ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്ക് നേരേ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ഭാര്യയെ ഉപേക്ഷിച്ച് കടന്ന് കളയുന്ന പ്രവാസികള്‍ക്ക് മേല്‍ വല വിരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നടപടികള്‍. ഇതിനായി പ്രവാസികള്‍ക്കെതിരെ നടപടികളെടുക്കാന്‍ സാധിക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. പ്രവാസികള്‍ക്കെതിരായ പരാതികള്‍ക്കായി പോര്‍ട്ടല്‍ തുടങ്ങുന്നതിനെക്കുറിച്ചും മന്ത്രി പറഞ്ഞു.

വിവാഹശേഷം പ്രവാസികള്‍ ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന് കളയുന്ന പ്രവണതയും വിദേശത്ത് വെച്ച് മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതും കൂടിയിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടിയാണ് കര്‍ശന നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി. ഇത്തരക്കാരായ 25 പേരുടെ പാസ്പോര്‍ട്ടുകള്‍ ഇതിനകം റദ്ദാക്കിയിട്ടുണ്ട്.

വിദേശമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2015 മുതല്‍ 2017 വരെ 3328 പരാതികളാണ് പ്രവാസികളായ ഭര്‍ത്താക്കന്മാര്‍ക്കെതിരെ ലഭിച്ചിട്ടുള്ളത്. ഭാര്യയെ പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന ഭര്‍ത്താക്കന്മാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏതാനും സ്ത്രീകള്‍ കോടതിയെ സമീപിച്ചിരുന്നു. നിയമപരവും സാമ്പത്തികപരവുമായ സഹായങ്ങള്‍ക്കായുള്ള നടപടികള്‍ വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ മറുപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രജ്ജന്‍ ഗൊഗോയ് അടങ്ങുന്ന മൂന്നംഗ ബെഞ്ച് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു.

പരാതികള്‍ക്കായുള്ള പോര്‍ട്ടലിനായി ക്രിമിനല്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തേണ്ടതുണ്ട്. ഭേദഗതികള്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാകുമെന്നും മന്ത്രി പറഞ്ഞു. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ വേളയിലാണ് സുഷമ സ്വരാജ് നടപടികളെക്കുറിച്ച് പറഞ്ഞത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: