ഭീകരാക്രമണത്തില്‍ പകച്ചുനില്‍ക്കുന്ന ശ്രീലങ്കയെ ശക്തിപ്പെടുത്താന്‍ ഏപ്രില്‍ 28 ഞായറാഴ്ച പ്രാര്‍ത്ഥന ദിവസമായി ആചരിക്കണമെന്ന് ഭാരത കത്തോലിക്കാ സഭ

ഗോവ: ഭീകരാക്രമണത്തില്‍ പകച്ചുനില്‍ക്കുന്ന ശ്രീലങ്കയെ ശക്തിപ്പെടുത്താന്‍ ഏപ്രില്‍ 28 ഞായറാഴ്ച പ്രാര്‍ത്ഥന ദിവസമായി ആചരിക്കണമെന്ന് ഭാരത കത്തോലിക്കാ സഭ ആഹ്വാനം ചെയ്തു. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിസിബിസിഐ) പ്രസിഡന്റ് ഫിലിപ്പ് നെരി ഫെരായോ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീലങ്കന്‍ ജനതയുടെ ദുഖത്തില്‍ പങ്കുചേരുന്നതായും പ്രാര്‍ത്ഥിക്കുന്നതായും സിബിസിഐയുടെ അംഗങ്ങള്‍ക്ക് അയച്ച പ്രസ്താവനയില്‍ അദ്ദേഹം അറിയിച്ചു.

കരുണയുടെ ദിനംകൂടിയായ അന്ന്, ആരാധനയുടെ സമയത്ത് മരിച്ചവര്‍ക്കുവേണ്ടിയും മുറിവേല്‍പ്പിക്കപ്പെട്ടവര്‍ക്കുവേണ്ടിയും ആക്രമണത്തില്‍ തകര്‍ന്നുപോയ കുടുംബങ്ങളെ നവീകരിക്കുന്നതിനുവേണ്ടിയും പ്രത്യേകമായി സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണം. കൂടാതെ പറ്റുന്ന സ്ഥലങ്ങളിലൊക്കെ മെഴുകുതിരികള്‍ കത്തിച്ചുകൊണ്ടും പ്രദിക്ഷിണം നടത്തിയും പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കണം. അതുവഴി നമ്മുടെ അയല്‍ രാജ്യത്ത് സംഭവിച്ച അനര്‍ത്ഥത്തില്‍ പങ്കുചേരാനും ലോകമെമ്പാടും സമാധാനവും സഹവര്‍ത്തിത്വവും പ്രദാനം ചെയ്യാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാനും എല്ലാവരെയും ക്ഷണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ഇതുവരെ 360 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. മരണസംഖ്യ ഇനിയുമുയരാന്‍ സാധ്യതയുണ്ടെന്നും കരുതപ്പെടുന്നുണ്ട്. കൂടാതെ 500ലധികം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലും കഴിയുന്നുണ്ട്. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്സ് ഏറ്റെടുത്തുകഴിഞ്ഞു. നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍ടിജെ) എന്ന സംഘടനയില്‍പ്പെട്ട ഏഴ് ലങ്കന്‍ ചാവേറുകളാണു സ്ഫോടനപരമ്പര നടത്തിയതെന്നും കഴിഞ്ഞദിവസങ്ങളില്‍ സര്‍ക്കാര്‍ വക്താക്കള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു

Share this news

Leave a Reply

%d bloggers like this: