ഭാവദീപ്തിയുടെ മുദ്രകള്‍ നിറഞ്ഞ നൃത്തജീവിതം

‘നൃത്തം ചെയ്യാനായി ജനിച്ചതാണ് ഞാന്‍. ഈ കഴിവ് എനിക്കുതന്ന ദൈവത്തിന് ഞാന്‍ ഒരായിരം നന്ദി പറയുന്നു. വളരെ ചെറുപ്പത്തില്‍  അതായത് 7 വയസുമുതല്‍ നൃത്തം വേദിയില്‍ അവതരിപ്പിച്ചുതുടങ്ങിയതാണ് ഞാന്‍. ഇന്നും നൃത്തത്തെയാണ് ഞാനെന്റെ നെഞ്ചോട് ചേര്‍ത്തുവയ്ക്കുന്നത്”

  നൃത്തത്തിനു വേണ്ടി സ്വയം സമര്‍പ്പിച്ച ജീവിതമാണ് ഷീല നായരുടേത്. കഴിഞ്ഞ പതിനാറുവര്‍ഷമായി ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന ഷീല ജന്മം കൊണ്ട് മലേഷ്യക്കാരിയാണെങ്കിലും പാതി മലയാളിയാണ്. കേരളത്തില്‍ തൃശൂരാണ് ഷീലയുടെ കുടുംബവീട്. അമ്മയുടെ വീട് തൃശൂരാണെങ്കിലും ഷീല ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം മലേഷ്യയിലായിരുന്നു.

            അമ്മ നൃത്തം ചെയ്തിരുന്നതിനാല്‍ ചെറുപ്രായത്തില്‍ തന്നെ ഷീലയും ഭരതനാട്യം അഭ്യസിച്ചുതുടങ്ങി. എഴാം വയസില്‍ വേദിയില്‍ അരങ്ങേറ്റം കുറിച്ചു. പഠനത്തിലും സമര്‍ത്ഥയായിരുന്ന ഷില ഒരു പത്രപ്രവര്‍ത്തകയും ടിവി അവതാരകയുമായിരുന്നു. മാസ് കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയായ ഷീല മലേഷ്യന്‍ സര്‍ക്കാര്‍ ടിവിയ്ക്കായി നിരവധി പരിപാടികള്‍ ചെയ്തിട്ടുണ്ട്. പത്രപ്രവര്‍ത്തനത്തില്‍ നിന്നും ടിവി അവതാരകയില്‍ നിന്നും നൃത്തരംഗത്തേക്കെത്തുമ്പോള്‍ മനസില്‍ നിറഞ്ഞ സംതൃപ്തിയാണുള്ളതെന്ന് ഷീല പറയുന്നു. നൃത്തം ചെയ്യാന്‍ ജനിച്ചതാണ് ഞാന്‍. നൃത്തം ചെയ്യുക എന്നതാണ് എന്റെ ഏറ്റവും വലിയ സംതൃപ്തി. ഈ കഴിവ് ഒരു വരദാനമായി എനിക്ക് ലഭിച്ചതാണ്. ജന്മസിദ്ധമായ ഈ കഴിവ് എനിക്ക് ദൈവത്തോട് ഞാന്‍ നന്ദി പറയുന്നു.

image-09-10-15-01-28-9

         കലാക്ഷേത്രയിലെ റാണി സിംഗി, ശ്രീ ഗണേഷ് എന്നിവരാണ് ഗുരുക്കന്‍മാര്‍. എട്ടാം വയസില്‍ കേരളസമാജത്തിനുവേണ്ടിയുള്ള പരിപാടിയിലാണ് ആദ്യമായി നൃത്തം ചെയ്യുന്നത്. 195 ല്‍ മലേഷ്യയില്‍ നടന്ന പരിപാടിയില്‍ പ്രമുഖരോടൊപ്പം നൃത്തം ചെയ്യാന്‍ കഴിഞ്ഞത് അഭിമാനമായി കരുതുകയാണ് ഈ കലാകാരി. ശോഭന, പത്മിനി എന്നിവരോടൊപ്പം നൃത്തം ചെയ്യുമ്പോള്‍ യേശുദാസടക്കമുള്ള നിരവധി പ്ര
മുഖര്‍ സന്നിഹിതരായിരുന്നുവെന്ന് അവര്‍ ഓര്‍ക്കുന്നു.

image-09-10-15-01-28-2

            അമ്മ നൃത്തം ചെയ്തിരുന്നെങ്കിലും പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. കുടുംബത്തില്‍ നിന്ന് കലാരംഗത്തെത്തുന്ന ആദ്യത്തെയാളാണ് ഷീല. ആ ഭാഗ്യവും തനിക്ക് ലഭിച്ചുവെന്ന് അവര്‍ ആഹഌദത്തോടെ പറയുന്നു. സിഡ്‌നിയില്‍ കലാസാംസ്‌കാരിക രംഗത്ത് വലിയ അവസരങ്ങളുണ്ട്. സിഡ്‌നി ഒരു മള്‍ട്ടി കള്‍ച്ചറല്‍ നഗരമാണ്. എല്ലാ ആഴ്ചയിലും സാംസ്‌കാരിക പരിപാടികളുണ്ടാകും. പ്രദേശിക ജനവിഭാഗങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് ഇത് മികച്ച അവസരം നല്‍കുന്നു. സ്‌കൂളുകള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്കു പുറമേ അസോസിയേഷനുകളും ധാരാളം പരിപാടികള്‍ സംഘടിപ്പിക്കുന്നു, കൂടാതെ ഓണം, വിഷു, ദീപാവലി തുടങ്ങിയ  ആഘോഷവേളയിലും സിഡ്‌നിയിലെ അരങ്ങുകള്‍ സമ്പന്നമാകും. അതിനാല്‍ കലാകാരന്‍മാര്‍ക്ക് സിഡ്‌നി നിരവധി അവസരങ്ങളാണ് നല്‍കികൊണ്ടിരിക്കുന്നതെന്നും ഷീല വ്യക്തമാക്കുന്നു.

                   കുടുംബത്തിന്റെ പിന്തുണയാണ് നൃത്തരംഗത്ത് സജീവമായി നില്‍ക്കാന്‍ തനിക്ക് പ്രേരണ നല്‍കുന്നതെന്ന് ഷീല പറയുന്നു. അമ്മയുടെയും സിഡ്‌നിയില്‍ സര്‍വീസ് മേനേജരായ ഭര്‍ത്താവ് അനൂപ് നായരുടെയും പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഈ വളര്‍ച്ചയുണ്ടാകുമായിരുന്നില്ലെന്നും സിഡ്‌നിയില്‍ ഭര്‍ത്താവും മക്കളുമായി താമസിക്കുന്ന ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ജീവനക്കാരിയായ ഷീല പറയുന്നു.

         സ്വന്തമായി ഡാന്‍സ് ട്രൂപ്പ് നടത്തുകയും വേദികളില്‍ നിന്ന് വേദികളിലേക്കുള്ള തിരക്കുമാണ് ഷീലയ്ക്കിന്ന്. തിരക്കിനിടയിലും നൃത്തം അഭ്യസിക്കുന്നതിനായി ദിവസവും ഒരു മണിക്കൂറെങ്കിലും നീക്കി വെയ്ക്കുന്നു. ഗ്രൂപ്പ് ഡാന്‍സ് പ്രോഗ്രാമുകള്‍ അതീവ ചിട്ടയോടെയാണ് ക്രമപ്പെടുത്താറുള്ളത്. ആ സമയത്ത് വളരെ കര്‍ക്കശക്കാരിയാണ് താനെന്ന് ഷീല പറയുന്നു. വളരെ അച്ചടക്കവും അര്‍പ്പണബോധവുമുള്ള നര്‍ത്തകിമാരാണ് തനിക്കൊപ്പമുള്ളതെന്നും അതാണ് തന്റെ കരുത്തെന്നും അവര്‍ സൂചിപ്പിക്കുന്നു. 2013 ല്‍ 45 നര്‍ത്തകിമാരെ ഉള്‍പ്പെടുത്തി ഒരു സംഘടന യുടെ ധനശേഖരണാര്‍ത്ഥം സിഡ്‌നിയില്‍ പരിപാടി അവതരിപ്പിച്ചിരുന്നു. അത് വലിയ ഹിറ്റായി   മാറി.

ശോഭനയാണ് ഷീലയുടെ റോള്‍ മോഡല്‍. നൃത്തത്തിന്റെ ഒരു ഐക്കണ്‍ ആണ് ശോഭനയെന്നാണ് ഷീല പറയുന്നത്. എന്നാല്‍ ശോഭനയെപ്പോലെ സിനിമയില്‍ അഭിനയിക്കാന്‍ ഷീലയ്ക്ക് താല്‍പര്യമില്ല. സിനിമയിലേക്ക് ക്ഷണമുണ്ടായിട്ടുണ്ടെങ്കിലും അത് തന്റെ മേഖലയല്ലെന്ന് ഉറപ്പിച്ചുപറയുകയാണ് ഇവര്‍.

image-09-10-15-01-28-13

           നൃത്തം ഷീലയ്ക്ക് സ്വയം കണ്ടെത്തലിനുള്ള മാര്‍ഗ്ഗമാണ്. നൃത്തത്തോടുളള അടങ്ങാത്ത അഭിനിവേശമാണ് ഈ കലാകാരിയെ മുന്നോട്ട് നയിക്കുന്നത്. ഓരോ ശ്വാസത്തിലും ഓരോ ചലനത്തിലും ഭാവദീപ്തിയുടെ മുദ്രകള്‍ വരിച്ചിട്ടാണ് ഈ കലാകാരിയുടെ ജീവിതം.

-എംഎന്‍-

Share this news

Leave a Reply

%d bloggers like this: