ഭീകരാക്രമണം: പാരീസിലുള്ള ഐറിഷ് പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം

ഭീകരാക്രമണം: പാരീസിലുള്ള ഐറിഷ് പൗരന്‍മാര്‍ക്ക് ജാഗ്രത നീര്‍ദേശം

ഡബ്ലിന്‍: 150 ഓളം പേരുടെ മരണത്തിനിരയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാരീസിലുള്ള ഐറിഷ് പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ഐറിഷ് വിദേശകാര്യമന്ത്രാലയം. ഇന്നലെ രാത്രിയിലുണ്ടായ ഭീകരാക്രണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പാരീസിലുള്ള ഐറിഷുകാരോടും കഴിയവതും വീടിനുള്ളില്‍ തന്നെ കഴിയണമെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.

പാരീസിലെങ്ങും സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും പാരീസ് മുനിസിപ്പാലിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാരീസിലുള്ള ഐറിഷുകാര്‍ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് തങ്ങള്‍ സുരക്ഷിതരാണെന്ന വിവരം ധരിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഫ്രാന്‍സിലെ ട്രെയിന്‍, വ്യോമഗതാഗങ്ങള്‍ തടസം കൂടാതെ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാരീസിലേക്ക് യാത്ര ചെയ്യുന്ന ഐറിഷുകാര്‍ എയര്‍ലൈന്‍ അധികൃതരുമായി ബന്ധപ്പെടണം.

ഫ്രാന്‍സിലുണ്ടായ ആക്രമണത്തില്‍ ഐറിഷുകാര്‍ക്ക് പരിക്കേറ്റതായോ കൊല്ലപ്പെട്ടതായോ റിപ്പോര്‍ട്ടുകളില്ലെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.

പാരീസില്‍ വിനോദസഞ്ചാരത്തിന് പോയിരിക്കുന്നവര്‍ കുടുംബാംഗങ്ങളുമായി ബന്ധപ്പെടണമെന്നും ഫേസ്ബുക്കിലെ സേഫ്റ്റി ചെക്ക് ഫീച്ചര്‍ പരിശോധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

പാരീസിലുള്ളവരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ക്കായി വിദേശകാര്യമന്ത്രാലയത്തിലെ 01-408-2000 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. പാരീസിലുള്ള ഐറിഷുകാര്‍ എംബസിയുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. വിളിക്കേണ്ട നമ്പര്‍ +33144176700

അയര്‍ലന്‍ഡില്‍ നിന്ന പാരീസിലേക്കുള്ള വിമാനസര്‍വീസുകള്‍ ഇന്നു മുടക്കമില്ലാതെ നടക്കും. അതേസമയം പാരീസിലേക്ക് യാത്ര തിരിക്കാനിരുന്ന ആരെങ്കിലും യാത്ര മാറ്റിവെയ്ക്കാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് അതിനുള്ള സൗകര്യവും യാത്ര റദ്ദ് ചെയ്യുകയാണെങ്കില്‍ മുഴുവന്‍ തുകയും മടക്കി നല്‍കുമെന്ന് എയര്‍ ലിംഗ്‌സ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: