ഭൂമിക്കു വെളിയിലുള്ള ജീവനുകളും, മതത്തിനു വെളിയിലുള്ള ജീവനുകളും; പ്രൊഫ: വൈശാഖന്‍ തമ്പിയും, സി .രവിചന്ദ്രനും പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാന്‍ ഡബ്ലിനിലേക്ക്…

ഡബ്ലിന്‍: ഭൂമിക്കു വെളിയില്‍ ജീവന്‍ ഉണ്ടാകുമോ ..? ഏലിയനുകളെക്കുറിച്ചും പറക്കും തളികകളെക്കുറിച്ചും എല്ലാം നിറം പിടിപ്പിച്ച കഥകള്‍ നാം ധാരാളം കേട്ടിട്ടുണ്ട്. അനന്തമായ ഈ പ്രപഞ്ചത്തില്‍ ഭൂമിയെ കൂടാതെ മറ്റെവിടെയെങ്കിലും ജീവന്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ടോ ..? മനുഷ്യന്റെ ഈ ജിജ്ഞാസക്ക് ശാസ്ത്രീയ മായ ഉത്തരവുമായി പ്രശസ്ത ശാസ്ത്ര പ്രചാരകനും ചേര്‍ത്തല NSS കോളേജിലെ ഫിസിക്‌സ് അധ്യാപകനുമായ വൈശാഖന്‍ തമ്പി ഡബ്ലിനിലേക്കു വരികയാണ്.

‘ആ പറക്കും തളിക’ എന്ന് പേരിട്ടിരിക്കുന്ന ഈ ശാസ്ത്ര പ്രഭാഷണത്തില്‍ ഭൂമിക്കു വെളിയിലുള്ള ജീവന്റെ സാധ്യതകളെ കുറിച്ച് ആണ് അദ്ദേഹം സംസാരിക്കുന്നത്. എസ്സെന്‍സ് അയര്‍ലണ്ട് സംഘടിപ്പിക്കുന്ന Iressense’19 ‘Hominum’ എന്ന പരിപാടിയിലാണ് വൈശാഖന്‍ തമ്പി ഭൂമിക്കു വെളിയിലുള്ള ജീവന്റെ സാധ്യതകളെ കുറിച്ച് സംസാരിക്കുന്നത്. ശാസ്ത്ര പ്രചാരകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയിട്ടുള്ള സി. രവിചന്ദ്രന്‍ ‘മതയാനകള്‍’ എന്ന വിഷയത്തില്‍ തുടര്‍ന്ന് പ്രഭാഷണം നടത്തും.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ അയര്‍ലണ്ടില്‍ ഭ്രൂണഹത്യ നിയമവിധേയമാക്കുവാനുള്ള റഫറണ്ടത്തോടനുബന്ധിച്ചു ‘ജനനാനന്തരജീവിതം’ എന്ന വിഷയത്തില്‍ അദ്ദേഹം ഡബ്ലിനില്‍ പ്രഭാഷണം നടത്തിയിരുന്നു. അന്ന് വളരെ ആവേശപൂര്‍വമാണ് പ്രവാസികള്‍ അദ്ദേഹത്തെ വരവേറ്റത്. ഈ വര്‍ഷം മതമില്ലാതെ ജീവിക്കുന്നവര്‍ സമൂഹത്തില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും അതിജീവന മാര്‍ഗങ്ങളെ കുറിച്ചും അദ്ദേഹം സംസാരിക്കും.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകത്തില്‍ ‘മതമില്ലാത്ത ജീവന്‍’ എന്ന പാഠഭാഗത്തെച്ചൊല്ലിയുണ്ടായ കോലാഹലങ്ങള്‍ നാം മറന്നിട്ടില്ല. പോയവര്‍ഷം മക്കളെ വിദ്യാലയത്തില്‍ ചേര്‍ക്കാനുള്ള അപേക്ഷാഫോമില്‍ മതം/ജാതി എന്നിവ പൂരിപ്പിക്കേണ്ട സ്ഥാനത്തു ‘മതമില്ല’ എന്ന് എഴുതിയവരെക്കുറിച്ചുള്ള വാര്‍ത്തകളും കണ്ടിരുന്നു.

മതമില്ലാത്ത ജീവിതം എങ്ങനെ സാധ്യമാകും എന്നത് പ്രവാസികളു ടെ മുന്‍പില്‍ ഒരു ചോദ്യചിഹ്നമാണ്. എസ്സെന്‍സ് അയര്‍ലണ്ടില്‍ 2018 മെയ് മാസം രൂപം കൊണ്ടതിനു ശേഷം സംഘടിപ്പിക്കുന്ന നാലാമത്തെ പ്രോഗ്രാം ആണ് Hominem ’19. പോയവര്‍ഷം അറിയപ്പെടുന്ന ശാസ്ത്രചിന്തകനായ ഡോക്ടര്‍ സി വിശ്വനാഥന്റെ ‘സാംസ്‌കാരിക ഏകീകരണവും പ്രവാസികളുടെ ആശങ്കകളും’ എന്ന വിഷയത്തിലുള്ള പ്രഭാഷണവും തുടര്‍ന്ന് ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു.

2018 ഡിസംബറില്‍ കുട്ടികളിലെ ശാസ്ത്ര അഭിരുചി വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി Curiosity എന്ന ഏകദിന ശാസ്ത്ര ശില്പശാല സംഘടിപ്പിച്ചിരുന്നു. അതില്‍ 50 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുകയുണ്ടായി. താലയിലെ സൈന്റോളോജി ഓഡിറ്റോറിയത്തില്‍ വച്ച് മെയ് മാസം 4ആം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞു 1.30 മുതല്‍ 6 മണി വരെയാണ് Hominem’19. ഈ പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ഏതെങ്കിലും നമ്പറുകളില്‍ ബന്ധപെടുക:
087 928 9885
087 226 3917
087 652 1572
089 969 0190

Share this news

Leave a Reply

%d bloggers like this: