ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ ടി.വി.അനുപമയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമം തുടങ്ങിയതായി ആരോപണം

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ ടി.വി.അനുപമയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമം തുടങ്ങിയതായി ആരോപണം. പ്രമുഖ കറി പൗഡര്‍ നിര്‍മാതാക്കള്‍ക്കെതിരേയും കീടനാശിനി ലോബിക്കെതിരെയും നടപടി സ്വീകരിച്ചതിലുള്ള അതൃപ്തിയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ ഇത്തരമൊരു നീക്കം ഇല്ലെന്നും കമ്മിഷണറുടെ നടപടികളെല്ലാം തന്റെ ഓഫിസ് കൂടി അറിഞ്ഞിട്ടാണെന്നും ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു.

പ്രമുഖ കമ്പനിയായ നിറ പറയുടെ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവയില്‍ മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഈ കമ്പനിയുടെ ഈ മൂന്ന് ഉല്‍പന്നങ്ങളും ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ നിരോധിച്ചു. മൂന്നാം തിയതിയാണ് നിരോധനം നിലവില്‍ വന്നത്. ഒരാഴ്ചത്തെ സമയം നല്‍കി ഉല്‍പന്നങ്ങളെല്ലാം വിപണിയില്‍ നിന്ന് പിന്‍വലിപ്പിക്കുകയും ചെയ്തു. ഇതോടെ ഈ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറും കോണ്‍ഗ്രസ് നേതാവും കൂടിയായ പ്രമുഖ ചലച്ചിത്ര താരം ഉള്‍പ്പെടെ ഇതിനെതിരെ രംഗത്തെത്തിയെന്നും ഭക്ഷ്യസുരക്ഷ കമ്മിഷണറെ മാറ്റാന്‍ ചരട് വലിച്ചു തുടങ്ങിയെന്നുമാണ് ആരോപണം.

മാത്രവുമല്ല തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന വിഷപ്പച്ചക്കറിക്കെതിരെയും കര്‍ശന നടപടിയുമായി അനുപമ രംഗത്തെത്തിയിരുന്നു. തമിഴ്‌നാട് ലോബി ഇതിനെതിരെ രംഗത്തെത്തിയെങ്കിലും നടപടികളില്‍ വിട്ടുവീഴ്ചയ്ക്ക് കമ്മിഷണര്‍ തയാറായിരുന്നില്ല. ഗുജറാത്ത്, ആന്ധ്രാപ്രപദേശ് എന്നിവിടങ്ങളിലെ കീടനാശിനി കമ്പനികളും അനുപമക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കമ്മിഷണറുടെ നടപടികള്‍ക്കെതിരെ നിയമപോരാട്ടവും തുടങ്ങി. ഇതിനിടെ വ്യാജവിലാസത്തില്‍ നിന്ന് ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ക്ക് ഭീഷണി കത്തുകളും ലഭിച്ചുതുടങ്ങിയിരുന്നു.

ഇതോടെ കമ്മിഷണറുടെ പല നടപടികളും സര്‍ക്കാരിന് തലവേദനയുണ്ടാക്കി. തുടര്‍ന്നാണ് തല്‍സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കം തുടങ്ങിയത്. ഈ നീക്കത്തിന് ആരോഗ്യവകുപ്പിന്റെ പൂര്‍ണ പിന്തുണ കൂടി ഉണ്ടെന്നും ആരോപണം ഉണ്ട്. എന്നാല്‍ അനുപമയെ മാറ്റുന്നതിനെതിരെ സോഷ്യല്‍ മീഡിയ അടക്കം സജീവമായതോടെ പെട്ടെന്നുള്ള നടപടി സര്‍ക്കാര്‍ വേണ്ടെന്നുവയ്ക്കുകയായിരുന്നു. അതേസമയം, തനിക്ക് ഒരു സമ്മര്‍ദവും വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് ടി.വി. അനുപമ പ്രതികരിച്ചു.

Share this news

Leave a Reply

%d bloggers like this: