ഭവന പ്രതിസന്ധിയെക്കുറിച്ച് വിരുദ്ധ പ്രസ്താവന നടത്തിയ വരേദ്കറിനെതിരെ പ്രതിഷേധം പുകയുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഭവന പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയില്‍ വരേദ്കറിന്റെ പ്രസ്താവന വിവാദത്തില്‍. അന്താരാഷ്ട്രത്തലത്തിലുള്ള ഭവന പ്രതിസന്ധിയുടെ താരതമ്യം ചെയ്യുമ്പോള്‍ അയര്‍ലണ്ടിലെ ഭവന രഹിത പ്രശ്‌നങ്ങള്‍ നിസാരമാണെന്ന് പ്രധാനമന്ത്രി പ്രസ്താവിക്കുന്നു. രാജ്യത്ത് 8500-ല്‍ പരം ആളുകള്‍ ഭവന രഹിതരായി തുടരുമ്പോള്‍ പ്രധാനമന്ത്രി നടത്തിയ വിരുദ്ധ അഭിപ്രായത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

3000 കുട്ടികളടക്കം തെരുവുകളിലും എമര്‍ജന്‍സി അക്കോമഡേഷനുകളിലും ഓരോ ദിവസവും തള്ളിനീക്കുന്നതിന്റെ ബുദ്ധിമുട്ട് നേരിട്ട് മാനിസിലാക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കണമെന്ന് ഹൗസിങ് സംഘടനങ്ങള്‍ ആവശ്യപ്പെട്ടു. യൂറോപ്പില്‍ ഭവന പ്രതിസന്ധി ഏറ്റവും കൂടുതല്‍ അയര്‍ലണ്ടില്‍ ആണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ ഉള്‍പ്പെടെ നടത്തിയ സര്‍വേഫലം വ്യക്തമാക്കിയിരുന്നു. ഇത് മനസിലാക്കാതെ മന്ത്രി നടത്തിയ അഭിപ്രായം ശരിയായില്ലെന്ന് വിവിധ സംഘടനകള്‍ പറയുന്നു.

രാജ്യത്തെ ഭവന രഹിതരുടെ എണ്ണം ഹൗസിങ് മന്ത്രാലയം ഓരോ ദിവസവും പുറത്ത് വിടുന്നുണ്ട്. എന്നാല്‍ ഇത് കൃത്യമായ എണ്ണം അല്ലെന്ന് സൈമണ്‍ കമ്മ്യൂണിറ്റി ഉള്‍പ്പെടെ സന്നദ്ധ സംഘടനകള്‍ പറയുന്നു. തെരുവിലാക്കപ്പെട്ടവരും, എമര്‍ജന്‍സി അകക്കോമഡേഷനില്‍ താമസിക്കുന്നവരും മാത്രമല്ല ഭവന രഹിതര്‍. രാത്രി സമയങ്ങളില്‍ അടച്ചിടുന്ന കടകള്‍ക്കകത്തും മറ്റു സ്ഥാപനങ്ങളിലും താമസിച്ച് വരുന്നവരുടെ എണ്ണവും അയര്‍ലണ്ടില്‍ വര്‍ധിക്കുന്നുണ്ട്. ഇവരെ ഭവന രഹിതരായി കണക്കാക്കാറില്ല. ഇത് കൂടി പരിഗണിച്ചാല്‍ 10,000-ല്‍ അധികം ആളുകള്‍ ഭവന രഹിത പട്ടികയില്‍പെടും.

മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭവന രഹിതര്‍ എന്ന പദത്തിന് നല്‍കുന്ന വിശാല അര്‍ത്ഥമല്ല അയര്‍ലണ്ടില്‍ നല്‍കിവരുന്നത്. വിശദമായ അവലോകനം നടത്താതെ തിട്ടപ്പെടുത്തുന്ന ഭവന രഹിത കണക്കുകള്‍ തെറ്റാണെന്ന് സിന്‍ഫിന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും പറയുന്നു. രാജ്യത്ത് ഭവന പ്രതിസന്ധി രൂക്ഷമല്ലെന്ന പൊതു ധാരണ സൃഷ്ടിക്കുന്ന വരേദ്കറിന്റെ അഭിപ്രായം സ്വീകാര്യമല്ലെന്ന് പ്രതിപക്ഷവും ആരോപണം ഉന്നയിച്ചു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: