ഭീകരാക്രമണമുണ്ടായാല്‍ നേരിടാനുള്ള ശേഷി അയര്‍ലന്‍ഡിനില്ലെന്ന് RACO

ഡബ്ലിന്‍: പാരീസ് മോഡല്‍ ഭീകരാക്രമണമുണ്ടായാല്‍ നേരിടാനുള്ള ശേഷി ഐറിഷ് ഡിഫെന്‍സ് ഫോഴ്‌സിനില്ലെന്ന വെളിപ്പെടുത്തലുമായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍. ആര്‍മി, എയര്‍, നേവല്‍ വിഭാഗങ്ങളിലെ ഓഫീസേഴ്‌സ് പ്രതിനിധാനം ചെയ്യുന്ന അസോസിയേഷന്‍ ഓഫ് കമ്മീഷന്‍ഡ് ഓഫീസേഴ്‌സ്(RACO) ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അയര്‍ലന്‍ഡില്‍ ഭീകരാക്രമണമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഡിഫെന്‍സ് ഫോഴ്‌സിന് നിലവില്‍ ഭീകരാക്രണത്തെ നേരിടാനുള്ള സംവിധാനങ്ങളില്ലെന്ന് RACO അറിയിച്ചു.

കഴിഞ്ഞ രണ്ടുവര്‍ഷമായി ഡിഫെന്‍സ് ഫോഴ്‌സില്‍ മികച്ച പരിശീലനം ലഭിച്ച നിരവധി പൈലറ്റുമാരെയും നേവല്‍ കമാന്‍ഡേഴ്‌സിനെയും ബോംബ് ഡിസ്‌പോസല്‍ വിദഗ്‌ധെരയും നഷ്ടമായിട്ടുണ്ടെന്ന് അസോസിയേഷന്‍ അറിയിച്ചു. പാരീസിലുണ്ടായ ആക്രമണം പോലെ അയര്‍ലന്‍ഡിലെ ആളുകള്‍ക്ക് നേരെയും ആക്രമണമുണ്ടാകാമെന്നും അതിര്‍ത്തികള്‍ ആക്രമിക്കപ്പെടാമെന്നും കില്‍ഡെയറില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ RACO മുന്നറിയിപ്പു നല്‍കി.

ഡിഫെന്‍സ് ഫോഴ്‌സ് ഇത്തരം ആക്രമണങ്ങളെ അഭിമുഖീകരിക്കണമെന്നും അവര്‍ക്ക് നിലവിലെ സൗഹചര്യങ്ങളില്‍ പാരീസില്‍ നടന്ന ആക്രമണങ്ങള്‍ പോലൊന്നിനെ നേരിടാന്‍ ശേഷിയില്ലെന്നും കമാന്‍ഡന്റ് ഏര്‍നാന്‍ നൗട്ടണ്‍ പറഞ്ഞു. നേവല്‍ സര്‍വീസില്‍ ഓഫീസ് ലെവലില്‍ 32 ഒഴിവുകളുണ്ട്. വ്യോമ സേനയില്‍ 34 സൈനികരെ ആവശ്യമുണ്ട്. ബോംബ് ഡിസ്‌പോസല്‍ യൂണിറ്റില്‍ ആവശ്യമുള്ള ഓഫീസേഴ്‌സിന്റെ പകുതി മാത്രമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. 136 ഓഫീസര്‍മാരാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ സ്വകാര്യമേഖലയില്‍ കൂടുതല്‍ ശമ്പളമുള്ള ജോലി തേടിപ്പോയത്.

ഭീകരവാദം അന്താരാഷ്ട്ര തലത്തില്‍ തന്നെ ഒരു വലിയ ഭീഷണിയായി മാറുമ്പോള്‍ ഐറിഷ് ഡിഫെന്‍സ് ഫോഴ്‌സില്‍ ഓഫീസര്‍മാരും അടിയന്തിര സാഹചര്യം നേരിടാനുള്ള സന്നാഹങ്ങളും നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് അസോസിയേഷന്‍ പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: