ഭീകരര്‍ അഴിഞ്ഞാടിയപ്പോള്‍ ബാറ്റാക്ലാന്‍ സംഗീത വേദിയ്ക്കു പുറത്ത് ജീവനും കൊണ്ട് നെട്ടോട്ടമോടുന്നവരുടെ ദൃശ്യങ്ങള്‍

പാരീസ്: പാരീസിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നിന്നു ലോകം ഇനിയും മുക്തമായിട്ടില്ല. ഭീകരാക്രമണത്തെ തുടര്‍ന്ന് ലോകമെങ്ങും സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കര്‍ശന നിരീക്ഷണവും പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീവ്രവാദികള്‍ വെടിവെയ്പ്പ് നടത്തിയ ബാറ്റാക്ലാന്‍ സംഗീതവേദിക്കു സമീപത്തു നിന്ന് സ്ത്രീകളും പുരുഷന്മാരുമടക്കം ജീവനും കൊണ്ട് നെട്ടോട്ടമോടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ജനാലകളിലും കെട്ടിടത്തിന്റെ ഭിത്തിയിലും തൂങ്ങിക്കിടന്ന് ഭാഗ്യംകൊണ്ട് ജീവിതത്തിലേക്ക് പിടിച്ചു കയറുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ കരളലിയിക്കും. രാത്രി 9.20 നായിരുന്നു ആദ്യ ആക്രമണം.

ലുക്കാര്‍ലിയോണ്‍ നിശാക്ലബ്ലിലെത്തിയവര്‍ക്കു നേരേ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു തീവ്രവാദികള്‍. തുടര്‍ന്ന് സെന്റ് മാര്‍ട്ടിനിലെ മക് ഡൊണാള്‍ഡില്‍. 9.30ന് ജര്‍മ്മനി-ഫ്രാന്‍സ് ഫുട്ബാള്‍ മത്സരം നടന്ന വേദിക്കു പുറത്ത്. പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളോന്ദയും കളികാണാനുണ്ടായിരുന്നു. 9.50 ന് റുദേ ഷാറോണ്‍ ഭക്ഷണ ശാലയില്‍ വെടിവെയ്പ്പ്. തുടര്‍ന്ന് 10 നാണ് ബാറ്റാക്ലാന്‍ സംഗീതവേദിയില്‍ പാഞ്ഞു കയറി അക്രമികള്‍ വെടിയുതിര്‍ത്തത്. ഇവിടെ മാത്രം 118 പേര്‍ കൊല്ലപ്പെട്ടു. ഈ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലീ മോണ്‍ഡെയിലെ പത്രപ്രവര്‍ത്തകനാണ് സമീപത്തെ ഒരു കെട്ടിടത്തില്‍ നിന്ന് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

വെടിയൊച്ചകളും സ്‌ഫോടന ശബ്ദവും കൊണ്ട് മുഖരിതമായ തെരുവില്‍ നിന്ന് ഭീകരമായ അലര്‍ച്ചകളും ജീവനു വേണ്ടിയുള്ള കരച്ചിലുകളും കേള്‍ക്കാം. വെടിവെയ്പ്പില്‍ നിന്നു രക്ഷപെടാനായി കെട്ടിടത്തിന്റെ സണ്‍ഷെയ്ഡില്‍ തൂങ്ങിക്കിടക്കുന്ന രണ്ടുപേരെയും കാണാം. ചിതറി തെറിച്ച ശരീരങ്ങളും രക്തം വാര്‍ന്നൊഴുകുന്ന റോഡുകളിലൂടെ പരിക്കേറ്റവരെ വലിച്ചുകൊണ്ടു പോകുന്നതും കാണാം. ഭീകരമാംവിധം മുഴങ്ങുന്ന വെടിയൊച്ചകള്‍ക്കു മേലെ ഓസ്‌കാര്‍ എന്ന വ്യക്തിയുടെ പേരു വിളിച്ച് അയാളെ അന്വേഷിച്ച് അലയുന്ന ആളെയും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അമേരിക്കന്‍ ബാന്‍ഡായ ഈഗിള്‍സ് ഓഫ് ഡെത്ത് മെറ്റല്‍ അവതരിപ്പിച്ച സംഗീത പരിപാടി ആസ്വദിക്കാനെത്തിയവരാണ് ആക്രമിക്കപ്പെട്ടത്.

http://www.thejournal.ie/video-bataclan-shooting-paris-2445005-Nov2015/

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: