ഭൂമിയിടപാട്: കര്‍ദ്ദിനാളിന് പിന്തുണ നല്‍കി വിശ്വാസികളുടെ സ്‌നേഹ സംഗമം

കൊച്ചി: സീറോമലബാര്‍ സഭയിലെ സ്വത്ത് തര്‍ക്ക കേസില്‍ കര്‍ദ്ദിനാളിന് പിന്തുണ നല്‍കി സീറോമലബാര്‍ കാത്തലിക് അസോസിയേഷന്‍. വിവിധ അല്‍മായ സംഘടനകളുടെ നേതൃത്വത്തില്‍ എറണാകുളം ഹൈക്കോടതി ജംഗ്ഷനിലാണ് വിശ്വാസികള്‍ ഒത്തുകൂടിയത്. കര്‍ദ്ദിനാളിനെ ഒറ്റപ്പെടുത്തുന്നത് അനുവദിക്കാനാകില്ലെന്നും സഭയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും വിശ്വാസികള്‍ സമ്മേളനത്തില്‍ പറഞ്ഞു.

‘സീറോ മലബാര്‍ സമാധാനം സ്ഥാപിക്കാനാണ് ഈ യോഗം ലക്ഷ്യമിടുന്നത്. ഭൂമി പ്രശ്നമെന്നത് സഭയെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമേയല്ല. കാരണം രണ്ടായിരം വര്‍ഷത്തെ പാരമ്പര്യമുള്ള സഭയെ നൂറ് കോടിക്കോ അഞ്ഞൂറ് കോടിക്കോ വില്‍ക്കാവുന്നതല്ല. സഭയെ ആരാലും നശിപ്പിക്കാന്‍ സാധിക്കില്ല. അങ്ങനെ ശ്രമിക്കുന്നത് അച്ചനായാലും മെത്രാനായാലും അല്‍മായ സമൂഹം അത് അനുവദിച്ച് നല്‍കുകയില്ലെന്ന്’ സീറോ മലബാര്‍ കാത്തലിക്ക് അസോസിയേഷന്‍ ഭാരവാഹിയായ വി.വി. അഗസ്റ്റിന്‍ പറഞ്ഞു.

സഭയുടെ സ്വത്തില്‍ വ്യവസ്ഥകള്‍ക്ക് വ്യത്യാസമായി എന്തെങ്കില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് സംസാരിച്ച് തീര്‍ക്കേണ്ടത് അതാത് ഫോറങ്ങളിലാണ്. അല്ലാതെ റോഡില്‍ അല്ല. ആരെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അവരെയെല്ലാം ശിക്ഷിക്കണം. സഭക്ക് പണം ആരുമൂലം നഷ്ടമായോ അവരില്‍ നിന്ന് ആ പണം ഈടാക്കണം. ഭൂമി ഇടപാടില്‍ ഇടനിലക്കാരനായ വ്യക്തി സഭയെ വഞ്ചിച്ചു. അതിനെതിരായി സഭാംഗങ്ങള്‍ ഒന്നിച്ച് മുന്നോട്ട് വരണം. ഏതെങ്കിലും പുരോഹിതന്മാര്‍ എന്തെങ്കിലും തെറ്റ് ചെയ്തിച്ചുണ്ടെങ്കില്‍ അവരെ മാതൃകപരമായി ശിക്ഷിക്കണമെന്നും സീറോ മലബാര്‍ കാത്തലിക്ക് അസോസിയേഷന്‍ ഭാരവാഹിയായ വി.വി. അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു. ഭൂമിയിടപാട് കേസില്‍ വൈദികര്‍ നടത്തിയ പരസ്യ റാലിക്കെതിരെയും സ്നേഹ സംഗമത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

ഗൂഡലക്ഷ്യത്തോടെ ചില ശക്തികള്‍ സഭയിലേക്ക് കടന്നുകയറിയിരിക്കുകയാണ്. എറണാകുളം അതിരൂപതയില്‍ അവസാനിക്കേണ്ട ഒരു കാര്യം മറ്റ് മേഖലകളിലേക്കും മാധ്യമങ്ങളിലേക്കും എത്തുകയായിരുന്നു. സഭയെ ഇല്ലാതാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്നും കര്‍ദ്ദിനാളിലെ ഒറ്റപ്പടുത്തുന്നവരെ തിരിച്ചറിയണമെന്നും വിശ്വാസികള്‍ കൂട്ടായ്മയില്‍ ആവശ്യപ്പെട്ടു. ഇടപാടുകള്‍ക്ക് പിന്നില്‍ നിന്ന ഇടനിലക്കാരനില്‍ നിന്ന് പണം തിരിച്ചെടുക്കുകയാണ് വേണ്ടതെന്നും വിവിധ അല്‍മായ സംഘടനകള്‍ ആവശ്യപ്പെട്ടു. ഒരുമിച്ചെടുത്ത സഭാ തീരുമാനാത്തില്‍ കര്‍ദ്ദിനാളിനെ മാത്രം ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ബിഷപുമാര്‍ കര്‍ദ്ദിനാളിനെതിരെ മനപൂര്‍വം നീങ്ങുമെന്ന് കരുതുന്നില്ലെന്നും വിശ്വാസികളുടെ കൂട്ടായ്മകള്‍ പ്രതികരിച്ചു.

 

 

 

 

കടപ്പാട് ; മാതൃഭൂമി
Share this news

Leave a Reply

%d bloggers like this: