ബ്ര.ജേക്കബ് വട്ടച്ചിറ അന്തരിച്ചു; മണ്‍മറഞ്ഞത് ദൈവകരസ്പര്‍ശമുള്ള വാസ്തുശില്പി

ചേര്‍ത്തല: വിശുദ്ധ ഫ്രാന്‍സിസ് സാലെസിന്റെ ജീവിതശൈലി ഒരു വ്യക്തിയെ ശാന്തനും സന്തോഷവാനുമായി തീര്‍ക്കുന്നതിന് ഉതകുന്നതാകുന്നുവെന്ന വാക്കുകളെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു ബ്ര. ജേക്കബ് വട്ടച്ചിറയുടെ ജീവിതം. മിഷനറീസ് ഓഫ് ഫ്രാന്‍സിസ് ഡി സാലെസ് (എം.എസ്.എഫ്.എസ്) സഭയ്ക്ക് മാത്രമല്ല സമൂഹത്തിന് തന്നെ വലിയ നഷ്ടമാണ് ബ്ര. ജേക്കബ് വട്ടച്ചിറ (84)യുടെ വിയോഗം. മികച്ച വാസ്തുശില്പി ആയി പേരെടുത്ത ബ്ര.ജേക്കബ് പതിമൂന്ന് സംസ്ഥാനങ്ങളിലായി സഭയ്ക്കും സമൂഹത്തിനും പണിതുയര്‍ത്തിയത് എണ്ണൂറോളം സ്ഥാപനങ്ങള്‍. ഇതില്‍ നൂറോളം ദേവാലയങ്ങള്‍ അദ്ദേഹം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നിര്‍മ്മിച്ചു. കോളജുകള്‍, സ്‌കൂളുകള്‍, സന്യാസമഠങ്ങള്‍, കൊവേന്തകള്‍ തുടങ്ങി എഴുന്നൂറോളം സ്ഥാപനങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അദ്ദേഹത്തിന്റെ വിരല്‍സ്പര്‍ശത്തില്‍ പടുത്തുയര്‍ത്തിയത്.

ചേര്‍ത്തല കോക്കമംഗലം വട്ടച്ചിറ പരേതരായ തോമസ് കത്രീന ദമ്പതികളുടെ മകനായി 1934ല്‍ ജനിച്ച ബ്ര. ജേക്കബ് കോക്കമംഗലം സെന്റ് ആന്റണീസ് സ്‌കൂളിലും ചേര്‍ത്തല ഗവ.ബോയ്‌സ് ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. നാലാം ക്ലാസ് മുതല്‍ ചേര്‍ത്തല ആര്‍ട് സ്റ്റുഡിയോയില്‍ ചിത്രകലയും പഠിച്ചിരുന്ന ബ്ര.ജേക്കബ് ഗ്ലാസ് പെയിന്റിംഗില്‍ ഏറെ പ്രഗത്ഭനുമായിരുന്നു പത്താം ക്ലാസിനു ശേഷമാണ് ദൈവശുശ്രൂഷയ്ക്കായി എം.എസ്.എഫ്.എസ് സഭയില്‍ ചേര്‍ന്നത്.

സഭാ പ്രൊവിന്‍ഷ്യല്‍ ആസ്ഥാനമായ വിശാഖപട്ടണത്ത് 1962 ഏപ്രില്‍ 26ന് പ്രഥമ വ്രതവാഗ്ദാനവും 1965 ഏപ്രില്‍ 26ന് നിത്യവ്രത വാഗ്ദാനവും പൂര്‍ത്തിയാക്കി. ബ്ര. ജേക്കബിലെ കലാകാരനെ തിരിച്ചറിഞ്ഞ സഭാ നേതൃത്വം ഡല്‍ഹിയില്‍ അയച്ച് ആര്‍കിടെക്ചറില്‍ ഉന്നത വിദ്യാഭ്യാസം നല്‍കി. തുടര്‍ന്നുള്ള കാലം എം.എസ്.എഫ്.എസ് സഭ ചുമതലപ്പെടുത്തിയ എല്ലാ നിര്‍മ്മാണങ്ങള്‍ക്കും രൂപരേഖ തയ്യാറാക്കി നിര്‍മ്മാണ ചുമതല വഹിച്ചിരുന്നത് ബ്ര.ജേക്കബ് ആയിരുന്നു. ദീര്‍ഘകാലം സഭാ പ്രൊവിന്‍ഷ്യല്‍ കൗണ്‍സില്‍ അംഗമായിരുന്നു അദ്ദേഹം.

1987 ഏപ്രില്‍ 26ന് സില്‍വര്‍ ജൂബിലിയും 2012 ഏപ്രില്‍ 25ന് സുവര്‍ണ ജൂബിലിയും വിശാഖപട്ടണത്ത് ആഘോഷിച്ചു. തുടര്‍ന്ന് മാതൃദേവാലയമായ കോക്കമംഗലം മാര്‍തോമ്മാ ഇടവക സമൂഹവും അദ്ദേഹത്തെ ആദരിച്ചു. സഭയ്ക്ക് നല്‍കിയ സേവനങ്ങള്‍ക്ക് വലിയ ആദരമാണ് സഭ ഈ അവസരത്തില്‍ ബ്ര. ജേക്കബിനോട് പ്രകടിപ്പിച്ചത്. തന്റെ സേവനം ദൈവശുശ്രൂഷയുടെ ഭാഗമാണെന്ന് പൂര്‍ണ്ണമായും വിശ്വസിച്ചിരുന്ന ബ്ര.ജേക്കബ് ഒരിക്കലും പ്രശസ്തിയോ അംഗീകാരമോ ആഗ്രഹിച്ചിരുന്നില്ല. അനുമോദനത്തിനായി സമീപിച്ചവരെ അങ്ങേയറ്റം വിനയത്തോടെ തിരിച്ചയച്ച ചരിത്രമാണുള്ളത്.

കുറച്ചുകാലമായി ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമ ജീവിതത്തിലായിരുന്ന ബ്ര.ജേക്കബ് തിങ്കളാഴ്ച പുലര്‍ച്ചെ 2.30 ഓടെ സഭാ ആസ്ഥാനമായ വിശാഖപട്ടണം സ്‌റ്റെല്ലാ മാരീസില്‍ വച്ചാണ് വിടപറഞ്ഞത്. സംസ്‌കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ ഒമ്പതിന് സഭാ ആസ്ഥാനത്ത് വിശാഖപട്ടണം ആര്‍ച്ച്ബിഷപ് പ്രകാശ് മല്ലവരപ്പിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. അന്ന് രാവിലെ മാതൃദേവാലയത്തിലും പ്രത്യേക അനുസ്മരണ ശുശ്രൂഷ നടക്കും.

പരേതരായ ജോസഫ് വട്ടച്ചിറ, ജോണ്‍ വട്ടച്ചിറ, തോമസ് വട്ടച്ചിറ എന്നിവര്‍ സഹോദരങ്ങളാണ്. സി.റോണ്‍സി എഫ്.സി.സി സഹോദര പൗത്രിയുമാണ്.

Share this news

Leave a Reply

%d bloggers like this: