ഭീകരര്‍ക്കായി പ്രത്യേക വല വിരിച്ച് ലണ്ടന്‍ പൊലീസ്

 

സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ഇടിച്ചുകയറ്റിയുള്ള ഭീകരാക്രമണങ്ങള്‍ തടയുന്നതിന് പ്രത്യേക സംവിധാനവുമായി ലണ്ടന്‍ പോലീസ്. സ്‌പൈഡര്‍മാന്‍ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക് പരിചിതമായ, വലയുപയോഗിച്ച് എതിരാളിയെ കുരുക്കുന്ന സാങ്കേതികവിദ്യയാണ് ബ്രിട്ടീഷ് പോലീസ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
തറയില്‍ വിരിക്കാവുന്ന പ്രത്യേക വലയാണിത്. ടാലണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ വലയുടെ ഉപരിതലത്തില്‍ ടങ്സ്റ്റണ്‍ സ്റ്റീല്‍ ഉപയോഗിച്ചു നിര്‍മിച്ച കൂര്‍ത്തുനില്‍ക്കുന്ന ഭാഗമുണ്ട്. തറയില്‍ വിരിച്ചിരിക്കുന്ന വലയുടെ മേല്‍ വാഹനങ്ങള്‍ കയറുമ്പോള്‍ ചക്രങ്ങളില്‍ ഈ കൂര്‍ത്ത ഭാഗം തുളച്ചുകയറുകയും ടയറുകള്‍ പഞ്ചറാക്കുകയും ചെയ്യും. അതേസമയംതന്നെ പ്ലാസ്റ്റിക് വല വാഹനത്തിന്റെ മുന്‍ ചക്രങ്ങളില്‍ കുരുങ്ങും. വാഹനം പെട്ടെന്നു നില്‍ക്കും.

ഞായറാഴ്ച ലണ്ടന്‍ വൈറ്റ്ഹില്ലില്‍ നടന്ന നാവികരുടെ പ്രത്യേക പരേഡിലാണ് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പുതിയ ഉപകരണം അവതരിപ്പിച്ചത്. വലിയ തോതില്‍ ജനങ്ങള്‍ തടിച്ചുകൂടുന്ന സ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിന് ടാലണ്‍ ഉപയോഗിക്കാനാകും. അത്യാവശ്യ ഘട്ടത്തില്‍ രണ്ട് പേര്‍ക്ക് ഒരുമിനിറ്റ് സമയംകൊണ്ട് ഈ ‘മുള്ളുവല’ തറയില്‍ വിരിക്കാന്‍ കഴിയും.

വാഹനം ഉപയോഗിച്ചുള്ള തീവ്രവാദി ആക്രമണങ്ങള്‍ അടുത്ത കാലത്തായി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ആള്‍ക്കൂട്ടത്തിലേയ്ക്ക് വാഹനം ഇടിച്ചുകയറ്റി കൂട്ടക്കുരുതികള്‍ നടത്തുന്ന സംഭവം പല വട്ടം ആവര്‍ത്തിച്ചിരുന്നു. മാര്‍ച്ച് മാസത്തില്‍ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ പാലത്തില്‍ വാഹനം ഇടിച്ചുകയറ്റി അഞ്ചു പേരെ കൊലപ്പെടുത്തിയിരുന്നു. ജൂണില്‍ ലണ്ടന്‍ ബ്രിഡ്ജിലും ബോറോ മാര്‍ക്കറ്റിലും സമാനമായ സംഭവങ്ങളുണ്ടായി.
പ്രധാനപ്പെട്ട പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലും ജനങ്ങള്‍ തടിച്ചുകൂടുന്ന സ്ഥലങ്ങളിലും മാര്‍ക്കറ്റുകളിലും മറ്റും ടാലണ്‍ ഉപയോഗിക്കുന്നതിലൂടെ ഇത്തരം ആക്രമണങ്ങളും അപകടങ്ങളും നിയന്ത്രിക്കാനാകുമെന്ന് മെട്രോപോളിറ്റന്‍ പോലീസ് മേധാവി നിക്ക് സ്റ്റാലി പറഞ്ഞു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: