ഭൂമിയിടപാട് വിവാദം: അതിരൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനമൊഴിഞ്ഞ് മാര്‍ ആലഞ്ചേരി

അങ്കമാലി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ എറണാകുളം അങ്കമാലി അതിരൂപത അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്റര്‍സ്ഥാനം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിഞ്ഞു. സിറോ മലബാര്‍ സഭാ പാലക്കാട് രൂപതാ ബിഷപ്പായിരുന്ന മാര്‍ ജേക്കബ് മാനത്തോടത്ത് ആണ് പുതിയ അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ . നിയമന വിവരം പൗരസ്ത്യ സംഘം അപ്പോസ്‌തോലിക് പ്രൊനന്‍ഷ്യോ അറിയിച്ചതായി ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയഡോര്‍ മസ്‌കരീനാസ് അറിയിച്ചു. വിവാദ ഭൂമി ഇടപാടുകള്‍ നടന്ന മേഖല ഉള്‍പ്പെടുന്ന സ്ഥലം ഇനി അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായ ജേക്കബ് മനത്തോടത്തിന്റെ നിയന്ത്രണത്തിലായിരിക്കും.

മാര്‍ ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തു തുടരും. സഹായമെത്രാന്‍മാരായി മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരും തുടരുമെങ്കിലും ഭരണപരമായ അധികാരങ്ങള്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്കു മാത്രമായിരിക്കും. ഇപ്പോള്‍ നിലവിലുള്ള അതിരൂപതാ ആലോചനാസംഘം, സാമ്പത്തികകാര്യ സമിതി, വൈദിക സമിതി, അജപാലന സമിതി തുടങ്ങിയവ താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. സമിതികള്‍ക്കു മാറ്റംവരുത്താനോ പുനഃസംഘടിപ്പിക്കാനോ ഉള്ള അധികാരവും അഡ്മിനിസ്‌ട്രേറ്റര്‍ക്കാണ്.

അതിരൂപതയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വൈദികര്‍ റിപ്പോര്‍ട്ട് അയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്. സിറോ – മലബാര്‍ സഭ ഭൂമി ഇടപാടിലെ ഒത്ത് തീര്‍പ്പ് വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള നിര്‍ണായക വൈദിക സമിതി യോഗത്തില്‍ കര്‍ദ്ദിനാള്‍ വീഴ്ച സംഭവിച്ചതായി പറഞ്ഞിരുന്നു. ഇക്കാര്യം വ്യക്തമാക്കി കെസിബിസിയുടെ മധ്യസ്ഥതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭൂമി ഇടപാടില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് കര്‍ദ്ദിനാള്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇടപാടിലൂടെ സഭയ്ക്കുണ്ടായ നഷ്ടം പരിഹരിക്കാമെന്നും ഒത്തു തീര്‍പ്പ് ചര്‍ച്ചയില്‍ കര്‍ദ്ദിനാള്‍ അറിയിച്ചു.

ഭൂമിയിടപാട് വിവാദത്തില്‍ കര്‍ദ്ദിനാളിനും മറ്റു മൂന്നു പേര്‍ക്കെതിരെയും കേസ് എടുക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിടുകയും പോലീസ് കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു . ഇതിനെതിരെ കര്‍ദ്ദിനാള്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുകയും ഡിവിഷന്‍ ബഞ്ച് റദ്ദാക്കുകയും ചെയ്തിരുന്നു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: