ഭീകരവാദത്തെ ഒരുമിച്ച് നേരിടും , പൊതുതിരഞ്ഞെടുപ്പില്‍ മാറ്റമില്ലെന്ന് തെരേസ മേ

ലണ്ടന്‍ ഭീകരാക്രമണമുണ്ടായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ മാറ്റമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. തിരഞ്ഞെടുപ്പ് നേരത്തെ നിശ്ചയിച്ചതു പ്രകാരം ജൂണ്‍ എട്ടിന് തന്നെ നടക്കുമെന്നും മേ അറിയിച്ചു. ബ്രിട്ടനില്‍ അടുത്ത കാലത്തുണ്ടായ മാഞ്ചസ്റ്റര്‍, വെസ്റ്റ്മിനിസ്റ്റര്‍, ലണ്ടന്‍ ബ്രിഡ്ജ്, ഭീകരക്രമണങ്ങള്‍ എന്നിവ തമ്മില്‍ നേരിട്ട് ബന്ധമില്ലെന്നും മേ വ്യക്തമാക്കി. ഭീകരാക്രമണത്തോടെ നിര്‍ത്തിവച്ച തിരഞ്ഞെടുപ്പ് പ്രചാരണം തിങ്കളാഴ്ച മുതല്‍ തുടരുമെന്നും മേ അറിയിച്ചു. ലണ്ടനില്‍ രണ്ടിടങ്ങളിലായി ഉണ്ടായ ഭീകരാക്രമണങ്ങളിലായി ഏഴ് പേരാണ് മരിച്ചത്. അക്രമികളായ മൂന്നുപേരെയും സംഭവ സ്ഥലത്തുവച്ചു തന്നെ പോലീസ് വധിക്കുകയും ചെയ്തിരുന്നു.

ഇന്റര്‍നെറ്റില്‍ ഭീകരവാദത്തിന് സുരക്ഷിത ഇടം ലഭിക്കുന്നത് ഇല്ലാതാക്കണമെന്നും, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷ ഉയര്‍ത്തണമെന്നും തെരേസ മേ ചൂണ്ടിക്കാണിക്കുന്നു. രാജ്യം കൂട്ടായി നിന്ന് ശത്രുക്കളെ നേരി ടുമെന്നും അവര്‍ പറയുന്നു. അടുത്തടുത്തായി ബ്രിട്ടനിലുണ്ടായ മൂന്ന് ആക്രമണങ്ങളും തമ്മില്‍ ബന്ധമില്ലെങ്കിലും ഈ ആക്രമണങ്ങള്‍ക്കെല്ലാം തന്നെ തീവ്ര ഇസ്ലാമിക പശ്ചാത്തലമുണ്ടെന്നും മേ ചൂണ്ടിക്കാണിക്കുന്നു. മൂന്നുമാസത്തിനിടെ ബ്രിട്ടനെ ഭീതിയിലാഴ്ത്തിക്കൊണ്ട് മൂന്ന് ഭീകരാക്രമണങ്ങളാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്.

വെസ്റ്റ് മിനിസ്റ്റര്‍ ബ്രിഡ്ജിലേയ്കക് വാഹനമോടിച്ചു കയറ്റിയ അക്രമി പാര്‍ലമെന്റ് മന്ദിരത്തിനുള്ളിലേയ്ക്കും വാഹനം ഓടിച്ചു കയറ്റാനുള്ള ശ്രമം നടത്തുകയായിരുന്നു. അഞ്ച് പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാഞ്ചസ്റ്ററില്‍ യുഎസ് പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ പരിപാടിയ്ക്കിടെയാണ് 22 പേരുടെ മരണത്തിനിടയാക്കിയ മാഞ്ചസ്റ്റര്‍ ആക്രമണമുണ്ടാകുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ സംഗീത നിശയ്‌ക്കെത്തിയവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അറുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബ്രിട്ടനിലെ പൊതി തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുകയാണ് ഭീകകരുടെ ലക്ഷ്യമെന്നാണ് സൂചന.

ലണ്ടനില്‍ ശനിയാഴ്ച രാത്രി നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മെട്രോപൊളിറ്റണ്‍ പൊലീസ് സര്‍വീസ് പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. പൊതുതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബ്രിട്ടനെ ഞെട്ടിച്ച് ഉണ്ടായ ഇരട്ട ഭീകരാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

 

 

Share this news

Leave a Reply

%d bloggers like this: