പെരുകുന്നു. എന്നാല്‍, ഇതര ജന്തു-സസ്യ ജാലങ്ങളുടെ എണ്ണം കുറയുന്നു. ഇതിന്റെ പ്രത്യാഘാതങ്ങളെ ലഘൂകരിക്കാന്‍ ചില നിര്‍ദേശങ്ങളും ഇവര്‍ നല്‍കുന്നുണ്ട്. സ്വാഭാവിക പ്രകൃതി സമ്പത്തിനെ നിലനിര്‍ത്തുക, ഭക്ഷണത്തിന്റെ ദുര്‍വ്യയം കുറച്ചുകൊണ്ടുവരുക, ഹരിത സാേങ്കതിക വിദ്യയെ വികസിപ്പിക്കുക തുടങ്ങിയവയാണവ.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: