ഭൂമിയിടപാട്: കര്‍ദിനാള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദമായ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി ചോദ്യം ചെയ്തും ആലഞ്ചേരി അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് തള്ളിയത്. പരാതിക്കാര്‍ക്ക് വേണമെങ്കില്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ച് ഈ വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെടാം. നിലവില്‍ ഈ കേസില്‍ സുപ്രീം കോടതി ഇടപെടേണ്ടതില്ലെന്നും കോടതി അറിയിച്ചു

ഭൂമിയിടപാട് കേസില്‍ കര്‍ദിനാളെയും ഉള്‍പ്പെടുത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഡിവിഷന്‍ ബഞ്ച് ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഇതിനെതിരെയാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഭൂമിയിടപാടില്‍ കര്‍ദിനാള്‍ പക്ഷവും തങ്ങളുടെ ഭാഗം കേള്‍ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നല്‍കിയിരുന്നു.

മലങ്കര സഭയെ അപമാനിക്കാനാണ് പരാതിക്കാരന്‍ ഹര്‍ജി നല്‍കിയിരിക്കുന്നതെന്ന് കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. ആലഞ്ചേരിക്ക് പുറമെ ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഭൂമി ഇടപാടിലെ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

എന്നാല്‍ സിംഗിള്‍ ബെഞ്ചിന്റെ ഈ ഉത്തരവ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്, ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള ഹര്‍ജിക്ക് നിലനില്‍പ്പില്ലെന്നും ചൂണ്ടിക്കാട്ടിയ ഡിവിഷന്‍ ബെഞ്ച് പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ അന്വേഷണം നടത്തുന്നതിന് തടസ്സങ്ങള്‍ ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് എതിരെ നല്‍കിയ ഹര്‍ജികള്‍ ആണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: