ബ്ലൂവെയ്ല്‍ ഗെയിം നിരോധിക്കാനാകില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

 

ബ്ലൂവെയ്ല്‍ ചലഞ്ച് പോലുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ആപ്ലിക്കേഷന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവയല്ല ഇത്തരം ഗെയിമുകള്‍ എന്നതിനാല്‍ അവ നിരോധിക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

ഗെയിം മൂലമുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ വിദ്യാര്‍ഥികളെ ബോധവാന്‍മാരാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ബ്ലൂവെയ്ല്‍ ആത്മഹത്യകള്‍ ദേശീയ പ്രശ്‌നമാണെന്ന് നിരീക്ഷിച്ചു കൊണ്ടാണ് സുപ്രീംകോടതി സംസ്ഥാനങ്ങളോട് ബോധവത്കരണം നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്‌കൂള്‍ വിദ്യാര്‍ഥികളെ ജീവിതത്തിന്റെ മനോഹാരിതയെ കുറിച്ച് ബോധവത്കരിക്കണമെന്നും ഗെയിമിന്റെ അപകടാവസ്ഥ വ്യക്തമാക്കിക്കൊടുക്കണമെന്നും സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോടും കോടതി നിര്‍ദേശിച്ചു. ഇത്തരം ഗെയിമുകളുടെ ദോഷഫലങ്ങളെ കുറിച്ച് സ്‌കൂളുകെള അറിയിക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സ്വീകരിക്കണമെന്നും ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ബ്ലൂവെയ്ല്‍ ഗെയിം കളിച്ച് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ സംഭവത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് പരിശോധിക്കുകയായിരുന്നു സുപ്രീംകോടതി. ഈ ആത്മഹത്യാ ഗെയിം നിരോധിക്കുന്നതിനു വേണ്ട നടപടികള്‍ അറിയിക്കണമെന്ന് സര്‍ക്കാറിനോട് കഴിഞ്ഞ മാസം സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. അതു പ്രകാരമാണ് വിഷയം പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്.

50 ദിവസം കൊണ്ട് കളിക്കുന്ന ഗെയിമാണിത്. സ്വയം മുറിപ്പെടുത്തുക, രാത്രി തനിച്ചിരുന്ന് ഭയപ്പെടുത്തുന്ന സിനിമകള്‍ കാണുക, അര്‍ധരാത്രിയില്‍ ശ്മശാനം സന്ദര്‍ശിക്കുക തുടങ്ങിയവയാണ് ടാസ്‌ക്കുകള്‍. ടാസ്‌കുകള്‍ പൂര്‍ത്തിയാക്കുന്ന മുറക്ക് പുതിയവ നല്‍കും. ഒടുവില്‍ ഗെയിം കളിച്ചതിന്റെ തെളിവുകള്‍ നശിപ്പിച്ചുകൊണ്ട് ആത്മഹത്യ ചെയ്യാനും ആവശ്യപ്പെടും. ഗെയിം അഡ്മിന്റെ നിയന്ത്രണത്തിലായ കുട്ടികള്‍ ഒടുവില്‍ ആത്മഹത്യ ചെയ്യും.

റഷ്യയില്‍ പിറവികൊണ്ട ഗെയിം അവിടെ 130ഓളം കുട്ടികളുടെ ജീവനെടുത്തിരുന്നു. ഇന്ത്യയിലും വിവിധയിടങ്ങളില്‍ കുട്ടികള്‍ ആത്മഹത്യ ചെയ്തത് ഗെയിം കളിച്ചാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാറിനോട് കോടതിയുടെ നിര്‍ദേശം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: